അമീറിന് ഊഷ്മള വരവേൽപ്പ്
text_fieldsദോഹ: ഏഷ്യൻ മേഖലയിലെ സൗഹൃദ രാജ്യങ്ങളായ ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ രാജ്യങ്ങളിലേക്കുള്ള അമീറിന്റെ പര്യടനത്തിന് തുടക്കമായി. വാണിജ്യ മേഖലയിലെ ശക്തമായ പങ്കാളികളും, ഖത്തറിലെ പ്രധാന പ്രവാസി സമൂഹവും എന്ന നിലയിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുടക്കം കുറിച്ചത്. ഞായറാഴ്ച രാവിലെ ഫിലിപ്പീൻസിലെ മനിലയിലെത്തിയ അമീറിനെ മഹർലിക പ്രസിഡൻഷ്യൽ വിമാനത്താളവത്തിൽ ഊർജ സെക്രട്ടറി റാഫേൽ പെർപ്യൂട്ട ലോടിലയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
മന്ത്രിമാർ, വിവിധ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉന്നത സംഘവും അമീറിനൊപ്പം വിദേശ പര്യടനത്തിലുണ്ട്. മൂന്നു രാജ്യങ്ങളിലും ഉഭയകക്ഷി സൗഹൃദം മെച്ചപ്പെടുത്തുന്നതിനൊപ്പം, വ്യാപാര-വാണിജ്യ മേഖലകളിലെ കരാറിലും ഒപ്പുവെക്കും. ഏഷ്യൻ രാജ്യങ്ങളുമായി വ്യാപാര മേഖലയിലെ വളർച്ചയിൽ നിർണായകമാവുന്നതാണ് അമീറിന്റെ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഖത്തറിനും മൂന്നു രാജ്യങ്ങൾക്കുമിടയിൽ 900 കോടി റിയാലിന്റെ വ്യാപാര ഇടപാടുകളാണ് നടന്നതെന്ന് ഖത്തർ ബിസിനസ് അസോസിയേഷൻ ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി ക്യു.എൻ.എക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രകൃതി വാതകം, ഇരുമ്പ്, അലൂമിനിയം മേഖലകളിലാണ് പ്രധാന കയറ്റുമതി. ഒപ്പം, രാജ്യങ്ങൾക്കിടയിലെ ടൂറിസം, വിമാനയാത്രാ മേഖലകളിലും കാര്യമായ പുരോഗതിയുണ്ടാകും. 2.70 ലക്ഷം ഫിലിപ്പിനോ പൗരന്മാർ ഖത്തറിൽ പ്രവാസികളായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. 4.20 ലക്ഷം ബംഗ്ലാദേശി പൗരന്മാരും, നാലു ലക്ഷത്തോളം നേപ്പാൾ പൗരന്മാരും ഖത്തറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.