ആശയമുണ്ടോ...അവസരവുമായി ക്യു.ആർ.ഡി.ഐയും മതാറും വിളിക്കുന്നു
text_fieldsദോഹ: നിർമിതബുദ്ധിയുടെ കൂടി സഹായത്തോടെ വിമാനത്താവളത്തിലെ ഡിജിറ്റൽ സൈൻ പോസ്റ്റുകളും ഉപഭോക്തൃ സേവനവും അതിനൂതനമാക്കി പരിഷ്കരിക്കാൻ ആശയമുണ്ടോ...? അങ്ങനെ സാങ്കേതിക വൈദഗ്ധ്യവും ആശയവുമുള്ള സ്റ്റാർട്ടപ്പുകൾ, ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ (എസ്.എം.ഇ), കോർപറേറ്റ്സ് എന്നിവർക്ക് അവസരം നൽകി സ്വാഗതം ചെയ്യുകയാണ് ഖത്തർ റിസർച് ഡെവലപ്മെന്റ് ഇന്നവേഷൻ (ക്യു.ആർ.ഡി.ഐ) കൗൺസിലും എയർപോർട്ട് ഓപറേഷൻ മാനേജ്മെന്റ് കമ്പനിയായ മതാറും.
ഇരുവരും സംയുക്തമായി നടപ്പാക്കുന്ന ഖത്തർ ഓപൺ ഇന്നവേഷൻ (ക്യു.ഒ.ഐ) വഴി രാജ്യത്തെ സാങ്കേതിക വൈദഗ്ധ്യമുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
മതാറിന്റെ നിർമിതബുദ്ധി സാങ്കേതികവിദ്യയുമായി യോജിപ്പിക്കാൻ കഴിയുന്ന ഇന്ററാക്ടിവ് ഡിജിറ്റൽ സൈൻപോസ്റ്റ് സാങ്കേതികവിദ്യകളിലാണ് അവസരം സൃഷ്ടിച്ചിരിക്കുന്നത്. യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ വഴികാണിക്കുന്നതും വിവരങ്ങൾ കൈമാറുന്നതും മുതൽ നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഡിജിറ്റൽ സൈൻ പോസ്റ്റാണ് ഡിസൈൻ ചെയ്യേണ്ടത്.
2024 ഒക്ടോബർ രണ്ടുവരെ ബന്ധപ്പെട്ടവർക്ക് തങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കാം. വിദഗ്ധസമിതി അനുയോജ്യ പദ്ധതികൾ തിരഞ്ഞെടുക്കും. പ്രായോഗികതയും സർഗാത്മകതയും, വിമാനത്താവളത്തിൽ നടപ്പാക്കുന്നതു മൂലം യാത്രക്കാർക്ക് എത്രമാത്രം മികച്ച അനുഭവം നൽകും എന്നതിന്റെഅടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രാദേശിക സ്ട്രാറ്റജിക്കൽ സ്ഥാപനങ്ങളെ സാങ്കേതിക വിദഗ്ധരുമായി ബന്ധിപ്പിച്ച് രാജ്യത്തുടനീളം നവീകരണവും പുതുമയും പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്യു.ആർ.ഡി.ഐ കൗൺസിൽ എന്റർപ്രൈസ് ഇന്നവേഷൻ പ്രോഗ്രാം ഡയറക്ടർ ഓസ്കാർ ബരാങ്കോ ലീബാന പറഞ്ഞു.
യാത്രക്കാരുടെ വിമാനത്താവള അനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന അത്യാധുനിക പരിഹാരങ്ങൾ വിലയിരുത്തുകയും ഗവേഷണം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുകയാണ് മതാറിന്റെ ലക്ഷ്യമെന്ന് ടെക്നോളജി, ഇന്നവേഷൻ സീനിയർ വൈസ് പ്രസിഡന്റ് സുഹൈൽ കദ്രി പറഞ്ഞു.
സ്റ്റാർട്ടപ്പുകൾക്കും ഇന്നവേറ്റേഴ്സിനും വേണ്ടിയുള്ള ക്യു.ആർ.ഡി.ഐക്കു കീഴിലെ പ്രാഥമിക പ്ലാറ്റ്ഫോമാണ് ഖത്തർ ഓപൺ ഇന്നവേഷൻ പ്രോഗ്രാം. ഊർജ, ആരോഗ്യ, സാമൂഹിക, ഡിജിറ്റൽ ടെക്നോളജി ഉൾപ്പെടെ വിവിധ മേഖലകളിലെ സർക്കാർ, കോർപറേറ്റുകൾക്ക് ആവശ്യമായ നൂതന സംവിധാനങ്ങൾക്ക് പരിഹാരമൊരുക്കാൻ അവസരം നൽകുകയാണ് ഇതുവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.