അറബ് കപ്പ്: ദോഹ മെട്രോയിൽ യാത്ര ചെയ്തത് 25 ലക്ഷം പേർ
text_fieldsദോഹ: ഫിഫ അറബ് കപ്പ് കാലയളവിൽ റെക്കോഡ് കുറിച്ച് ദോഹ മെട്രോയുടെ സർവിസ്. നവംബർ 30 മുതൽ ഡിസംബർ 18 വരെയുള്ള ഫിഫ അറബ് കപ്പ് ടൂർണമെൻറിനിടെ മെട്രോ യാത്രചെയ്തത് 25 ലക്ഷം പേർ. പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 1.30 ലക്ഷം. ഫിഫ അറബ് കപ്പ് അവസാനിച്ചതിനു പിന്നാലെയാണ് അധികൃതർ കണക്കുകൾ പുറത്തുവിട്ടത്. ഫിഫ അറബ് കപ്പിനിടെ 50,000 ട്രിപ്പുകൾ നടത്തിയതായും 8.85 ലക്ഷം കിലോമീറ്റർ ദൂരം ട്രെയിനുകൾ സർവിസ് നടത്തിയതായും അറിയിച്ചു. ഒരേ ലൈനിൽ ഒരേ ദിശയിലേക്കായി രണ്ടര മിനിറ്റ് ഇടവേളയിലാണ് സർവിസ് നടത്തിയത്. ദേശീയദിനമായ ഡിസംബർ 18ന് 2.5 ലക്ഷം യാത്രക്കാർ മെട്രോ യാത്രചെയ്തു. ആറ് സ്റ്റേഡിയങ്ങളിലായി നടന്ന ഫിഫ അറബ് കപ്പ് മത്സരങ്ങൾക്ക് കാണികൾക്ക് ഉപയോഗപ്പെടുത്താനായി മികച്ച സംവിധാനങ്ങളോടെയാണ് മെട്രോ സർവിസ് നടത്തിയത്. ദിവസം മൂന്നു മണിക്കൂർ മാത്രമേ മെട്രോ സർവിസ് നിർത്തിവെച്ചിരുന്നുള്ളൂ. പുലർച്ചെ ആറു മുതൽ, അടുത്ത ദിവസം പുലർച്ചെ മൂന്നു വരെ മെട്രോയും മെട്രോ ലിങ്ക് ബസ് സർവിസും ഓടി. മത്സര ദിവസങ്ങളിൽ ആറു സ്റ്റേഡിയങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിൽ സ്റ്റേഷനുകളിൽനിന്ന് സ്റ്റേഡിയത്തിലേക്കും, മത്സരശേഷം തിരിച്ചും ലിങ്ക് ബസുകൾ ഇടതടവില്ലാതെ പ്രവർത്തിച്ചു. സ്റ്റേഷനുകളിലെത്തുന്ന കാണികൾക്ക് സംശയങ്ങളില്ലാതെ യാത്രചെയ്യാനായി വളൻറിയർമാരുടെയും സിൽവർ കമാൻഡ് ടീമിെൻറയും സഹായം ലഭിച്ചു. പ്രധാന ജങ്ഷൻ പോയൻറായ മിശൈരിബിൽ ദിവസവും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
അറബ് കപ്പിെൻറ വിജയകരമായ നടത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഖത്തർ റെയിൽ ചീഫ് സർവീസ് ഡെലിവറി അബ്ദുല്ല സൈഫ് അൽ സുലൈതി പറയുന്നു. 'ടൂർണമെൻറ് കാലയളവിൽ 25 ലക്ഷം യാത്രക്കാർക്ക് വഴിയൊരുക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ദോഹ മെട്രോയിൽ വിശ്വാസം വർധിക്കാൻ ഇത് കാരണമായി. മാത്രമല്ല, അടുത്ത വർഷത്തെ ലോകകപ്പിനെ ആത്മവിശ്വാസത്തോടെ വരവേൽക്കാനും കഴിയും' - അബ്ദുല്ല സൈഫ് അൽ സുലൈതി പറയുന്നു. എല്ലാ സ്റ്റേഷനുകളിലുമായി 2500ഒാളം ജീവനക്കാരാണ് വിവിധ ഷിഫ്റ്റുകളിലായി ദിവസവും സേവനം ചെയ്തത്. ഉപഭോക്തൃ സേവനം, സ്റ്റേഷൻ സ്റ്റാഫ് ഉൾപ്പെടെയാണിത്. ട്രെയിനുകളിലും യാത്രക്കാർക്ക് സഹായവുമായി വളൻറിയർ സേവനവും ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.