'ഹയാ വിത് മി' അപേക്ഷിക്കാം; സൗകര്യം വിദേശ കാണികൾക്ക് മാത്രം
text_fieldsദോഹ: മാച്ച് ടിക്കറ്റില്ലാത്ത ആരാധകരെ ലോകകപ്പിന് കൊണ്ടുവരാനുള്ള ഹയാ കാർഡിലെ 'വൺ പ്ലസ് ത്രീ' അവസരം വിദേശ കാണികൾക്ക് മാത്രമായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
താമസക്കാരും സ്വദേശികളും ഉൾപ്പെടെ ഖത്തർ ഐ.ഡിയുള്ളവർക്ക് ഹയാ കാർഡിൽ അതിഥികളെ ഉൾപ്പെടുത്താൻ കഴിയില്ല. ടിക്കറ്റ് സ്വന്തമാക്കിയ വിദേശകാണികൾക്ക് മാച്ച് ടിക്കറ്റില്ലാത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ മൂന്നുപേരെ കൂടി ഖത്തറിലേക്ക് ഒപ്പം കൂട്ടാൻ അനുവദിക്കുന്ന 'ഹയാ വിത് മി' (1+3) സൗകര്യം ലഭ്യമായിത്തുടങ്ങിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഇതു സംബന്ധിച്ച് മാർഗ നിർദേശങ്ങളും അധികൃതർ വ്യക്തമാക്കി.
ആർക്കെല്ലാം, ആരെയെല്ലാം?
ഖത്തർ ഐ.ഡിയില്ലാത്ത ടിക്കറ്റ് ഉടമകൾക്ക് ഹയാ വൺ പ്ലസ് ത്രീ സൗകര്യം ഉപയോഗപ്പെടുത്താം.എന്നാൽ, 18നു മുകളിൽ പ്രായമുള്ളവരായിരിക്കണം. അതേസമയം, എല്ലാ പ്രായക്കാരെയും അതിഥികളായി ഉൾപ്പെടുത്താവുന്നതാണ്. പാസ്പോർട്ട് ഉപയോഗിച്ച് ഹയാ ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ടൂർണമെൻറ് കാലയളവിലെ താമസവും ഉറപ്പാക്കണം. 12നുമുകളിൽ പ്രായമുള്ളവർക്ക് 500 റിയാൽ വീതം അടക്കണം. ഈ തുക തിരിച്ചു നൽകുന്നതല്ല.
'മൈ ഹയ്യ' ഒാപ്ഷൻ തെരഞ്ഞെടുത്ത് 'ആക്ഷനിൽ' 'ഹയാ വിത് മി' വഴിയാണ് വൺ പ്ലസ് ത്രീ തിരഞ്ഞെടുക്കേണ്ടത്.മൂന്ന് വൗച്ചർ കോഡ് വഴി ടിക്കറ്റില്ലാത്ത ആരാധകരെ ഹയായിൽ കൂട്ടിച്ചേർക്കാവുന്നതാണ്.'ഹയാ വിത് മി' അപേക്ഷകൻ ഹയാ കാർഡിനായി അപേക്ഷിക്കണം. ആപ്ലിക്കേഷൻ കാറ്റഗറിയിൽ 'ഹയാ വിത് മി വൗച്ചർ' ആണ് തിരഞ്ഞെടുക്കേണ്ടത്.വൗച്ചർ കോഡ് നൽകിയ ശേഷം, ഇത് സാധൂകരിക്കേണ്ടതാണ്.
ഹയാ കാർഡ് അനുമതി ലഭിക്കുന്ന വിദേശകാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശന പെർമിറ്റ് ഇ-മെയിൽ വഴി ലഭ്യമാവും. സ്റ്റേഡിത്തിലേക്കുള്ള പ്രവേശനം, പൊതുഗതാഗത സംവിധാനങ്ങളിലെ സൗജന്യയാത്ര എന്നിവ ഹയാ കാർഡ് മുഖേന ലഭ്യമാവും.
അതേസമയം, 'ഹയാ വിത് മി' കാണികൾക്ക് മാച്ച് ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.മാച്ച് ടിക്കറ്റ് ലിങ്ക് ചെയ്യിക്കുന്ന മൊബൈൽ ടിക്കറ്റിങ് ആപ്ലിക്കേഷൻ ഈ മാസം പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.