ആരാധകക്കൂട്ടങ്ങളുടെ അറേബ്യൻ വേഷപ്പകർച്ച
text_fieldsദോഹ: കോസ്റ്ററീക്കയിലെ സാൻജോസിൽനിന്ന് 100 കി.മീ. അകലെ നിന്നാണ് എഡ്ഡി ഫാലസ് എന്ന ഫുട്ബാൾ ആരാധകർ ഖത്തറിലെത്തുന്നത്. ജോലിയിൽനിന്ന് മൂന്നാഴ്ചത്തെ അവധിയെടുത്ത് ലോകകപ്പ് ഇന്റർകോണ്ടിനെന്റൽ മത്സരത്തിനായി ഖത്തറിലേക്ക് വിമാനം കയറുമ്പോൾ ദോഹയിലേക്കുള്ള യാത്രാമധ്യേ ദുബൈയിൽ പരമ്പരാഗത അറബ് വേഷങ്ങളും വാങ്ങിയാണ് വരവ്. ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന മണ്ണിൽ പ്രിയപ്പെട്ട ടീമിന്റെ പോരാട്ടം കാണാൻ സ്റ്റേഡിയത്തിലെത്തുമ്പോൾ ചുവപ്പും കറുപ്പും പുള്ളിയോടെയുള്ള ഖത്റയും വട്ടക്കെട്ടായ ഇഗാലും അണിഞ്ഞ് അറേബ്യൻ വേഷപ്പകർച്ചയണിയാൻതന്നെ തീരുമാനിച്ചു.
കോസ്റ്റാറീക്കയിൽ എൻജിനീയറായി ജോലി ചെയ്യുന്ന എഡ്ഡി മാത്രമല്ല, അതുപോലെ ഒരുപാട് പേരെയും വെള്ള കന്തുറയും ഖഫിയ്യ തലപ്പാവുകളും അണിഞ്ഞും അറബ് വേഷത്തിൽ രണ്ട് പ്ലേഓഫ് മത്സര വേദികളിലും കാണാമായിരുന്നു. പതിവായി ലോകകപ്പ് വേദികളിലെത്തുന്ന എഡ്ഡിയോട് എന്തിനാണ് ഈ തലപ്പാവണിഞ്ഞതെന്ന ചോദ്യത്തിനുള്ള ഉത്തരത്തിലുണ്ടായിരുന്നു ഫുട്ബാൾ സമ്മാനിക്കുന്ന സാർവദേശീയത.
വേഷം മാത്രമല്ല, അറേബ്യൻ ഭക്ഷണം കഴിച്ചും അറബി ഭാഷയിലെ ക്ഷേമാന്വേഷണ പദങ്ങൾ ഉപയോഗിച്ചും ഈ നാടിനെ അറിയുകയും അനുഭവിക്കുകയുമാണ് ഫുട്ബാളിനൊപ്പമുള്ള യാത്രയിൽ ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
''ഞങ്ങളുടെ ഭക്ഷണവും അറേബ്യയിലെയും ഏഷ്യൻ രാജ്യങ്ങളിലെയും ഭക്ഷണങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പക്ഷേ, ഫുട്ബാളിനൊപ്പം സഞ്ചരിക്കുമ്പോൾ ആ നാടും സംസ്കാരവും ഭക്ഷണ രീതിയും അറിയാനുള്ള അവസരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പല രുചികളും പരീക്ഷിച്ചു'' -ആദ്യമായി ഖത്തറിലെത്തിയ എഡ്ഡി പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം കൂട്ടുകാർക്കൊപ്പം ദോഹയിലേക്ക് തിരിച്ചത്. വാഷിങ്ടൺ, ഇസ്താംബൂൾ, ദുബൈ രാജ്യങ്ങളിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകൾ വഴിയായിരുന്നു യാത്ര. കോസ്റ്റാറിക്കൻ തീരനഗരമായ ലിമോണിൽ നിന്നുള്ള മെയ്നർ, വിക്ടർ വലേര എന്നിവരും അറബിക് തലപ്പാവണിഞ്ഞ് ഓലെ ഓലെ ടീകോസ് ടീകോസ്... എന്ന് താളത്തിൽപാടി കളിയാവേശം പകരുകയായിരുന്നു.
കോസ്റ്ററീക്ക ലോകകപ്പിന് യോഗ്യത നേടിയ ആവേശത്തിൽ നാട്ടിലേക്ക് മടങ്ങുന്ന ഇവർ, നവംബറിൽ കൂടുതൽ അറബിക് തനിമകൾ ഉൾക്കൊണ്ട് ഖത്തറിന്റെ ലോകകപ്പിനെ ആവേശത്തോടെ നെഞ്ചേറ്റാൻ തിരികെയെത്തുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങുന്നത്. പടിഞ്ഞാറും അമേരിക്കൻ നാടുകളും മുഖംതിരിച്ച അറേബ്യൻ സംസ്കാരവും പാരമ്പര്യവും ലോകത്തിന് പരിചയപ്പെടുത്തുകയാണ് ലോകകപ്പിലൂടെയെന്ന് പ്രഖ്യാപിച്ച സംഘാടകരുടെ തീരുമാനം ശരിവെക്കുന്നതാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ ഗാലറികളിലും സ്റ്റേഡിയം പരിസരങ്ങളിലുമെല്ലാം കണ്ട കാഴ്ചകൾ. ലോകകപ്പിന്റെ സാമ്പിൾ പൂരമായ പ്ലേ ഓഫിലെ ദൃശ്യങ്ങൾ ഇനി വർഷാവസാനത്തിലെ ലോകകപ്പിലും കാണാമെന്നതിന്റെ ചുരുക്കം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.