ഓമനകൾക്ക് കൂടൊരുക്കി ഖത്തർ എയർവേസ്
text_fieldsദോഹ: യാത്രക്കാർക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങളുമായി ലോകത്തെ ഒന്നാം നമ്പർ എയർലൈൻസും വിമാനത്താവളവുമായി മാറിയ ഖത്തർ എയർവേസിനെയും ഹമദ് വിമാനത്താവളത്തിനെയും തേടി മറ്റൊരു നേട്ടം കൂടി എത്തുന്നു. മനുഷ്യ യാത്രികരെ പോലെ, വളർത്തു മൃഗങ്ങളായ യാത്രികർക്കും ഇനി ദോഹയിൽ വി.ഐ.പി സൗകര്യങ്ങളോടെ വിശ്രമിക്കാം. ഖത്തർ എയർവേസ് കാർഗോയാണ് ലോകത്തെ ഏറ്റവും വലിയ അനിമൽ സെൻറർ ഹമദ് വിമാനത്താവളത്തോട് ചേർന്ന് നിർമിച്ച് റെക്കോഡിട്ടത്. 5260 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വളർത്തുമൃഗ കേന്ദ്രത്തിൽ ഓരേ സമയം 140 നായ്കൾ, 40ലേറെ പൂച്ച, 24 കുതിരകൾ എന്നിവക്ക് കൂടുകൾ സജ്ജമാണ്. ലോകത്തിലെ മുൻനിര കാർഗോ വിമാന സർവിസായ ഖത്തർ എയർവേസ് കാർഗോ, വളർത്തുമൃഗങ്ങൾക്കുള്ള യാത്രയിലും മുൻനിരയിൽ തന്നെയാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തിക്കുേമ്പാൾ ആവശ്യമായ വിശ്രമവും ഇടവേളയും നൽകുന്നതിന് സുരക്ഷിതമായ ഇടം എന്ന നിലയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ അനിമൽ സെൻറർ സ്ഥാപിച്ചത്.
നാലര വർഷത്തോളം നീണ്ട ആസൂത്രണത്തിനും നിർമാണ പ്രവർത്തനങ്ങൾക്കുമൊടുവിലാണ് കേന്ദ്രം തുറന്നത്. താമസിക്കുന്ന മൃഗങ്ങൾക്ക് മുഴുസമയവും പരിചരണത്തിനും സൗകര്യങ്ങളുണ്ട്. ‘ഞങ്ങൾക്ക് പഞ്ചനക്ഷത്ര സൗകര്യമുള്ള എയർലൈനുണ്ട്. അതേ നിലവാരത്തിൽ ഒരു വിമാനത്താവളവും. ഇപ്പോൾ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ വളർത്തു മൃഗങ്ങൾക്കുള്ള കൂടുമായി. നിങ്ങളുടെ ഓമന മൃഗങ്ങളുടെ യാത്ര കൂടുതൽ സുരക്ഷിതമായി മാറുമെന്ന് ഉറപ്പുണ്ട്’ -ഖത്തർ എയർവേസ് കാർഗോ ചീഫ് ഓഫിസർ മാർക് ഡ്രുഷ് പ്രാദേശിക പത്രമായ ‘ദി പെനിൻസുല’യോട് പറഞ്ഞു. വിമാനത്താവളത്തിലെ നാലു സോണുകളിലായാണ് 140 നായ് കൂടുകളും 24കുതിര ലായങ്ങളും പൂച്ചകൾക്കുള്ള സൗകര്യങ്ങളുമായി അനിമൽ സെൻറർ നിർമിച്ചത്. വായുസഞ്ചാരം ഉറപ്പാക്കിയും, പുറത്തെ അതി ശൈത്യമോ, കഠിനമായ ചൂടോ ബാധിക്കാത്തവിധം ഏത് കാലാവസ്ഥക്കും അനുയോജ്യ സൗകര്യത്തോടെയാണ് സെൻറർ നിർമിച്ചത്. തീരെ ചെറിയ കുഞ്ഞുങ്ങൾ മുതൽ വിവിധ ജീവി വർഗങ്ങളെയും സംരക്ഷിക്കാനുള്ള സൗകര്യങ്ങളുണ്ട്. അന്താരാഷ്ട്ര വ്യോമ ഗതാഗത മേഖലയിലെ 2022ലെ കണക്കുപ്രകാരം ലോകത്തെ മൃഗങ്ങളുടെ സഞ്ചാരത്തിൽ ഒമ്പത് ശതമാനവും ഖത്തർ എയർവേസ് കാർഗോ വഴിയാണ്. സീവ് ലൈവ് അനിമൽ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ലോകത്തെ നാലാമത്തെയും മിഡിലീസ്റ്റിലെ ആദ്യത്തെയും വിമാന കമ്പനിയും ഖത്തർ എയർവേസായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.