ലോകകപ്പ് വിജയത്തെ അഭിനന്ദിച്ച് അറബ് ആഭ്യന്തര മന്ത്രാലയ സമിതി
text_fieldsദോഹ: ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് സംഘാടനത്തിൽ ഖത്തറിന്റെ ഉജ്ജ്വല വിജയത്തെ അറബ് ആഭ്യന്തരമന്ത്രിമാരുടെ സമിതി അഭിനന്ദിച്ചു. തൂനിസിലെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന അറബ് ആഭ്യന്തര മന്ത്രിതല സമിതിയുടെ 40ാമത് സെഷനിൽ ഖത്തറുൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ, ഉന്നത സുരക്ഷാ പ്രതിനിധികൾ, അറബ് ലീഗ് പ്രതിനിധികൾ, ജി.സി.സി, അറബ് മഗ്രിബ് യൂനിയൻ എന്നിവർ പങ്കെടുത്തു.
കൂടാതെ ഇൻറർപോൾ, യു.എൻ ഭീകരവിരുദ്ധ ഓഫിസ്, യു.എൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസ്, യൂറോപോൾ, നായിഫ് അറബ് യൂനിവേഴ്സിറ്റി ഫോർ സെക്യൂരിറ്റി സയൻസ്, അറബ് പൊലീസ് സ്പോർട്സ് ഫെഡറേഷൻ എന്നിവയിൽനിന്നുള്ള ഉന്നത പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ലോകകപ്പ് വിജയകരമാക്കുന്നതിൽ സമാനതകളില്ലാത്ത നേട്ടമാണ് ഖത്തർ കൈവരിച്ചിരിക്കുന്നതെന്നും ഖത്തറിനെയും ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഖത്തർ ഭരണകൂടത്തെയും ജനതയെയും സർക്കാറിനെയും അഭിനന്ദിക്കുകയാണെന്നും അറബ് ആഭ്യന്തര മന്ത്രിതല സമിതി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അലി കുമാൻ പറഞ്ഞു.
ടൂർണമെൻറിന്റെ വിശിഷ്ടമായ സംഘാടനത്തിലും അന്തരീക്ഷത്തിലും അഭിമാനിക്കാൻ അറബികൾക്ക് അവകാശമുണ്ടെന്നും ആദ്യമായാണ് ഒരു അറബ് രാജ്യം ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നതെന്നും ഡോ. കുമാൻ പറഞ്ഞു.
അറബ് ഇസ്ലാമിക നാഗരികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കാനും അറബ് പൈതൃകവും മാനവ സംസ്കാരത്തിനുള്ള അറബ്, ഇസ്ലാമിക സംഭാവനകളും പരിചയപ്പെടുത്താനുള്ള സുവർണാവസരമായിരുന്നു ലോകകപ്പെന്നും ഖത്തറിന് കൂടുതൽ വിജയവും പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സുരക്ഷയിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും അറബ് സഹകരണം ശക്തിപ്പെടുത്തുന്നതിലും 40 വർഷത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് അറബ് ആഭ്യന്തര മന്ത്രിമാരുടെ സമിതി അതിന്റെ ഉന്നതിയിലെത്തിയിരിക്കുന്നത്. പ്രവർത്തന സംവിധാനങ്ങൾ വിലയിരുത്താനുള്ള കൗൺസിലിന്റെ ഉത്സാഹമാണ് ഈ വിജയത്തിന് കാരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.