ഇരിപ്പിടങ്ങൾ നശിപ്പിച്ച സംഭവം; മാപ്പുപറഞ്ഞ് തുനീഷ്യൻ ആരാധകർ
text_fieldsദോഹ: അറബ് കപ്പ് ടൂർണമെൻറിനിടെ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ നശിപ്പിച്ച സംഭവത്തിൽ തുനീഷ്യൻ ആരാധകർ മാപ്പ് പറഞ്ഞു. ഈജിപ്തും തുനീഷ്യയും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന അറബ് കപ്പ് സെമി ഫൈനലിന് മുന്നോടിയായി അൽ കാസ്സ് ചാനൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു ആരാധകർ മാപ്പ് പറഞ്ഞത്. ഒമാനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ ചില തുനീഷ്യൻ ആരാധകരാൽ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾക്ക് നാശം സംഭവിച്ചത് ദുഃഖകരമാണെന്നും അവർക്ക് വേണ്ടി മാപ്പ് ചോദിക്കുന്നുവെന്നും സംഭവത്തിൽ ഖേദമുണ്ടെന്നും തുനീഷ്യൻ ആരാധകർ ചാനലിനോട് പറഞ്ഞു. മത്സരത്തിനിടെയുള്ള ആവേശപ്രകടനത്തിൽ സംഭവിച്ചതാണിതെന്നും മനപ്പൂർവമായിരുന്നില്ലെന്നും ആരാധകർ വ്യക്തമാക്കി.
ക്വാർട്ടർഫൈനൽ മത്സരത്തിനിടെ തങ്ങളുടെ ചില ആരാധകർ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ തകർത്ത ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കിൽ നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും തുനീഷ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് വദീഅ് അൽ ജരീഅ് ബീൻ സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഈജിപ്തും തുനീഷ്യയും തമ്മിൽ നടക്കുന്ന സെമി ഫൈനലിൽ ഇരുരാജ്യങ്ങളുടെയും ആരാധകർക്കിടയിൽ ടിക്കറ്റുകൾ തുല്യമായി വീതിക്കണമെന്ന് അദ്ദേഹം ആവശ്യമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.