പകർച്ചപ്പനി തടയാൻ പ്രതിവർഷ വാക്സിനേഷൻ നിർണായകമായി
text_fieldsദോഹ: ഖത്തറിൽ പകർച്ചപ്പനിയെ പ്രതിരോധിക്കുന്നതിൽ എല്ലാ വർഷവും നൽകിവരുന്ന ഫ്ളൂ വാക്സിൻ വലിയ പങ്ക് വഹിക്കുന്നതായി പഠനം. നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിൽ
ഫിഫ ലോകകപ്പ് ടൂർണമെൻറ് വേളയിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വാക്സിനേഷൻ വലിയ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പഠന
റിപ്പോർട്ടിൽ വിലയിരുത്തുന്നു. എല്ലാ വർഷവും വാക്സിനിൽ വരുത്തുന്ന മാറ്റം പകർച്ചപ്പനി പരത്തുന്ന വൈറസിന്‍റെ പുതിയ വകഭേദങ്ങളെ നിയന്ത്രിക്കുന്നതിലും നിർണായക ഘടകമാകുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ക്യുസയൻസ് പോർട്ടലിലാണ് സീസണൽ ഇൻഫ്ളുവൻസയും വാക്സിനും സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഖത്തറിൽ പൊതുവായി കണ്ടുവരുന്ന പകർച്ചപ്പനിയെയും മറ്റും നിയന്ത്രിക്കുന്നതിൽ വർഷം തോറുമുള്ള വാക്സിൻ വഹിക്കുന്ന പങ്ക് പഠനത്തിൽ വിശദമാക്കുന്നുണ്ട്. പഠനപ്രകാരം 2018–2019 സീസണിൽ രാജ്യത്തെ പി.എച്ച്.സി.സി ഹെൽത്ത് സെൻററുകളിൽ നിന്നും 42,476 പേർ വാക്സിൻ സ്വീകരിച്ചതായും 998 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ചൂണ്ടിക്കാട്ടുന്നു. മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവരിൽ 52.3 ശതമാനം ആളുകൾക്കും ഈ സീസണിൽ വാക്സിൻ നൽകിയതായും വ്യക്തമാക്കി.
ഇൻഫ്ളുവൻസ സ്ഥിരീകരിച്ച കേസുകളിൽ 87 ശതമാനവും വാക്സിൻ സ്വീകരിക്കാത്തവരാണെന്നും വാക്സിൻ സ്വീകരിച്ച 69 ശതമാനം ആളുകളിലും നെഗറ്റീവ് കണ്ടെത്തിയതായും പറയുന്നു. പകർച്ചപ്പനിക്ക് കാരണമാവുന്ന എ,ബി,സി,ഡി എന്നിങ്ങനെ നാല് തരം വൈറസാണ് നിലവിലുള്ളത്. ഇതിൽ എ,ബി വൈറസുകൾ ലോകത്തിന്‍റെ എല്ലാ ഭാഗത്തും പകർച്ചവ്യാധിയായി കാണപ്പെടുന്നുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ ലോകകപ്പിന് തയ്യാറെടുക്കുന്ന ഖത്തറിന് ഇൻഫ്ളുവൻസ പ്രതിരോധിക്കുന്നതിൽ വാക്സിൻ നിർണായക ഘടകമായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് പ്രധാനമായും ഇൻഫ്ളുവൻസ വൈറസിന്‍റെ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നത്. ആറ് മാസത്തിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് നിർദേശം നൽകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.