അറബ് ഗെയിംസ്; മെഡൽകൊയ്ത്തുമായി ഖത്തർ
text_fieldsദോഹ: അൽജീരിയയിൽ ആരംഭിച്ച 15ാമത് അറബ് ഗെയിംസിൽ ഖത്തറിന് മെഡൽ നേട്ടം. അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചതിനു പിന്നാലെ വിവിധ ഇനങ്ങളിലായി ഖത്തർ താരങ്ങൾ മെഡൽ പട്ടികയിൽ ഇടംപിടിച്ചു. ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച അത്ലറ്റിക്സിൽ 13 ഇനങ്ങളിൽ ഫൈനൽ കാത്തിരിക്കുമ്പോൾ ഖത്തറിന്റെ കുതിപ്പിന് വേഗമേറും.
രണ്ടാം ദിനത്തിൽ മൂന്നു പേർ സ്വർണമണിഞ്ഞു. പോൾവാൾട്ടിൽ സൈഫ് മുഹമ്മദ്, 400 മീറ്ററിൽ അഷ്റഫ് ഹുസൈൻ, ഡിസ്കസ് ത്രോയിൽ മുആസ് ഇബ്രാഹിം എന്നിവരാണ് ഒന്നാമതെത്തി മെഡൽകൊയ്ത്തിന് തുടക്കം കുറിച്ചത്. 110 മീറ്റർ ഹർഡ്ൽസിൽ ഖത്തറിന്റെ തന്നെ ഉമർ ദാവൂദ് വെങ്കലം നേടിയിരുന്നു. 5.51 മീറ്റർ ചാടിയാണ് സൈഫ് അബ്ദുൽ സലാം പോൾവാൾട്ടിൽ ഉയരങ്ങൾ കീഴടക്കിയത്.
ഡിസ്കസിൽ മുആസ് ഇബ്രാഹിം 62.48 മീറ്റർ ദൂരം താണ്ടി. പാരാ അത്ലറ്റിക്സ് ഹൈജംപിൽ ഖത്തറിന്റെ ഹംദി അൽ അമീർ വെള്ളിയും ഷോട്ട് പുട്ടിൽ അബ്ദുറഹ്മാൻ അബ്ദുൽ ഖാദിർ വെങ്കലവും നേടി. ജൂലൈ 15 വരെ നടക്കുന്ന അറബ് ഗെയിംസിൽ 22 അറബ് രാജ്യങ്ങളിൽ നിന്നായി 3500 അത്ലറ്റുകളാണ് മത്സരിക്കുന്നത്.
17 ഇനങ്ങളിലായി ഖത്തറിന്റെ 104 കായിക താരങ്ങൾ പോരടിക്കുന്നുണ്ട്. അത്ലറ്റിക്സ് മത്സരങ്ങൾക്ക് വെള്ളിയാഴ്ച സമാപനമാവും. ബുധനാഴ്ച രാത്രിയിൽ നിറപ്പകിട്ടാർന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് 15ാമത് അറബ് ഗെയിംസിന് തുടക്കം കുറിച്ചത്. പങ്കെടുക്കുന്ന മുഴുവൻ രാജ്യങ്ങളുടെയും കായിക താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റും വിവിധ കലാപരിപാടികളും അരങ്ങേറി. ബോക്സിങ് ചാമ്പ്യൻ അബ്ദുൽ ഹാദി അൽ മർറിയായിരുന്നു ഖത്തറിന്റെ പതാക വാഹകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.