നിരാശപ്പെടുത്തി അന്നാബി
text_fieldsദോഹ: ഗാലറി നിറഞ്ഞ നാട്ടുകാരെ നിരാശപ്പെടുത്തി ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ ഖത്തറിന് തോൽവി. അയൽക്കാരായ യു.എ.ഇയാണ് കളിയുടെ രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളുമായി ഏഷ്യൻ ചാമ്പ്യന്മാരെ 3-1ന് തോൽപിച്ചത്. ആദ്യപകുതിയിൽ ഇബ്രാഹിം അൽ ഹസൻ നേടിയ ഗോളിലൂടെ ഖത്തറാണ് ലീഡ് നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ വർധിത ആവേശത്തോടെ കളിച്ച ഇമാറാത്തികൾ മൂന്ന് തുടരൻ ഗോളുകളുമായി കളി പിടിച്ചു.
68ാം മിനിറ്റിൽ ഹാരിബ് സുഹൈലിലൂടെയായിരുന്നു തുടക്കം. പിന്നാലെ, ഖാലിദ് അൽ ദഹ്നാനിയും (80ാം മിനിറ്റ്), അലി സാലിഹും (94) യു.എ.ഇക്ക് തകർപ്പൻ വിജയമൊരുക്കി. ഒരു ഗോളടിക്കുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത മധ്യനിര താരം ഹാരിബ് സുഹൈലിന്റെ മിന്നും പ്രകടനം യു.എ.ഇക്ക് കരുത്തായി.
അതേസമയം, ആദ്യ പകുതിയിൽ മികച്ച നീക്കങ്ങളും പന്തടക്കവുമായി കളം വാണ ഖത്തറിന് രണ്ടാം പകുതിയിൽ വീണ പിഴവുകൾ തിരിച്ചടിയാവുകയായിരുന്നു. ആദ്യ 45 മിനിറ്റിൽ ഒരു തവണ പോലും ഷോട്ട് ചെയ്യാൻ കഴിയാതെ പോയ ഇമാറാത്തികൾ, രണ്ടാം പകുതിയിൽ ഏഴു ഷോട്ടുകളാണ് ഉതിർത്തത്.
കളിയുടെ 38ാം മിനിറ്റിൽ അക്രം അഫീഫ് ബോക്സിലേക്ക് നൽകിയ തകർപ്പൻ ക്രോസിൽ നിന്നായിരുന്നു ഖത്തറിന്റെ ഇബ്രാഹിം അൽ ഹസൻ ഗോൾ നേടിയത്. അൽ മുഈസ് അലിക്ക് അവസരങ്ങളെ ഗോളാക്കിമാറ്റാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.