അറബ് കപ്പ് ഫൈനൽ ദേശീയ ദിനാഘോഷത്തിന് മാറ്റുകൂട്ടും
text_fieldsഫൈനൽ കഴിയുന്ന സമയം കോർണിഷിൽ ദേശീയദിനാഘോഷ വെടിക്കെട്ടും
അരങ്ങേറും
ദോഹ: ഈ വർഷത്തെ ദേശീയ ദിനാഘോഷത്തിന് ആവേശം പകരാൻ അറബ് കപ്പ് ഫൈനലുമുണ്ടാകും. ഖത്തറിനെ പരാജയപ്പെടുത്തി അൾജീരിയയും ഈജിപ്തിനെ കീഴടക്കി തുനീഷ്യയും തമ്മിൽ പോരിനിറങ്ങുന്ന അറബ് കപ്പ് ഫൈനലിെൻറ ടിക്കറ്റുകൾ നേരത്തെ തന്നെ പൂർണമായും വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചിരുന്നു.
ഒൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾ സ്വന്തമാക്കുന്നതിനായുള്ള ടിക്കറ്റിങ് കേന്ദ്രം ഡി.ഇ.സി (ദോഹ എക്സിബിഷൻ സെൻറർ)യിലേക്ക് മാത്രമാക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്.
അറബ് കപ്പ് ഫൈനൽ പോരാട്ടം കഴിയുന്ന സമയം ദോഹ കോർണിഷിൽ ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും അരങ്ങേറും.
മൂന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന പോരാട്ടവും ഡിസംബർ 18ന് തന്നെ സ്റ്റേഡിയം 974ൽ നടക്കും.
ലോകകപ്പിനായി തയാറാക്കിയ എട്ട് സ്റ്റേഡിയങ്ങളിൽ ആറ് സ്റ്റേഡിയങ്ങളാണ് അറബ് കപ്പിന് വേദിയായത്. ഇതിനകം അഞ്ചു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞെന്ന് സംഘാടകർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് കലാശപ്പോരാട്ടവും ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ദർബ് അൽ സായി ആഘോഷപരിപാടികൾ ഇല്ലെങ്കിലും അറബ് കപ്പിനാൽ ഈ വർഷത്തെ ദേശീയദിനാഘോഷങ്ങൾക്ക് വർണം നൽകാൻ സംഘാടകർക്കായി.
ടൂർണമെൻറിൽ പങ്കെടുക്കാൻ മാത്രം ഖത്തറിലെത്തിയവർക്ക് ഖത്തർ ദേശീയദിന ഒരുക്കങ്ങളിലും ആഘോഷപരിപാടികളിലും പങ്കെടുക്കുന്നതിനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.