ഖത്തർ ടീം ബസറയിൽ; അറേബ്യൻ ഗൾഫ് കപ്പിന് ഇന്ന് തുടക്കം
text_fieldsദോഹ: 25ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാളിന് ഇറാഖിലെ ബസറയിൽ ഇന്ന് തുടക്കം കുറിക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ഖത്തർ ദേശീയ ടീം കഴിഞ്ഞ ദിവസം ബസറയിലെത്തി. ഇറാഖിലിറങ്ങിയ ഖത്തർ ദേശീയ ടീമിന് ഊഷ്മള വരവേൽപാണ് ലഭിച്ചത്. ഇറാഖ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറും സംഘാടക സമിതി ചെയർമാനുമായ അദ്നാൻ ദർജാൽ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി എന്നിവരും അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷനും ടീമിനെയും ഒഫീഷ്യലുകളെയും സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.
ബസറയിലേക്ക് പോകുന്നതിന് മുമ്പായി ടൂർണമെൻറിനുള്ള ഖത്തർ ടീം എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. ദീർഘകാലമായി ഖത്തറിനൊപ്പമുണ്ടായിരുന്ന മുൻ പരിശീലകൻ ഫെലിക്സ് സാഞ്ചസ് പടിയിറങ്ങിയതിന് പിന്നാലെ താൽക്കാലിക പരിശീലകനായ ബ്രൂണോ മിഗ്വേൽ പിനേറോയ്ക്ക് കീഴിലാണ് ഖത്തർ പുതുവർഷത്തിൽ കളിക്കാനിറങ്ങുക. ആതിഥേയരെന്ന നിലയിൽ ഖത്തർ ലോകകപ്പിൽ അരങ്ങേറിയെങ്കിലും ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങി ആദ്യ റൗണ്ടിൽതന്നെ ഖത്തർ പുറത്തായിരുന്നു.
ശനിയാഴ്ച വൈകീട്ട് 7.15ന് ബസറയിലെ ഒളിമ്പിക് പോർട്ട് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ഗ്രൂപ് ബിയിൽ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നിവർക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. ജനുവരി 10ന് നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനെതിരെയാണ് ഖത്തറിന്റെ രണ്ടാം മത്സരം. മൂന്നു തവണ കിരീടം നേടിയ ഖത്തറിന്റെ ഗ്രൂപ്പിലെ അവസാന അങ്കം കരുത്തരായ യു.എ.ഇക്കെതിരെ ജനുവരി 13ന് നടക്കും. ആതിഥേയരായ ഇറാഖിനു പുറമേ, യമൻ, സൗദി അറേബ്യ, ഒമാൻ എന്നിവരാണ് ഗ്രൂപ് എയിലെ മറ്റു ടീമുകൾ.
പരിക്ക്: മുഹമ്മദ് മുൻതാരി കളിക്കില്ല
കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ഖത്തർ മുന്നേറ്റനിരയിലെ പ്രധാനിയായ മുഹമ്മദ് മുൻതാരിക്ക്, ജനുവരി ആറു മുതൽ 19 വരെ ഇറാഖ് വേദിയാകുന്ന അറേബ്യൻ ഗൾഫ് കപ്പ് നഷ്ടമാകും. മുതിർന്ന താരങ്ങളായ ഹസൻ അൽ ഹൈദൂസ്, അക്രം അഫീഫ്, അൽ മുഇസ് അലി, അബ്ദുൽ അസീസ് ഹാതിം, ബൂഅലാം ഖൗഖി, ബസാം അൽ റാവി, പെഡ്രോ മിഗ്വേൽ, സഅദ് അൽ ശീബ് എന്നിവരെ ഒഴിവാക്കിയാണ് ഗൾഫ് കപ്പിനുള്ള ഖത്തർ ടീമിനെ പ്രഖ്യാപിച്ചത്.
ബസറ ഇൻറർനാഷനൽ, അൽ മിന സ്റ്റേഡിയങ്ങളിലായി നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായതായി സംഘാടക സമിതി നേരത്തേ അറിയിച്ചിരുന്നു. 2019ൽ അവസാനമായി നടന്ന ചാമ്പ്യൻഷിപ്പിൽ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തി ബഹ്റൈനാണ് കിരീടത്തിൽ മുത്തമിട്ടത്. ആതിഥേയരായിരുന്ന ഖത്തറിന് സെമിയിൽ സൗദി അറേബ്യക്ക് മുന്നിൽ കാലിടറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.