ഉപരോധം മാനുഷികതക്കെതിരായ കടന്നുകയറ്റം – ഖത്തർ അമീർ
text_fieldsദോഹ: ജൂൺ അഞ്ചിന് അയൽ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഖത്തറിനെതിരെ നടപ്പാക്കി ഇപ്പോഴും തുടരുന്ന ഉപരോധം തികഞ്ഞ അന്യായമാണെന്നും മാനുഷികതക്കെതിരായ കടന്നുകയറ്റമായി തന്നെ അതിനെ കണക്കാക്കണമെന്നും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. എന്നാൽ, പ്രതിസന്ധി പരിഹരിക്കാൻ പരമാധികാരം അടിയറ വെക്കാത്ത ഏത് ചർച്ചക്കും ഖത്തർ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധത്തിൽ കുലുങ്ങാതെ പിടിച്ചുനിൽക്കുന്ന ഖത്തർ ജനതയെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം.
ന്യൂയോർക്കിൽ നടക്കുന്ന െഎക്യരാഷ്ട്രസഭ പൊതുസഭയുടെ 72ാമത് സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. ഇന്നലെ തുടങ്ങിയ സെഷനിൽ 16ാമത്തെ രാഷ്ട്ര നേതാവായാണ് അമീർ സംസാരം തുടങ്ങിയത്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സമാധാനവും സുരക്ഷയും ഖത്തർ വിദേശനയത്തിെൻറ ആണിക്കല്ലാണെന്ന് വ്യക്തമാക്കി പ്രസംഗം ആരംഭിച്ച അമീർ യു.എൻ ചാർട്ടറും അന്താരാഷ്ട്ര ചട്ടങ്ങളും പാലിക്കാൻ എല്ലാ രാജ്യങ്ങളും തയാറാവണമെന്ന് ഉണർത്തി.
മ്യാന്മറിൽ റോഹിങ്ക്യൻ ന്യൂനപക്ഷത്തിനുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം നിയമ നടപടികൾ സ്വീകരിക്കുകയും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുകയും വേണം. റോഹിങ്ക്യൻ ജനതക്ക് സംരക്ഷണം, സ്വന്തംനാട്ടിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവർക്ക് തിരിച്ചെത്താനുള്ള അവകാശം, വംശഹത്യ തടയൽ, പൂർണ പൗരത്വം നൽകൽ, എല്ലാവിധ മാനുഷിക സഹായവും എത്തിക്കൽ തുടങ്ങിയവക്ക് പ്രാധാന്യം നൽകണം –അമീർ ആവശ്യപ്പെട്ടു.
മുമ്പ് ഇൗ വേദിയിൽ നിന്നപ്പോഴെല്ലാം ഉപരോധത്തിനും അതിക്രമത്തിനും വിധേയരാക്കപ്പെട്ടവർക്കുവേണ്ടിയാണ് ഞാൻ സംസാരിച്ചത്. ഇത്തവണ, ജൂൺ അഞ്ച് മുതൽ അന്യായമായ ഉപരോധത്തിന് വിധേയരാക്കപ്പെട്ട എെൻറ തന്നെ ജനതക്കുവേണ്ടിയാണ് സംസാരിക്കുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ അടിച്ചേൽപിച്ച ഉപരോധം ചതിയായിരുന്നു.
ജീവിതത്തിെൻറ എല്ലാഭാഗത്തെയും ബാധിക്കുന്ന രീതിയിലാണ് ഉപരോധ രാജ്യങ്ങൾ അത് നടപ്പാക്കിയത്. ഖത്തറിനെ മുട്ടുകുത്തിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഉപരോധം. കള്ളങ്ങളുടെ പരമ്പരയിലൂടെയാണ് ഇൗ രാജ്യങ്ങൾ ഇതിന് തുനിഞ്ഞത്. ഖത്തർ ന്യൂസ് ഏജൻസി ഹാക്ക് ചെയ്ത് എെൻറ പേരിൽ വ്യാജ വാർത്ത പടച്ചുണ്ടാക്കിയാണ് അതിന് തുടക്കമിട്ടത്. എല്ലാവിധ മൂല്യങ്ങളും ധാർമികതയും കാറ്റിൽ പറത്തിയുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തിയത്. സത്യത്തെ കള്ളം കൊണ്ട് മൂടാൻ ഇപ്പോഴും ഫണ്ട് ഒഴുകിക്കൊണ്ടിരിക്കുന്നു –അമീർ പറഞ്ഞു.
കള്ളത്തരങ്ങൾ വെളിച്ചത്തുവന്നിട്ടും ഉപരോധ രാജ്യങ്ങൾ ക്ഷമാപണം നടത്താനോ പിന്മാറാനോ തയാറായില്ല. ഒരു പരമാധികാര രാജ്യത്തിെനതിരെ അവരുടെ അധികാരത്തിൽ കൈകടത്തി ജനങ്ങളുടെ ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും തടസ്സപ്പെടുത്തുന്നത് ഭീകരതയുടെ നിർവചനത്തിൽ വരുന്നതല്ലേ? അമീർ ചോദിച്ചു. തങ്ങളുടെ രാജ്യത്തുള്ളവർ ഏതെങ്കിലും രീതിയിൽ ഖത്തറിനോട് അനുഭാവം പ്രകടിപ്പിച്ചാൽ അവരെ ശിക്ഷിക്കുന്നത് മനുഷ്യവകാശ ലംഘനമാണ് എന്നും അമീർ പറഞ്ഞു.
ഖത്തർ ജനത ഉപരോധത്തിന് കീഴടങ്ങാൻ തയാറല്ല. ദൃഢനിശ്ചയത്തോടെ പിടിച്ചുനിൽക്കുന്ന ജനതയെ അഭിനന്ദിക്കുന്നു. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ പരമാധികാരം അടിയറ വെക്കാത്ത ഏത് ചർച്ചക്കും തയാറാണ്. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ നടന്നുവരുന്ന മധ്യസ്ഥ ശ്രമങ്ങളുമായി തുടക്കം മുതൽ ഞങ്ങൾ സഹകരിക്കുന്നുണ്ട് –അമീർ പറഞ്ഞു. ഭീകരതക്കും തീവ്രവാദത്തിനും ഖത്തർ എന്നും എതിരാണെന്നും നാളിതുവരെയുള്ള ഖത്തറിെൻറ നിലപാടുകൾ അതിന് തെളിവാണെന്നും അമീർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ലോകരാജ്യങ്ങളോടൊപ്പം അണിനിരന്ന് ഏതറ്റം വരെ പോരാടാനും ഖത്തർ ഒരുക്കമാണെന്നും അമീർ പറഞ്ഞു.
ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേലിെൻറ അതിക്രമങ്ങളെയും കടന്നുകയറ്റത്തെയും അമീർ അപലപിച്ചു. സിറിയ, യമൻ, ലിബിയ വിഷയങ്ങളിലും എത്രയും വേഗം സമാധാനപരമായ പരിഹാരമുണ്ടാവണമെന്നും അമീർ അഭിപ്രായപ്പെട്ടു. ലോകത്ത് ശാന്തിയും സമാധാനവും നിലനിർത്താൻ െഎക്യരാഷ്ട്രസഭ നടത്തുന്ന ശ്രമങ്ങൾക്ക് ഖത്തറിെൻറ പൂർണ പിന്തുണ വാഗ്ദാനം ചെയ്താണ് അമീർ പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.