50ന് താഴെ പ്രായക്കാർക്ക് ആന്റിജൻ ടെസ്റ്റ് മതി
text_fieldsദോഹ: രോഗവ്യാപനം കൂടുന്നതിനിടെ ഖത്തറിൽ പുതിയ കോവിഡ് പരിശോധന നയത്തിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. രോഗവ്യാപനം കൂടുകയും, ആർ.ടി.പി.സി.ആർ പരിശോധനക്ക് തിരക്കേറുകയും ചെയ്തതോടെയാണ് അതിവേഗത്തിൽ ഫലം ലഭിക്കുന്ന റാപിഡ് ആന്റിജൻ ടെസ്റ്റിന് പൊതു-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയത്. പുതിയ നിർദേശ പ്രകാരം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന 50 വയസ്സിന് താഴെയുള്ളവർക്കും, കോവിഡ് പോസിറ്റിവായവരുമായി നേരിട്ട് സമ്പർക്കമുള്ള ഇതേ പ്രായവിഭാഗത്തിനും വിദേശങ്ങളിൽ നിന്നെത്തിയവർക്കും റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയാൽ മതിയാവും.
റാപിഡ് ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റിവ് ആയ ആളുകള്‍ പി.സി.ആര് ടെസ്റ്റ് നടത്തേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, 50ന് മുകളിലുള്ള വിഭാഗങ്ങൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും, രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവരും ആർ.ടി.പി.സി.ആറിലൂടെ രോഗ നിർണയം നടത്താനാണ് നിർദേശം. പുതിയ നയം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായും, രാജ്യത്തെ ജനങ്ങൾക്ക് എളുപ്പത്തിൽ തന്നെ കോവിഡ് തിരിച്ചറിയാനും വേണ്ട മുൻകരുതൽ സ്വീകരിക്കാനുമാണ് നയത്തിലെ ഭേദഗതി.
കോവിഡിനെ കണ്ടെത്തുന്നതിന് ഏറ്റവും വേഗത്തിലും കൃത്യതയാർന്നതുമായ പരിശോധന സംവിധാനം കൂടിയാണ് ആന്റിജൻ. ബുധനാഴ്ച മുതൽ രാജ്യത്തെ പി.ച്ച്.സികളിൽ ആന്റിജൻ പരിശോധന നടത്തുന്നവർക്ക് രണ്ട് മണിക്കൂറിനുള്ളിൽ ഫലം എസ്.എം.എസിലൂടെ ലഭിക്കും. നാല് മണിക്കൂറിനുള്ളിൽ ഇഹ്തിറാസിലും അപ്ഡേറ്റാവും. സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളില്‍ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളുടെ ഫലങ്ങള്‍ 2022 ജനുവരി 10 തിങ്കളാഴ്ച മുതല്‍ ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ ലഭിച്ചുതുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരോ, രണ്ടാം ഡോസ് എടുത്ത് നാല് മാസം തികയാത്തവരോ ആയ 50 വയസ്സിന് താഴെയുള്ളവർ രോഗമുള്ളവരുമായി സമ്പർക്കമുണ്ടായാലും ലക്ഷണമില്ലെങ്കിൽ ആന്റിജൻ ടെസ്റ്റ് എടുക്കൽ നിർബന്ധമില്ല. അതേസമയം, ഈ വിഭാഗക്കാർ കോവിഡ് കരുതലുകൾ പാലിക്കണം. എന്നാൽ, ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരോ, രണ്ടാം ഡോസ് എടുത്ത് നാല് മാസം കഴിഞ്ഞവരോ സമ്പർക്കപ്പട്ടികയിലുള്ളവരാണെങ്കിൽ പരിശോധനക്ക് വിധേയരാവണം. 50ന് മുകളിലുള്ളവരാണെങ്കിൽ ആർ.ടി.പി.സി.ആറും, താഴെ പ്രായമുള്ളവർ ആന്റിജൻ പരിശോധനയുമാണ് നടത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.