മധ്യസ്ഥ ചർച്ച പ്രതിസന്ധികൾ നിറഞ്ഞത് -ഖത്തർ
text_fieldsസ്വന്തം ലേഖകൻ
ദോഹ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണക്കാരായ ബന്ദികളുടെ മോചനത്തിനാണ് മധ്യസ്ഥ ചർച്ചകളിൽ പ്രഥമ പരിഗണനയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി.
ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്കുകൂടി ദീർഘിപ്പിച്ചതിനു പിന്നാലെ ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിലെ സമാധാന ചര്‍ച്ചകള്‍ ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുദ്ധത്തിലെ പ്രധാന കക്ഷിയായ ഇസ്രായേലിനെ അനുരഞ്ജന പാതയിലേക്ക് നയിക്കലായിരുന്നു ദുർഘടമായ ദൗത്യമെന്നും പറഞ്ഞു. ‘ഇരുപക്ഷത്തിനും അവരുടേതായ ആവശ്യങ്ങളും മുൻഗണനകളുമുണ്ട്.
അതിനാല്‍ തന്നെ ചര്‍ച്ചകള്‍ കടുപ്പമേറിയതായിരുന്നു. മധ്യസ്ഥ ദൗത്യത്തിൽ ഇസ്രായേലിനെ അനുനയിപ്പിക്കുകയായിരുന്നു ഏറെ കടുപ്പം’ - മാജിദ് അൽ അൻസാരി പറഞ്ഞു. ‘നാലു ദിവസ വെടിനിർത്തലിനുള്ള കരാറിലെ വ്യവസ്ഥകള്‍ പ്രകാരം തന്നെയാണ് രണ്ടുദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചത്. അതേ സമയം ആകെ എത്ര ബന്ദികളാണ് ഹമാസിന്റെ തടവിലുള്ളതെന്ന് വ്യക്തമല്ല. മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണത്തില്‍ മാത്രമാണ് ഖത്തറിന് വിവരമുള്ളത്. വെടിനിർത്തൽ സമയത്തും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണങ്ങള്‍ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് കരാറിനെ ബാധിക്കില്ല’ -മാജിദ് അല്‍ അന്‍സാരി പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണക്കാരായ ബന്ദികളുടെ മോചനത്തിനാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ വിദേശകാര്യ വക്താവ് സൈനികരുടെ മോചന കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും പറഞ്ഞു. വെടിനിർത്തൽ വേളയിൽ ബന്ദിമോചനത്തിനും തടവുകാരുടെ കൈമാറ്റത്തിനുമൊപ്പം ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കുകയാണ് ഖത്തർ. അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ നേതൃത്വത്തിലുള്ള സംഘം ഏകോപനങ്ങൾക്കായി തെക്കൻ ഗസ്സയിലെത്തിയതായും, ഇതിനകം 27 വിമാനങ്ങളിലായി ഖത്തർ 910 ടൺ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.