ഖത്തറിലേക്ക് വീണ്ടും കളിയുത്സവം
text_fieldsദോഹ: കാൽപ്പന്തുമേളയുടെ തീരാ ഉത്സവവേദിയായി തുടരുകയാണ് ഖത്തർ. ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും പെയ്തൊഴിഞ്ഞ വേദികളെ തേടി ഫിഫ അണ്ടർ 17 ലോകകപ്പുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ, അറബ് മേഖലയുടെ കളിയുത്സവമായി ഫിഫ അറബ് കപ്പും ഖത്തറിലേക്കുതന്നെ. 2025, 2029, 2033 സീസണുകളിലെ ഫിഫ അറബ് കപ്പിന് ഖത്തർ വേദിയാകുമെന്ന് ഫിഫ അറിയിച്ചു.
ബുധനാഴ്ച തായ്ലൻഡിലെ ബാങ്കോക്കിൽ ചേർന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് അടുത്ത മൂന്നു സീസണുകളിലെ ചാമ്പ്യൻഷിപ്പ് വേദിയായി തെരഞ്ഞെടുത്തത്. 2022 ലെ ഫിഫ ലോകകപ്പിന്റെ തയാറെടുപ്പെന്ന നിലയിൽ 2021ൽ ഖത്തർ വേദിയായ ഫിഫ അറബ് കപ്പ് വൻ വിജയമായി നടത്തിയതിന്റെ അടിസ്ഥാനത്തിൽ ടൂർണമെന്റ് തുടരണമെന്ന ഖത്തർ ഫുട്ബാൾ അസോസിയേഷൻ അപേക്ഷ അംഗീകരിക്കുകയും, വരുന്ന മൂന്ന് സീസണിലെയും വേദിയായി ഖത്തറിനെ തിരഞ്ഞെടുക്കുകയുമാണെന്ന് ഫിഫ കൗൺസിൽ അറിയിച്ചു. എല്ലാ വർഷങ്ങളിലും ഡിസംബറിലായിരിക്കും ടൂർണമെന്റ് നടക്കുന്നത്. 2021ൽ നവംബർ -ഡിസംബർ മാസങ്ങളിലായിരുന്നു അറബ് രാജ്യങ്ങളുടെ മേളയായ ഫുട്ബാൾ ടൂർണമെന്റ് നടന്നത്.
1963ൽ ആരംഭിച്ച അറബ് കപ്പ് വിവിധ കാലങ്ങളിലായി മുടങ്ങിയും പുനരാരംഭിച്ചും മുന്നോട്ട് പോകുന്നതിനിടെയാണ് 2021ൽ ഖത്തർ ആതിഥേയത്വം ഏറ്റെടുക്കുന്നത്. 2002ൽ കുവൈത്തിലും 2012ൽ സൗദിയിലും നടന്ന ശേഷം അനിശ്ചിതമായി മുടങ്ങി. തുടർന്ന് ഫിഫയുമായി സഹകരിച്ച് ഖത്തർ ഏറ്റെടുത്തതോടെ അറബ് മേഖലയുടെ ചാമ്പ്യൻഷിപ്പിൽ നിന്നും മേഖലയുടെ കളിയുത്സവമായി മാറി. ലോകകപ്പിനായി തയാറാക്കിയ വേദികളിൽ നടന്ന മത്സരത്തിൽ രണ്ട് വൻകരകളിൽ നിന്നുള്ള 16 ടീമുകളാണ് മാറ്റുരച്ചത്. ഫൈനലിൽ തുനീഷ്യയെ തോൽപിച്ച് അൽജീരിയ കിരീടം ചൂടി. ആതിഥേയരായ ഖത്തർ മൂന്നാം സ്ഥാനത്തായിരുന്നു.
ടൂർണമെന്റിലെ വമ്പിച്ച ആരാധക പങ്കാളിത്തമാണ് ഫിഫ അറബ് കപ്പിനെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കിയത്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 60,000ത്തിലേറെ പേർ കാണികളായെത്തി. ശരാശരി ഓരോ മത്സരത്തിനും 30,000ത്തിന് മുകളിലായിരുന്നു കാണികളുടെ പങ്കാളിത്തം
കൗമാര ലോകകപ്പും അറബ് കപ്പും
രണ്ട് ഫിഫ ടൂർണമെന്റുകളാണ് വരുംവർഷം മുതൽ ഖത്തർ വേദിയാകുന്നത്. അണ്ടർ 17 ലോകകപ്പിന് 2025 മുതൽ 2029 വരെ തുടർച്ചയായി അഞ്ചു വർഷങ്ങളിൽ ഖത്തറിനെ വേദിയായി തെരഞ്ഞെടുത്തിരുന്നു. ഇതാദ്യമായാണ് അണ്ടർ 17 ലോകകപ്പിന് സ്ഥിരം വേദി നിശ്ചയിക്കുന്നത്. 48 ടീമുകൾ മാറ്റുരക്കും.
നാലുവർഷത്തിലൊരിക്കൽ എന്ന നിലയിൽ നടത്താൻ തീരുമാനിച്ച ഫിഫ അറബ് കപ്പ് കൂടിയായതോടെ ഖത്തറിലെ ലോകകപ്പ് വേദികൾ സജീവമാവുകയായി. ഈ വർഷം ജനുവരി-ഫെബ്രുവരിയിൽ ഏഷ്യൻ കപ്പിനും ഏപ്രിൽ-മേയ് മാസങ്ങളിൽ അണ്ടർ 23 ഏഷ്യൻ കപ്പിനും ഖത്തർ വിജയകരമായി വേദിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.