സമ്പദ് വളർച്ചയിൽ നിർമിതബുദ്ധി കരുത്താകും
text_fieldsദോഹ: സാങ്കേതികരംഗത്ത് വിപ്ലവകരമായി സാന്നിധ്യമായി മാറുന്ന നിർമിതബുദ്ധി ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ചയിലും പങ്കുവഹിക്കുമെന്ന് വിദഗ്ധർ. 2030നകം രാജ്യത്തിന്റെ ജി.ഡി.പി വളർച്ചയുടെ 8.2 ശതമാനം നിർമിതബുദ്ധിയിലൂടെ എത്തുമെന്ന് മൈക്രോ സോഫ്റ്റ് ഖത്തർ ജനറൽ മാനേജർ ലന ഖലഫ് പറഞ്ഞു. വിവിധ മേഖലയിലെ വികസനത്തിൽ നിർണായക സാന്നിധ്യമായി മാറുന്ന നിർമിതബുദ്ധി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ വളർച്ചയിലും കരുത്തായി മാറുമെന്നാണ് പ്രവചനം.
ജനറേറ്റീവ് എ.ഐയുടെ പൂർണ സ്വാധീനം ഇല്ലാതെതന്നെ ആഗോള സമ്പദ് വ്യവസ്ഥയിലേക്ക് 15.7 ട്രില്യൻ ഡോളർ സംഭാവന ചെയ്യും. ഇതിൽ 320 ബില്യൻ ഡോളർ മധ്യപൂർവദേശത്തിലേക്കാണ്. നിർമിതബുദ്ധി സ്വീകരിക്കലും അതിന്റെ പരിവർത്തനഫലവും ഖത്തറിന്റെ ജി.ഡി.പിയെ ഗണ്യമായി സ്വാധീനിക്കും -നിർമിതബുദ്ധിയുടെ സ്വാധീനം സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ലന ഖലാഫ് പഞ്ഞു.
ഖത്തർ ദേശീയ വിഷൻ എന്ന ലക്ഷ്യം മുൻ നിർത്തി നടത്തുന്ന വിവിധ പദ്ധതികളിൽ നിർമിത ബുദ്ധി ഭാഗമാവുമ്പോൾ 2030ഓടെ 8.2 ശതമാനം ഈ വിഭാഗത്തിൽനിന്ന് വളർച്ച പ്രതീക്ഷിക്കാമെന്ന് ലന ഖലാഫ് വ്യക്തമാക്കി.
നിർമിതബുദ്ധി വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തുന്നു. സമ്പദ് വ്യവസ്ഥ, തൊഴിൽ, വ്യവസായം എന്നിവക്കൊപ്പം നിത്യജീവിതത്തിൽ വരെ നിർമിതബുദ്ധിയുടെ സ്വാധീനമുണ്ട്. അതിന്റെ മാറ്റം സമ്പദ് വ്യവസ്ഥയിലും പ്രകടമാവും. വരും കാലങ്ങളിൽ സാമ്പത്തിക മേഖലയുടെ വളർച്ചയിൽ താക്കോൽസ്ഥാനത്തായിരിക്കും നിർമിതബുദ്ധി -അവർ വിശദീകരിച്ചു. ഖത്തറിലെ തൊഴിൽ മേഖലയിൽ നിർമിത ബുദ്ധിയുടെ സ്വാധീനം എന്ന തലക്കെട്ടിൽ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഖത്തർ കമ്പ്യൂട്ടിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ജി.ഡി.പി വളർച്ചയിൽ നിർമിതബുദ്ധി കാര്യമായ സാന്നിധ്യമാവുമെന്ന് പ്രവചിക്കപ്പെടുന്നു.
‘ഖത്തറിനെ സംബന്ധിച്ചിടത്തോളം, എ.ഐ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു ഭാവി ഒരു അപ്രതീക്ഷിതമായിരിക്കും. സാങ്കേതിക-വ്യവസായിക മേഖലയിൽ വിപ്ലവകരമായി മാറിയ എ.ഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ പല രാജ്യങ്ങളും ജാഗ്രതപുലർത്തുന്നുണ്ട്. വലിയൊരു വിഭാഗം തൊഴിൽനഷ്ടവും സ്ഥാനചലനവും മാറ്റവും സംഭവിക്കുന്നത് സാമൂഹിക അരക്ഷിതത്വവും അതോടൊപ്പം തൊഴിലാളികളുടെ നൈപുണ്യം വർധിക്കുന്നത് ഉൾപ്പെടെ പ്രാരംഭ ചെലവിനും വഴിയൊരുക്കും’ -റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിനകംതന്നെ ഖത്തറിൽ വിവിധ മേഖലകളിൽ നിർമിതബുദ്ധിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ആരോഗ്യം, നീതിന്യായം ഉൾപ്പെടെ മേഖലകളിൽ നിർമിതബുദ്ധി സേവനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.