മരുഭൂമിയെ പച്ചപ്പാക്കുന്ന ജാലവിദ്യ
text_fieldsദോഹ: വിജനമായ മരുഭൂമിയും ചുട്ടുപൊള്ളുന്ന മണൽക്കൂനകളും എന്നെല്ലാം അറേബ്യൻ മണ്ണിനെക്കുറിച്ച് വിശേഷിപ്പിക്കാൻ വരട്ടെ... അതിനുമുമ്പ് പുറത്തിറങ്ങി ഏതാനും കിലോമീറ്റർ സഞ്ചരിക്കണം. നോക്കെത്താദൂരെ വരണ്ടുണങ്ങിക്കിടക്കുന്ന മണ്ണും നിഗൂഢമായ മരുഭൂമിയും ഈന്തപ്പനകളും മാത്രമായിരുന്ന മരുഭൂ നാട് ഇപ്പോൾ പച്ചവെച്ചുതുടങ്ങുകയാണ്.
സിദ്ര മരങ്ങളും ഗാഫും അക്കേഷ്യയും അറീനും ഖനീഖും അലാൻഡയും കണ്ടൽ മരങ്ങളും ഉൾപ്പെടെ നാടിന്റെ പലയിടങ്ങളിലും മരങ്ങൾ പച്ചപിടിക്കുന്നു. ലോകകപ്പ് ഫുട്ബാളിനെ പരിസ്ഥിതിസൗഹൃദ അന്താരാഷ്ട്ര മേളയാക്കിമാറ്റി ലോകത്തെ അതിശയിപ്പിച്ച ഖത്തർ കാലാവസ്ഥ വ്യതിയാനത്തെയും ലോകത്തിന്റെ മരുഭൂവത്കരണത്തെയും ഏറ്റവും മാതൃകാപരമായി നേരിടുന്ന രാജ്യമാണ്. റോഡരികുകളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും വിശാലമായ പാർക്കുകൾ നിർമിച്ചും ചുട്ടുപൊള്ളുന്ന മരുഭൂമിക്കുമുകളിൽ പച്ചപ്പ് വിരിക്കുന്ന ജാലവിദ്യ തുടരുകയാണ് ഖത്തർ.
തണൽ വിരിച്ച് ദശലക്ഷം മരങ്ങൾ
2022 ഡിസംബർ 18ന് ലോകത്തിന്റെ ശ്രദ്ധയെല്ലാം ഖത്തറിൽ ലുസൈലിന്റെ മണ്ണിലേക്കായിരുന്നു. രാജ്യം ദേശീയ ദിനം ആഘോഷിച്ച ആ ദിവസംതന്നെയായിരുന്നു അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടിയ ലോകകപ്പ് ഫുട്ബാളിന്റെ ഫൈനൽ. ലയണൽ മെസ്സി സ്വർണകിരീടത്തിൽ മുത്തമിട്ട ആ ദിനത്തിൽതന്നെ ഖത്തറിന്റെ മണ്ണിൽ മറ്റൊരു അത്ഭുതവും നടന്നിരുന്നു. ഫുട്ബാൾ ആവേശപ്പെരുമഴയിൽ മുങ്ങിപ്പോയെങ്കിലും ഒരുകാലത്തും മായ്ച്ചുകളയാനാവാത്ത വിധം അടയാളപ്പെടുത്തലായിരുന്നു അത്. ലോകകപ്പ് ഫൈനൽ നടന്ന പകലിൽ അന്നത്തെ പ്രധാനമന്ത്രികൂടിയായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പോസ്റ്റ് ഓഫിസ് പാർക്കിൽ മണ്ണിലേക്ക് ചേർത്തുവെച്ചത് ചരിത്രമായിരുന്നു. രാജ്യത്തെ ഹരിതാഭമാക്കുകയെന്ന പദ്ധതിയുടെ ഭാഗമായി ‘വൺ മില്യൺ ട്രീ’യിലെ പത്ത് ലക്ഷം തികച്ച മരംനടീലായിരുന്നു അത്.
ലോകകപ്പിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്ത് ലക്ഷം മരങ്ങൾ എന്ന പദ്ധതി ഫൈനൽ ദിവസം തന്നെ പൂർത്തിയാക്കി ഖത്തർ മാതൃകയായി. സ്റ്റേഡിയങ്ങളോട് ചേർന്ന് നിർമിച്ച മരങ്ങളും പാർക്കുകളും, റോഡരികുകളിൽ നട്ടുവളർത്തിയ മരങ്ങൾ, പാർക്കുകളെ ചെറുകാടുകളാക്കിയുള്ള ഹരിതവത്കരണം. അങ്ങനെയങ്ങനെ ഖത്തറിന്റെ ശ്രമം പത്ത് ലക്ഷം കടന്നു. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്. 2022 മാർച്ചിൽ 7.50 ലക്ഷം മരങ്ങളായിരുന്നുവെങ്കിൽ വർഷാവസാനം ആകുമ്പോഴേക്കും 10 ലക്ഷം കടന്നു. 2030 ആവുമ്പോഴേക്കും രാജ്യത്തെ ഹരിതവത്കരണ യത്നം ഒരു കോടി മരങ്ങളായി ഉയര്ത്താനാണ് പദ്ധതി.
സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ, വിവിധ രാജ്യങ്ങളുടെ എംബസികൾ, വിവിധ കമ്യൂണിറ്റി സംഘടനകൾ, സ്കൂളുകൾ എന്നിവരുടെ നേതൃത്വത്തിലാണ് ഖത്തറിന്റെ മണ്ണിനെ ഹരിതവത്കരിക്കുന്ന പദ്ധതി നടപ്പാക്കിയത്. മരങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കുകയെന്ന ലക്ഷ്യവുമായാണ് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ മരം നടീൽ നടപ്പാക്കിയത്. അന്താരാഷ്ട്ര തലത്തിൽതന്നെ ഖത്തറിന്റെ യത്നം ഏറെ പ്രശംസിക്കപ്പെട്ടു. ലോകകപ്പിനെത്തിയ വിദേശികളായ ആരാധകരും പച്ചപ്പണിഞ്ഞ നാടിന്റെ ഹരിതാഭത്തെ ഏറെ പ്രശംസിച്ചിരുന്നു. പത്തു ലക്ഷം മരം നടലിന്റെ ഭാഗമായി 2021 ഒക്ടോബർ ഒമ്പതിന് ദുഖാൻ റോഡിൽ 66 രാജ്യക്കാർ ഒരേസമയം മരങ്ങൾ വെച്ചുപിടിപ്പിച്ച് ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടംനേടിയും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.