കോഴി മുതൽ കപ്പ വരെ, സീറോ ബജറ്റിലൊരു കാർഷിക വിപ്ലവം
text_fieldsദോഹ: വീട്ടിൽക്കയറി ചെല്ലുേമ്പാൾ പച്ചക്കറിയുടെ ഹരിതാഭ, വിളഞ്ഞു തൂങ്ങിയ പച്ചക്കറികൾ, കോഴിയുടെ ശബ്ദം... ഖത്തറിലെ മലയാളി നഴ്സ് ദമ്പതികളുടെ വീട്ടിലേക്ക് വരവേൽക്കുന്നത് ഇതൊക്കെയാണ്. ഖത്തറിൽ സർക്കാർ മേഖലയിൽ നഴ്സായ എറണാകുളം അങ്കമാലി കുറുമശ്ശേരിയിലെ പയ്യപ്പിള്ളി ഫോറസ് തോമസിെൻറയും ഭാര്യ സിനിയുടെയും അധ്വാനത്തിെൻറയും കാഴ്ചപ്പാടിെൻറയും ഫലമാണിത്.
പ്രവാസലോകത്ത് അടുക്കളത്തോട്ടമൊരുക്കുക എന്നത് പുതിയ കാര്യമല്ല. എന്നാൽ, പുറത്തുനിന്ന് സാധനങ്ങൾ അധികം വാങ്ങാതെയാണ് ഇവരുടെ കൃഷിവിപ്ലവം എന്നതാണ് സവിശേഷത. അതായത് ഖത്തറിലൊരു സീറോ ബജറ്റ് കൃഷി. ഒമ്പതുവർഷമായി ഇവർ ഖത്തർ പ്രവാസികളാണ്. ഫോറസ് ആഭ്യന്തരമന്ത്രാലയത്തിലും സിനി ഹമദ് ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്. ആദ്യം ഗറാഫയിലെ പാർട്ടീഷൻ വില്ലയിലായിരുന്നു താമസം. ചെറിയസൗകര്യമായിട്ടും നാലുവർഷം പലവിധകൃഷികൾ നടത്തി. തക്കാളി, പാവക്ക, മത്തങ്ങ തുടങ്ങിയവ തിങ്ങിവിളഞ്ഞു. വിളകളിൽ ചിലത് നാട്ടിലേക്കും കൊടുത്തുവിട്ടു. കൃഷി കൂടുതൽ നന്നാക്കണമെന്ന ലക്ഷ്യത്തോടെയാണ് അൽപം കൂടി സൗകര്യമുള്ള സ്ഥലത്തേക്ക് താമസം മാറ്റാൻ തീരുമാനിച്ചത്. ഒരു വർഷം മുമ്പ് ബിൻഉംറാനിലെ വില്ലയിലേക്ക് മാറി. പിറകിലും മുന്നിലുമായി മുറ്റം, അൽപം വലിയ ടെറസ് എന്നിവ ആയതോടെ കൃഷിയും വ്യാപിച്ചു.
വീട്ടിലെ മാലിന്യത്തിൽനിന്നാണ് കൃഷിക്ക് വേണ്ട സാധനങ്ങൾ ഒരുക്കുന്നത്. യോജിച്ച മണ്ണ് പുറത്തുനിന്ന് ശേഖരിക്കും. അതിൽ മണൽ, ആടിെൻറയും കോഴിയുടെയും കാഷ്ഠം, പച്ചക്കറി അവശിഷ്ടം എന്നിവ ഇടക്കിടെ ചേർക്കും. ഒരു വർഷത്തോളമെടുത്ത് മണ്ണ് കൃഷിക്ക് അനുയോജ്യമാക്കി മാറ്റും. യുട്യൂബിൽനിന്ന് ചെടിച്ചട്ടി ഉണ്ടാക്കുന്ന രീതി പഠിച്ച് ചട്ടികൾ സ്വന്തമായി സിമൻറ് കൊണ്ട് ഉണ്ടാക്കി. പ്ലാസ്റ്റിക് പാത്രങ്ങൾ, പെയിൻറ് ബക്കറ്റുകൾ, ഐസ്ക്രീം കപ്പുകൾ, ടിന്നുകൾ തുടങ്ങിയവയും ശേഖരിക്കും. സിനിയുടെ കൂട്ടുകാരും കൃഷിക്ക് കട്ടസപ്പോർട്ടാണ്. കൂടെ ജോലി ചെയ്യുന്നവർ അവരവരുടെ വീടുകളിൽനിന്നുള്ള ഇത്തരം സാധനങ്ങൾ ശേഖരിച്ച് നൽകുന്നു. ചട്ടികൾ തൂക്കാനുള്ള കയറടക്കം പുറത്തുനിന്ന് വാങ്ങില്ല. ഇരുമ്പുകമ്പികൾ, കയർ, ഹാർഡ്ബോർഡ്, പലക തുടങ്ങി വഴിയരികിൽ കാണുന്ന വസ്തുക്കൾ വാഹനത്തിൽ ശേഖരിച്ചുകൊണ്ടുവരും. പാത്രങ്ങൾ പെയിൻറ് ചെയ്ത് മനോഹരമാക്കിയപ്പോൾ പല വർണങ്ങളിലും ഡിസൈനിലുമുള്ള നിരവധി ചെടിച്ചട്ടികൾ റെഡി. മുൻവർഷങ്ങളിലെ കൃഷികളിൽനിന്നുള്ളതും നാട്ടിൽനിന്നുകൊണ്ടുവരുന്നതുമായ വിത്തുകളും തൈകളുമാണ് ഉപയോഗിക്കുന്നത്. ചിലത് ദോഹയിൽനിന്ന് വാങ്ങും. വിവിധ ഫാമുകളിൽനിന്ന് ആട്ടിൻകാഷ്ഠം കൊണ്ടുവരും.
വീട്ടിലേക്ക് കയറിച്ചെല്ലുേമ്പാൾ തന്നെ പച്ചപ്പ് നിറഞ്ഞുനിൽക്കുന്നു. വലിയൊരു കോഴിക്കൂടിൽ നിറയെ കോഴികൾ. 20തിലധികം കോഴികളെയാണ് വളർത്തുന്നത്. മിക്കതും മുട്ടയിടുന്നവ. പാവക്ക, പടവലം, അമരപ്പയർ, വഴുതന, പടവലം, തക്കാളി, വേപ്പില, പുതിന, ഉരുളക്കിഴങ്ങ്, വഴുതനങ്ങ, ചീര തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. വാഴ, കപ്പ, പപ്പായ എന്നിവയുമുണ്ട്.
മലയാളികളടക്കം നിരവധി പേർ ഇവരുടെ കൃഷിയിടം സന്ദർശിക്കാനെത്തുന്നു. പലരും മക്കളുമായി വന്ന് കൃഷിയുടെ പ്രാധാന്യം തൊട്ടുമനസ്സിലാക്കിക്കൊടുക്കുന്നു. സുഹൃത്തുക്കൾക്കും അയൽവാസികൾക്കുമൊക്കെ പച്ചക്കറികൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.