ഖത്തറിന്റെ മധ്യസ്ഥത; യുക്രെയ്ൻ-റഷ്യൻ കുട്ടികൾക്ക് പുനഃസമാഗമം
text_fieldsദോഹ: റഷ്യ -യുക്രെയ്ൻ യുദ്ധത്തിനിടെ രക്ഷിതാക്കളിൽനിന്നും വേർപിരഞ്ഞ കുട്ടികളെ വീണ്ടും അവരുടെ കുടുംബങ്ങളിലെത്തിച്ച് ഖത്തറിന്റെ മധ്യസ്ഥത. 10 യുക്രെയ്ൻ കുട്ടികളെയും നാല് റഷ്യൻ കുട്ടികളെയുമാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ അവരുടെ കുടുംബങ്ങളിലെത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
റഷ്യക്കും യുക്രെയ്നുമിടയിൽ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ മാസങ്ങളായി തുടരുകയാണെന്നും, ഇക്കാലയളവിൽ അഞ്ച് കുട്ടികളെ റഷ്യയിലെ അവരുടെ കുടുംബങ്ങളിലേക്കും 43 കുട്ടികളെ യുക്രെയ്നിലെ കുടുംബങ്ങളിലേക്കും തിരികെയത്തിക്കാൻ സാധിച്ചെന്നും അൽ അൻസാരി കൂട്ടിച്ചേർത്തു. ഇരു കക്ഷികളുടെയും സഹകരണത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
അന്താരാഷ്ട്ര തലത്തിൽ സമാധാനം കൊണ്ടുവരുന്നതിലെ ഖത്തറിന്റെ ശ്രമങ്ങളുടെയും യുദ്ധത്തിന്റെ തുടക്കം മുതൽ ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ നൽകിയതിന്റെയും ഫലമാണ് ഈ കരാറെന്നും ഡോ. മാജിദ് അൽ അൻസാരി ചൂണ്ടിക്കാട്ടി. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ റാശിദ് അൽ ഖാതിറിനെയും റഷ്യൻ, യുക്രെയ്ൻ അധികാരികളെയും അദ്ദേഹം അഭിനന്ദിച്ചു. സംഘട്ടനങ്ങളുടെയും യുദ്ധങ്ങളുടെയും ശാരീരിക, മാനസിക ആഘാതങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.