ദേശീയ ദിന സമ്മാനമായി ഗിന്നസ് നേട്ടം
text_fieldsദോഹ: ഖത്തറിന് ദേശീയ ദിനാഘോഷ സമ്മാനമായി വീണ്ടുമൊരു ഗിന്നസ് വേൾഡ് റെക്കോഡ് നേട്ടം. 35,000ത്തോളം പ്ലാസ്റ്റിക് കുപ്പികൾ അടുക്കിവെച്ച്, ‘മിൻ ഖൈർ ഖത്തർ’ എന്നെഴുതിയാണ് ദേശീയ ദിനത്തിൽ രാജ്യം വീണ്ടുമൊരിക്കൽ ഗിന്നസിന്റെ കൊടുമുടിയിലേറിയത്. ദോഹ എക്സ്പോ വേദിയിൽ ഭക്ഷ്യ, പാലുൽപന്ന കമ്പനിയായ മസാർടിയുമായി സഹകരിച്ചായിരുന്നു ഗിന്നസ് ശ്രമം. ദോഹ എക്സ്പോയുടെ സുസ്ഥിര ഭക്ഷ്യ പങ്കാളി കൂടിയാണ് മസാർടി.
ഖത്തറിന്റെ ദേശീയ പതാകയുടെ നിറമായ മെറൂണും വെള്ളയും കളറിൽ പ്ലാസ്റ്റിക് കുപ്പികൾ അടുക്കിവെച്ചായിരുന്നു മനോഹരമായ ഡിസൈനിൽ ‘മിൻ ഖൈർ ഖത്തർ’ എന്ന് അറബിയിൽ എഴുതിയത്. ഗിന്നസ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഈ റെക്കോഡ് പരിശ്രമം. തുടർന്ന് അതേ വേദിയിൽ തന്നെ ഗിന്നസ് ഉദ്യോഗസ്ഥർ റെക്കോഡ് അടയാളപ്പെടുത്തിയ സാക്ഷ്യപത്രം ദോഹ എക്സ്പോ അധികൃതർക്ക് കൈമാറി.
ഒക്ടോബർ രണ്ടിന് ആരംഭിച്ച എക്സ്പോയിൽ പിറക്കുന്ന മൂന്നാമത്തെ ഗിന്നസ് റെക്കോഡാണിത്. നേരത്തെ, ലോകത്തിലെ ഏറ്റവും വലിയ ഹരിത മേൽക്കൂരയൊരുക്കിയതും, ലോകത്തിലെ ഏറ്റവും വലിയ ത്രീ ഡി പ്രിൻറ് സാങ്കേതിക വിദ്യയയിലൊരുക്കിയ കോൺക്രീറ്റ് നിർമിതിയും നേരത്തെ ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.