ആന്റണി ബ്ലിങ്കൻ ദോഹയിൽ; മാനുഷിക ഇടനാഴി തുറക്കണമെന്ന്-ഖത്തർ
text_fieldsദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്നതിനിടെ സമാധാന ശ്രമങ്ങൾക്കും ബന്ദിമോചനത്തിനുമുള്ള വഴിതേടി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തറിൽ. വ്യാഴാഴ്ച ഇസ്രായേൽ സന്ദർശിച്ചശേഷം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായാണ് ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ഉച്ചയോടെ ദോഹയിലെത്തിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗസ്സയും ഇസ്രായേലും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിലെ മറ്റു മേഖലകളിലേക്ക് വ്യാപിക്കരുതെന്നും ഗസ്സയിലേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ജീവൻരക്ഷ ദൗത്യത്തിനുമായി മാനുഷിക ഇടനാഴി അടിയന്തരമായി തുറക്കണമെന്നും അമീർ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
സിവിലിയൻമാരെ ഉന്നംവെച്ചുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും ഇത്തരം സംഭവങ്ങൾ തടയണമെന്നും നിർദേശിച്ചു. തുടർന്നു നടന്ന വാർത്ത സമ്മേളനത്തിൽ ഗസ്സയിൽ വെടിനിർത്തലിനും സമാധാനം പുനഃസ്ഥാപിക്കാനും ശ്രമിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. പശ്ചിമേഷ്യ സംഘർഷത്തിൽ നയതന്ത്രപരമായ പരിഹാരമാണ് ആവശ്യമെന്നും ഇപ്പോൾ അടിയന്തരമായി വെടിനിർത്തലും ബന്ദികളുടെ സുരക്ഷിതമായ മോചനവുമാണ് ഖത്തറിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായവും മരുന്നും എത്തിക്കുന്നതിന് അടിസ്ഥാന മാനുഷിക ഇടനാഴി ഉറപ്പാക്കണം.
യുദ്ധത്തിന് വ്യാപ്തി കൂടിയാൽ മേഖലയിൽതന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. സംഘർഷം കുറക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുമായി ചർച്ച തുടരും’ -ആന്റണി ബ്ലിങ്കനൊപ്പം നടന്ന വാർത്ത സമ്മേളനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഈസ്റ്റ് ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമാക്കുകയാണ് പശ്ചിമേഷ്യയിലെ പ്രശ്നങ്ങളുടെ ശാശ്വത പരിഹാരമെന്നും അദ്ദേഹം വിശദീകരിച്ചു. ‘സാധാരണക്കാർക്കും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികൾക്കും എതിരായ ആക്രമണങ്ങൾ ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നതല്ല.
ഗസ്സയിലെ സ്ഥിതിഗതികൾ ദുരന്തസമാനമാണ്’ -അദ്ദേഹം പറഞ്ഞു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായെന്ന് ബ്ലിങ്കൻ പ്രതികരിച്ചു. ഹമാസിനെ എല്ലാ രാജ്യങ്ങളും തള്ളിപ്പറയണമെന്നും ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനും പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനും അവകാശമുണ്ടെന്നും ബ്ലിങ്കൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. വ്യാഴാഴ്ച ഇസ്രായേലിലും തുടർന്ന് അമ്മാനിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തിയാണ് ബ്ലിങ്കൻ ഖത്തറിലെത്തിയത്. രണ്ടു ദിവസത്തിനുള്ളിലായി ബഹ്റൈൻ, സൗദി, യു.എ.ഇ, ഈജിപ്ത് എന്നിവിടങ്ങളിലെത്തി രാഷ്ട്രനേതാക്കളുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.