ഔഖാഫ് മന്ത്രാലയം അറബി കാലിഗ്രഫി മത്സരം ചൊവ്വാഴ്ച
text_fieldsദോഹ: ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിൽ അറബി കാലിഗ്രഫി മത്സരം ചൊവ്വാഴ്ച നടക്കും. ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽ മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്ററിൽ ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രി ഗാനിം ബിൻ ഷഹീന് അൽ ഗാനിമിന്റെ സാന്നിധ്യത്തിലാണ് മത്സരം നടക്കുക.
ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിന്റെ(എം.ഐ.എ) സഹകരണത്തോടെ ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽമഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര മത്സരമാണിതെന്ന് വാർത്തക്കുറിപ്പിൽ മന്ത്രാലയം അറിയിച്ചു. അറബ് രാജ്യങ്ങൾ ഉൾപ്പെടെ മുഴുവൻ രാജ്യങ്ങൾക്കുമിടയിൽ സാംസ്കാരിക വിനിമയം ശക്തമാക്കാനുള്ള ഖത്തർ ദേശീയ ദർശനം 2030ന്റെ ലക്ഷ്യത്തിന് അനുസൃതമാണ് ഇത്തരം പരിപാടികളെന്ന് ഔഖാഫ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള പ്രതിഭാധനരായ കാലിഗ്രാഫർമാരെ കണ്ടെത്താനും ആദരിക്കാനും കാലിഗ്രഫിക്ക് പ്രചാരവും പ്രോത്സാഹനവും നൽകാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇസ്ലാമിക സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽ മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ വലിയ പങ്കാണ് വഹിക്കുന്നത്. അറബി മാതൃഭാഷയല്ലാത്തവരെ അറബി ഭാഷ പഠിപ്പിക്കാനും ഖത്തരി സംസ്കാരവും അറബ് പൈതൃകവും പരിചയപ്പെടുത്താനും കേന്ദ്രം അവസരമൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.