അറബ്കപ്പ്: കരുത്തുകാട്ടാൻ ഒമാൻ
text_fieldsദോഹ: അറബ് മേഖലയിൽ വളർന്നുവരുന്നൊരു ഫുട്ബാൾ സംഘമാണ് ഒമാൻ. ഗതകാല സ്മരണകളിൽ മികച്ച നേട്ടങ്ങളെന്നു പറയാൻ കാര്യമായൊന്നില്ലെങ്കിലും സമകാലിക ഏഷ്യൻ ഫുട്ബാളിൽ ഏറ്റവും വേഗത്തിൽ മുന്നേറുന്നു ഈ സംഘം.
പ്രാദേശിക ലീഗുകളിൽ കളിക്കുന്ന യുവതാരങ്ങളാണ് ടീമിെൻറ കരുത്ത്. ഏറ്റവും ഒടുവിലായി ലോകകപ്പ് യോഗ്യത റൗണ്ടിലെ പ്രകടനങ്ങൾ ശ്രദ്ധിച്ചാലറിയാം 'ദി റെഡ്സ്' എന്ന വിളിപ്പേരുകാരുടെ കുതിപ്പ്. ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ടിൽ ഗ്രൂപ് 'ബി'യിൽ വമ്പന്മാർക്കൊപ്പം സാധ്യതകൾ ഇപ്പോഴും നിലനിർത്തിക്കൊണ്ട് ഒമാനുണ്ട്.
സൗദി അറേബ്യ, ആസ്ട്രേലിയ, ജപ്പാൻ എന്നിവർക്കു പിന്നിലായി നാലാം സ്ഥാനത്തുള്ളവർ കരുത്തരായ ചൈനയെയാണ് പിന്തള്ളിയിരിക്കുന്നത്.
കരുത്തരായ ജപ്പാനെതിരെ നേടിയ അട്ടിമറി വിജയത്തിലും, തൊട്ടുപിന്നാലെ ചൈനക്കെതിരായ സമനിലയിലുമുണ്ട് കുഞ്ഞന്മാരുടെ വീര്യം. സൗദിയോടും ആസ്ട്രേലിയയോടും തോറ്റെങ്കിലും വീറുറ്റ അങ്കത്തിലൂടെയായിരുന്നു കീഴടങ്ങൽ. അതേ മികവുമായി തന്നെ ഒന്നാം നമ്പർ ടീമാണ് അറബ് കപ്പിലുമെത്തുന്നത്. മുൻ ക്രൊയേഷ്യ, ഇറാൻ ടീമുകളുടെ പരിശീലകനായിരുന്ന ക്രൊയേഷ്യക്കാരൻ ബ്രാങ്കോ ഇവാൻകോവിചിനു കീഴിലാണ് ഒമാെൻറ ഉയിർത്തെഴുന്നേൽപ്പ്. ഇറാെൻറ ആക്രമണ ഫുട്ബാളിന് വീര്യം പകർന്ന പരിശീലകൻ. മുന്നേറ്റ നിരയിലെ അബ്ദുൽ അസീസ് അൽ മുഖ്ബലി, ക്യാപ്റ്റൻ മുഹ്സിൻ അൽ ഖാലിദി എന്നിവരാണ് പരിചയ സമ്പന്നർ. അറബ് കപ്പ് ഗ്രൂപ് റൗണ്ട് കടന്ന് മുന്നേറലാണ് ടീമിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.