അറബ് കപ്പിന് നാളെ കിക്കോഫ്
text_fieldsദോഹ: ഖത്തറിൻെറ കളിമുറ്റങ്ങളിൽ ലോകകപ്പ് ഫുട്ബാളിൻെറ വിളംബരമായ ഫിഫ അറബ് കപ്പിന് നാളെ കിക്കോഫ്. ആറ് വേദികളിലായി നടക്കുന്ന 16ടീമുകളുടെ ചാമ്പ്യൻഷിപ്പിനുള്ള സംഘങ്ങളെല്ലാം ദോഹയിലെത്തി പരിശീലനം തകൃതിയാക്കി കഴിഞ്ഞു. വിവിധ പരിശീലന മൈതാനങ്ങളിലാണ് ടീമുകളുടെ സന്നാഹം.ചൊവ്വാഴ്ച നാല് മത്സരങ്ങളോടെയാണ് അറബ് മേഖലയുടെ ഫുട്ബാൾ ഉത്സവത്തിന് കിക്കോഫ് കുറിക്കുന്നത്. ആതിഥേയരായ ഖത്തറും ആദ്യ ദിനത്തിൽ കളത്തിലിറങ്ങും.
ലോകകപ്പിനായി പണി പൂർത്തിയാക്കിയ അൽ ബെയ്ത്, സ്റ്റേഡിയം 974 എന്നിവയും ഉദ്ഘാടനം കൂടിയാണ് ചൊവ്വാഴ്ച. രാത്രി 7.30ന് ഖത്തറും ബഹ്റൈനും തമ്മിലാണ് അൽബെയ്തിലെ പോരാട്ടം.രാത്രി 10ന് യു.എ.ഇ സിറിയ മത്സരത്തോടെ റാസ് അബൂഅബൂദിലെ സ്റ്റേഡിയം 974ഉം ഉണരും. ഉച്ചക്ക് ഒരു മണിക്ക് തുനീഷ്യ- മൗറിത്വാനിയ മത്സരത്തോടെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ടൂർണമെൻറിന് തുടക്കമാവും. ഖത്തർ- ബഹ്റൈൻ മത്സരത്തിനുള്ള 85 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി അറിയിച്ചു.60,000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിലേക്ക് മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം നൽകുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.