സൗഹൃദം ശക്തമാക്കി അമീറിന്റെ സന്ദർശനം
text_fieldsദോഹ: ഖത്തറിലെ ശക്തരായ പ്രവാസി സമൂഹമായ ബംഗ്ലാദേശി പൗരന്മാരുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. അമീറിന്റെ ഏഷ്യൻ സന്ദർശനത്തിന്റെ മൂന്നാം ദിനത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയും പ്രസിഡന്റുമായി നടന്ന കൂടികാഴ്ചകൾക്കുശേഷം ‘എക്സ്’ പ്ലാറ്റ്ഫോമിലാണ് അമീർ ബംഗ്ലാ പ്രവാസികളെ പ്രശംസിച്ചത്. രാജ്യത്തിന്റെ വികസനത്തിലും നിർമാണത്തിലും അവർ ക്രിയാത്മകമായ പങ്കുവഹിക്കുന്നുവെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലെ വിവിധ മേഖലകളിലെ സഹകരണ, വികസനം സംബന്ധിച്ച് കരാറുകളിലും അമീറിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒപ്പുവെച്ചു. തിങ്കളാഴ്ച ധാക്കയിലെത്തിയ അമീറിനെ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് വരവേറ്റത്. തുടർന്ന്, പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി.
അമീറിന്റെ സന്ദർശനത്തിന്റെ ഓർമക്കായി ധാക്കയിൽ നിർമിച്ച പുതിയ പാർക്കിനും റോഡിനും അമീറിന്റെ പേരുനൽകി. ധാക്ക നോർത്ത് സിറ്റി കോർപറേഷന് കീഴിൽ മിർപൂരിലെ കൽഷിയിലാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. മിർപൂർ ഇ.സി.ബി ചത്താറിൽനിന്ന് കൽഷി ഫ്ലൈഓവർ വരെയുള്ള റോഡാണ് അമീറിന്റെ പേരിൽ നാമകരണം നിർവഹിക്കുന്നത്. ഇനി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി റോഡ്, പാർക്ക് എന്ന പേരിലാണ് ഇവ ഇനി അറിയപ്പെടുക. ബംഗ്ലാദേശ് നഗരങ്ങളും തെരുവുകളും അലങ്കരിച്ച് ഹൃദ്യമായ വരവേൽപാണ് ധാക്കയിൽ അമീറിന് ലഭിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അമീറിന്റെ സാന്നിധ്യത്തിൽ അഞ്ചോളം കരാറിലാണ് ഖത്തറും ബംഗ്ലാദേശും തമ്മിൽ ഒപ്പുവെച്ചത്. നിക്ഷേപ, ഊർജ, നയതന്ത്ര, വിദ്യഭ്യാസ മേഖലകളുമായി ബന്ധപ്പെട്ടാണ് കരാർ. തുടർന്ന് നേപ്പാളിലെത്തിയ അമീറിനെ കാഠ്മണ്ഠു വിമാനത്താവളത്തിൽ പ്രസിഡന്റ് റാം ചന്ദ്ര പൗഡലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സൈനിക പരേഡും ഗാർഡ് ഓഫ് ഹോണറും നൽകിയായിരുന്നു സ്വീകരണം. മൂന്നു രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയശേഷം ദോഹയിൽ മടങ്ങിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.