അറബ് ഗെയിംസ്: 104 അംഗ സംഘവുമായി ഖത്തർ
text_fieldsദോഹ: ജൂലൈ അഞ്ചിന് അൽജീരിയയിൽ തുടക്കം കുറിക്കുന്ന അറബ് ഗെയിംസിൽ ഖത്തറിന്റെ കുപ്പായത്തിൽ 104 താരങ്ങൾ മാറ്റുരക്കും. ജൂലൈ 15വരെയാണ് 13ാമത് അറബ് ഗെയിംസിന് അൽജീരിയ വേദിയാവുന്നത്.
ഹാൻഡ്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ൊനീന്തൽ, സൈക്ലിങ്, അത്ലറ്റിക്സ്, ജിംനാസ്റ്റിക്സ്, ഫെൻസിങ്, സൈലിങ്, ബോക്സിങ്, കരാട്ടേ, ജൂഡോ, ടി.ടി, ബാഡ്മിന്റൺ ഉൾപ്പെടെ 17 കായിക ഇനങ്ങളിൽ ഖത്തർ താരങ്ങൾ മത്സരിക്കും. അത്ലറ്റിക്സിനു പുറമെ ഗോൾബാൾ എന്ന പുതുമയേറിയ കായിക ഇനവും ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാഴ്ചപരിമിതികളുള്ള താരങ്ങളാണ് ഈ ഇനത്തിൽ മാറ്റുരക്കുന്നത്.
പുരുഷ -വനിതവിഭാഗങ്ങളിൽ ഖത്തർ താരങ്ങൾ മത്സരിക്കും. 2011ന് ശേഷം ആദ്യമായാണ് വിവിധ അറബ് രാജ്യങ്ങൾ മാറ്റുരക്കുന്ന ഗെയിംസ് നടക്കുന്നത്. ഏറ്റവും ഒടുവിൽ ഖത്തറായിരുന്നു വേദിയായത്. 6000ത്തോളം അത്ലറ്റുകൾ മത്സരിച്ച കായികമേളയിൽ അന്ന് ഈജിപ്ത് 90 സ്വർണം ഉൾപ്പെടെ 231 മെഡലുകളുമായി ജേതാക്കളായി. 27 സ്വർണവും 40 വെള്ളിയും 39 വെങ്കലവുമായി 106 മെഡലുകൾ നേടിയ ഖത്തർ നാലാമതായിരുന്നു.
നാലുവർഷത്തെ ഇടവേളകളിലായി നടന്നിരുന്ന അറബ് ഗെയിംസ്, പക്ഷേ 2011ന് ശേഷം മേഖലയിലുണ്ടായ ആഭ്യന്തര-രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് അനിശ്ചിതമായി മുടങ്ങി. ഇത്തവണ അറബ് ലോകത്തെ 20 രാജ്യങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. അൽജീരിയയിലെ അൽജിയേഴ്സ്, ഒറാൻ, അന്നബ, ടിപാസ എന്നീ നഗരങ്ങൾ വേദികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.