നാലാം ഡോസ് വാക്സിന് അംഗീകാരം
text_fieldsദോഹ: ഖത്തറിൽ കോവിഡ് നാലാം ഡോസ് വാക്സിനേഷന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം.
രോഗബാധക്ക് ഏറെ സാധ്യതയുള്ള വിഭാഗക്കാരായ ഗുരുതര രോഗാവസ്ഥയിലുള്ളവർ, 60 വയസ്സ് പിന്നിട്ടവർ എന്നിവർക്ക് ഫൈസർ ബയോൺടെക്, മൊഡേണ വാക്സിനുകളുടെ നാലാം ഡോസ് കുത്തിവെക്കാനാണ് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്.
ബൂസ്റ്റർ ഡോസ് സ്വീകരിച്ച് നാലു മാസം പിന്നിട്ടവർക്ക് രോഗപ്രതിരോധശേഷി നിലനിർത്തുന്നതിന്റെ ഭാഗമായാണ് നാലാം ഡോസ് നൽകാൻ നിർദേശിച്ചത്. ബൂസ്റ്റർ ഡോസ് സ്വീകരിച്ച് നാലു മാസം പിന്നിടുന്നതോടെ മാറാരോഗികളായവരിലും 60 വയസ്സ് പിന്നിട്ടവരിലും രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നതായി ശാസ്ത്രീയ, ക്ലിനിക്കൽ പരിശോധനഫലങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നാലാം ഡോസിന് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. മാറാരോഗങ്ങളുള്ളവരിലും 60 പിന്നിട്ടവരിലും കോവിഡിന്റെ അപകടസാധ്യത ഏറെയാണെന്നും നാലാം ഡോസ് സ്വീകരിക്കുന്നതോടെ രോഗപ്രതിരോധശേഷി വർധിക്കുമെന്നും കോവിഡിൽനിന്നുള്ള സംരക്ഷണം ലഭിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
നിരവധി രാജ്യങ്ങൾ ഇതിനകംതന്നെ നാലാം ഡോസ് വിതരണം ആരംഭിച്ചിട്ടുണ്ട്. നാലാം ഡോസ് വാക്സിന് അർഹരായവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽനിന്നോ എച്ച്.എം.സിയിൽനിന്നോ ആരോഗ്യപ്രവർത്തകർ നേരിട്ട് ബന്ധപ്പെടും. അല്ലെങ്കിൽ പി.എച്ച്.സി.സി ഹോട്ട് ലൈൻ 40277077 നമ്പറിൽ ബന്ധപ്പെട്ട് അപ്പോയിൻമെൻറ് എടുക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.