സ്കൂളിലേക്ക് ഇ- ബസിൽ
text_fieldsദോഹ: പുതിയ അധ്യയന വർഷം നിരത്തിലെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളുടേത് കൂടിയായി മാറുമെന്ന് ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത് (കർവ). അധ്യയന വർഷത്തിൽ 3000ത്തോളം പരിസ്ഥിതി സൗഹൃദ സ്കൂൾ ബസുകൾ ഉന്നത സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സർവിസ് നടത്താൻ സജ്ജമായതായി ‘ബാക് ടു സ്കൂൾ’കാമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കർവ മേധാവികൾ അറിയിച്ചു.
യൂറോ ഫൈവ് സ്റ്റാൻഡേഡിലുള്ള വലിയൊരു നിര ഡീസൽ ബസുകളും, പത്ത് ഇലക്ട്രിക് ബസുകളും സ്കൂൾ സർവിസിനായി സജ്ജമായതായി മുവാസലാത് (കർവ) സ്ട്രാറ്റജി മാനേജ്മെൻറ് ഓഫിസ് ഡയറക്ടർ മുഹമ്മദ് അഹ്മദ് അബുഖദിജയെ ഉദ്ധരിച്ച് പ്രദേശിക മാധ്യമമായ ‘ദി പെനിൻസുല’ റിപ്പോർട്ട് ചെയ്തു. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ച ബാക് ടു സ്കൂൾ കാമ്പയിൻ ഉദ്ഘാടന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കഴിഞ്ഞ മേയിൽതന്നെ ഗതാഗത മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് പുതിയ ഇലക്ട്രിക് സ്കൂൾ ബസുകൾ പുറത്തിറക്കിയിരുന്നു. ദോഹയിൽ നടന്ന ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായാണ് ഇ-ബസ് പുറത്തിറക്കിയത്. കാർബൺ ബഹിർഗമനം കുറക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബസുകൾ ഉൾപ്പെടെ മുഴുവൻ പൊതുഗതാഗത ബസുകളും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുന്നതായി ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
യൂറോ ഫൈവിനും അതിനുമുകളിലുമുള്ള ഇന്ധന ഉപയോഗത്തിലൂടെ ഗതാഗതം കൂടുതൽ പരിസ്ഥിതി സൗഹൃദമാകുമെന്നും വ്യക്തമാക്കി. 2030ഓടെ രാജ്യത്തെ മുഴുവൻ പൊതുഗതാഗത സംവിധാനവും വൈദ്യുതീകരിക്കുകയും പ്രധാന ലക്ഷ്യമാണ്. കൂടുതൽ സുരക്ഷ മികവോടെയാണ് ഇ-സ്കൂൾ ബസുകൾ തയാറാക്കിയത്. ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനങ്ങൾ, മികച്ച എയർകണ്ടീഷണർ, സെൻസർ സംവിധാനങ്ങളോടെയുള്ള സേഫ്റ്റി ലോക് ഡോറുകൾ, ഫസ്റ്റ് എയ്ഡ് ബോക്സ്, എൻജിൻ സെൻസർ സിസ്റ്റം, എക്സ്റ്റേണൽ സെൻസറുകൾ, ജി.പി.എസ്, ഡ്രൈവറുടെ നിലവാരം നിരീക്ഷിക്കുന്ന മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.