വളണ്ടിയർ സ്പീക്ക്: അനുപംഖേർ, വിദേശ സൗഹൃദങ്ങൾ...
text_fieldsകഴിഞ്ഞ 10വർഷമായി ഖത്തറിെൻറ എല്ലാ കലാ-കായിക പരിപാടികളുടെയും സന്നദ്ധ സേവനത്തിൽ ഒരാളായി പെരിന്തൽമണ്ണ ശാന്തപുരം സ്വദേശി എം.ടി യാസിറുണ്ട്. 2006ലായിരുന്നു ജോലിതേടി ഖത്തറിലെത്തുന്നത്. ഏഷ്യൻ ഗെയിംസിനുള്ള ഒരുക്കത്തിനിടെയായിരുന്നു ഈ മണ്ണിലേക്കുള്ള വരവ്. വൻകരയുടെ ആ മേളയിൽ കാണികളിൽ ഒരാളായി പലതവണ ഗാലറിയിലെത്തി. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലും വഴികളിലും ഗാലറികളിലും നിറഞ്ഞുനിന്ന വളൻറിയർമാരുടെ ജോലികൾ അന്നേ ആകർഷിച്ചിരുന്നു.
ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് 2010ൽ ദോഹ ആസ്പയറിൽ നടന്ന ഐ.എ.എ.എഫ് വേൾഡ് ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലായിരുന്നു. അന്ന് സ്റ്റേഡിയത്തിനുള്ളിൽ കാണികൾക്കുള്ള സഹായിയായി വളൻറിയർ കുപ്പായമണിഞ്ഞു. തുടർന്ന്, 2012ൽ അജ്യാൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായപ്പോൾ അതിെൻറയും ഭാഗമായി. സൂഖ് വാഖിഫിൽ നടന്ന ഫെസ്റ്റിവലിനിടെയായിരുന്നു ബോളിവുഡ് ഇതിഹാസം അനുപംഖേറിനെ നേരിട്ട് കാണുന്നതും സംസാരിക്കുന്നതും. ജോലിയെകുറിച്ചും വളൻറിയർ ദൗത്യത്തെ കുറിച്ചുമെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞത് ഇന്നും ഓർമയിലുണ്ട്. തുടർന്ന് എല്ലാ അജ്യാൽ ഫെസ്റ്റിലും വളൻറിയറായി സേവനം ചെയ്യുന്നു. ഒരു പാട് രാജ്യങ്ങളിൽനിന്നുള്ള സിനിമ പ്രവർത്തകരെ കാണാനും പരിചയപ്പെടാനും ഇതിനിടയിൽ കഴിഞ്ഞു.
ഫിഫ ക്ലബ് വേൾഡ് കപ്പ്, അമീർ കപ്പ്, ഗൾഫ് കപ്പ്, ഖത്തർ ഓപൺ ടെന്നീസ് ടൂർണമെൻറ് എന്നിവയിൽ തുടങ്ങി ഇപ്പോൾ ഫിഫ അറബ് കപ്പിൽ വരെ എത്തി.
ഫിഫയും സുപ്രീംകമ്മിറ്റിയും നൽകുന്ന വളൻറിയർ പരിശലീനം വ്യക്തിപരമായും കരിയറിലും ഏറെ ഉപകാരപ്പെടുന്നതാണ്. കഴിഞ്ഞ 11 വർഷത്തിലേറെയായുള്ള സേവനങ്ങളിലൂടെ വിവിധ രാജ്യക്കാരായ സുഹൃത്തുക്കളെ കണ്ടെത്താനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. വിവിധ മേളകളിൽ വളൻറിയർ സേവനം ചെയ്ത മലയാളികളുടെ വാട്സ്ആപ് കൂട്ടായ്മയായ ഖത്തർ മല്ലുവളൻറിയേഴ്സും ശ്രദ്ധേയമാണ്. ഒാരോ ഇവൻറ് കഴിയുമ്പോളും കിട്ടുന്ന സർട്ടിഫിക്കറ്റും അക്രഡിറ്റേഷനും ഒരു നിധിപോലെ കാത്തു സൂഷിക്കുന്നുണ്ട്. അൽ റയ്യാൻ ബാങ്കിലെ ജോലിത്തിരക്കിനിടയിലാണ് ഓരോ മേളകളിലും വളൻറിയർ കുപ്പായമണിയാനെത്തുന്നത്.
വളണ്ടിയർ അനുഭവങ്ങൾ 'ഗൾഫ് മാധ്യമ'ത്തിലൂടെ വായനക്കാരുമായി പങ്കുവെക്കാം. വാട്സാപ്പ് 55284913/ ഇ-മെയിൽ qatar@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.