കളിയല്ല, കാര്യമാണ് കായികം
text_fieldsദോഹ: വ്യായാമത്തിെൻറയും സ്പോർട്സിെൻറയും പ്രധാന്യം പൊതുജനങ്ങളുടെ ജീവിതത്തിലേക്ക് പകർന്ന് നാടെങ്ങും കായിക ദിനാഘോഷം. രാജ്യം പൊതുഅവധി നൽകി വരവേറ്റ ദേശീയ കായികദിനത്തിൽ രാഷ്ട്രത്തലവൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മുതൽ വിവിധ മന്ത്രിമാർ, ഉദ്യോഗസ്ഥർ, വിവിധ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ കമ്പനികളും ജീവനക്കാരും, വിവിധ കമ്യൂണിറ്റി സംഘടനകൾ എന്നിവർ ഒരുപോലെ അണിചേർന്നു.
എല്ലാ കായിക ദിനാഘോഷത്തിലും വ്യത്യസ്ത ഇനങ്ങളിൽ പങ്കെടുത്ത് കായിക സന്ദേശം ജനങ്ങളിലേക്ക് പകരുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇത്തവണയും പതിവു തെറ്റിച്ചില്ല. പ്രകൃതി സൗന്ദര്യവുമായി കാത്തിരിക്കുന്ന പർപ്ൾ ഐലൻഡിലെ (ബിൻ ഗന്നാം ഐലൻഡ്) കണ്ടൽ സമൃദ്ധമായ തീരത്ത് തുഴച്ചിൽ നടത്തിയാണ് അമീർ ദേശീയ കായികദിനത്തിെൻറ ഭാഗമായത്. പൊതുജനങ്ങൾ, കായിക ക്ഷമത നിലനിർത്താനും വ്യായാമവും ആരോഗ്യ ചിന്തകളും സജീവമാക്കി മികച്ച സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള സന്ദേശം എല്ലാവരിലേക്കും പകരുന്നതാണ് അമീറിെൻറ പങ്കാളിത്തം.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർക്കൊപ്പം പർപ്ൾ ഐലൻഡിലെ കണ്ടൽപ്രദേശത്ത് റോവിങ് നടത്തുന്ന അമീറിെൻറ ചിത്രം അമീരി ദിവാൻ പങ്കുവെച്ചു. മരുഭൂമിയിൽ കണ്ടൽ സമൃദ്ധികൊണ്ട് ഏറെ സമ്പന്നമായ മേഖലയാണ് അൽ ഖോറിൽനിന്നും അധികം ദൂരെയല്ലാത്ത പർപ്ൾ ഐലൻഡ്. അറേബ്യൻ ഉൾക്കടലിനോട് ചേർന്ന ഈ കണ്ടൽപ്രദേശം വിനോദസഞ്ചാരികളുടെ പ്രധാനകേന്ദ്രം എന്നതിനൊപ്പം പ്രകൃതി സമ്പന്നവുമാണ്.
സ്വദേശികളും മലയാളികൾ ഉൾപ്പെടെ വിവിധ ദേശക്കാരായ പ്രവാസികളുമെല്ലാം ചൊവ്വാഴ്ച രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കായിക ദിനത്തിൽ പങ്കുചേർന്നു. പാർക്കുകൾ, കടൽ തീരങ്ങൾ, സ്റ്റേഡിയം പരിസരങ്ങൾ, ഖത്തർ ഫൗണ്ടേഷനു കീഴിൽ എജുക്കേഷൻ സിറ്റി, അൽ ബിദ പാർക്കിലെ ദോഹ എക്സ്പോ, കോർണിഷ് തുടങ്ങി എല്ലായിടങ്ങളും കായികദിന പരിപാടികളാൽ സജീവമായി.
കുട്ടികളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലും നടത്തവും, ഓട്ട മത്സരങ്ങൾ, ബോധവത്കരണ പരിപാടികൾ, ഗെയിംസുകൾ എന്നിവയുമായും കായികദിനം ആഘോഷിച്ചു. അമീരി ദിവാൻ, ആഭ്യന്തര മന്ത്രാലയം, മുവാസലാത്ത്, ശൂറാ കൗൺസിൽ, സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഉൾപ്പെടെ കേന്ദ്രങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.