ദോഹയിലെത്തി; ഇനി സൗദിയിലേക്ക്
text_fieldsദോഹ: നാട്ടിൽ കുടുങ്ങിയ നിരവധി സൗദി, ഒമാൻ, യു.എ.ഇ പ്രവാസികളുടെ പ്രതീക്ഷയാണ് ഖത്തർ വഴിയുള്ള മടക്കയാത്ര. വ്യാഴാഴ്ച ഖത്തറിലെത്തിയ മലയാളി യാത്രക്കാർ അവർക്ക് തുറന്നുനൽകുന്നത് പ്രതീക്ഷയുടെ വാതിലുകളാണ്. മലപ്പുറം കൊട്ടപ്പുറം സ്വദേശി കെ.കെ. അബ്ദുൽ റസാഖും പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ ഷറഫുദ്ദീനും ബഷീറുമാണ് വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായി ദോഹയിൽ വിമാനമിറങ്ങിയത്.
സൗദിയിലെ ത്വാഇഫിൽ ജോലിചെയ്യുന്ന അബ്ദുൽ റസാഖ് രാവിലെ ആറിന് കോഴിക്കോട്നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലും മറ്റു രണ്ടു പേരും വൈകുന്നേരം കൊച്ചിയിൽനിന്നും പുറപ്പെട്ട ഇൻഡിഗോ എയർലൈൻസിനുമായിരുന്നു ഖത്തറിലെത്തിയത്. തങ്ങളുടെ യാത്രാനുഭവങ്ങൾ 'ഗൾഫ് മാധ്യമ'വുമായി പങ്കുവെക്കുകയാണ് ഇരുവരും.
'2020 നവംബർ ഒന്നിനാണ് ആറു മാസത്തെ അവധിക്കായി നാട്ടിലെത്തിയത്. ഇപ്പോൾ ഒമ്പത് മാസം കഴിഞ്ഞു നാട്ടിൽ കുടുങ്ങിയിട്ട്. ജൂൈല 31നുള്ളിൽ സൗദിയിൽ തിരിച്ചെത്തണമെന്നതിനാലാണ് ഖത്തർ ഓൺ അറൈവൽ യാത്ര ആരംഭിച്ചു എന്നറിഞ്ഞ ഉടൻ തന്നെ യാത്രക്കൊരുങ്ങിയത്. യാത്രാനുമതി പ്രാബല്യത്തിൽ വന്നു എന്നറിഞ്ഞതോടെ കോഴിക്കോടുനിന്ന് എയർ ഇന്ത്യക്ക് റിട്ടേൺ ഉൾപ്പെടെ വിമാന ടിക്കറ്റ് ബുക്കുചെയ്യുകയായിരുന്നു. യാത്ര പുറപ്പെടുന്നതിനു മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് എടുത്തു. ശേഷം, ഇഹ്തിറാസ് വഴി ആവശ്യമായ രേഖകൾ സബ്മിറ്റ് ചെയ്ത് യാത്രാനുമതി സ്വന്തമാക്കി. കോവിഡ് പരിശോധന ഫലം, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് കോപ്പി, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ എന്നിവയാണ് അപ്ലോഡ് ചെയ്തത്.
വിമാനത്താവളത്തിലെത്തിയിട്ടും എൻെറ ഇഹ്തിറാസ് അപേക്ഷക്ക് അനുമതി ലഭിക്കാതിരുന്നത് ആശങ്കയായി. നടപടിക്രമങ്ങൾ തുടരുന്നു എന്നായിരുന്നു സ്റ്റാറ്റസ്. എങ്കിലും യാത്ര ചെയ്യാൻ അനുമതി ലഭിച്ചു. തുടർന്ന് ഖത്തറിലെത്തിയപ്പോൾ സംസ്ഥാന സർക്കാറിൻെറ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് പകരം, കേന്ദ്രസർക്കാറിൻെറ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ഇഹ്തിറാസ് എൻട്രി പെർമിറ്റ് തയാറായി. ശേഷം, എമിഗ്രേഷൻ നടപടികളും ആർ.ടി.പി.സി.ആർ ടെസ്റ്റും കഴിഞ്ഞ് എളുപ്പത്തിൽ തന്നെ പുറത്തിറങ്ങാനും കഴിഞ്ഞു. 14 ദിവസത്തിനുശേഷം സൗദിയിലേക്ക് പോകാനാണ് പദ്ധതി. സ്വന്തം നിലയിൽ തന്നെ വിമാന ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും എടുത്തതിനാൽ വലിയ ചെലവുകളൊന്നുമില്ലാതെ തന്നെ ഖത്തറിൽ എത്താൻ കഴിഞ്ഞു'- സൗദിയിലേക്ക് മടങ്ങാനായി ഖത്തറിലെത്തിയ അബ്ദുൽ റസാഖ് പറയുന്നു.
'യാത്രക്കു മുമ്പായി എട്ടു മണിക്കൂർ നേരത്തേതന്നെ ഇഹ്തിറാസ് അനുമതി ലഭിച്ചിരുന്നു. കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ ഖത്തർ ഐ.ഡി ചോദിച്ചെങ്കിലും ഓൺ അറൈവൽ വഴിയാണ് യാത്ര ചെയ്യുന്നതെന്ന് അവരെ ബോധ്യപ്പെടുത്തി.
ഇഹ്തിറാസ് അനുമതിയുടെ കോപ്പിയും അധികൃതർക്ക് കാണിച്ചു കൊടുത്തു. ഖത്തറിലെത്തിയപ്പോൾ, കുറച്ച് വൈകിയെങ്കിലും പ്രയാസങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങാൻ കഴിഞ്ഞു. ആർ.ടി.പി.സി.ആർ ടെസ്റ്റും എമിഗ്രേഷനും കഴിഞ്ഞാണ് പുറത്തിറങ്ങിയത്. 14ദിവസം പൂർത്തിയാക്കിയാൽ സൗദിയിലേക്ക് തിരിച്ചു പോവാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ' -സൗദിയിലേക്ക് പോകാനായി വ്യാഴാഴ്ച വൈകുന്നേരത്തോടെ ദോഹയിലെത്തിയ ഷറഫുദ്ദീനും ബഷീറും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.