അവാർഡുകൾ വാരിക്കൂട്ടി അഷ്ഗാൽ
text_fieldsദോഹ: അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ മികച്ച ഗുണനിലവാരവുമായി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ അവാർഡുകൾ വാരിക്കൂട്ടി ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ ‘അഷ്ഗാൽ’. റോഡ്സ് പ്രോജക്ട്സ് വിഭാഗത്തിൽ പത്ത് ഇൻറർനാഷനൽ സേഫ്റ്റി അവാർഡുകളാണ് അഷ്ഗാലിനെ തേടിയെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന റോഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനപദ്ധതികളാണ് പുരസ്കാരത്തിന് അർഹമായത്.
പാക്കേജ് ഒന്നിലെ ഉംസലാൽ അലി, ഉമ്മു ഇബൈരിയ വില്ലേജ്, സൗത് ഉമ്മ് അൽ അമാദ് ആൻഡ് നോർത് സു ഫസില, പാക്കേജ് മൂന്നിലെ അൽ വജ്ബ ഈസ്റ്റ് പ്രോജക്ട്, പാക്കേജ് രണ്ടിലെ അൽ ഖീസ നോർത്ത് ആൻഡ് ഈസ്റ്റ്, പാക്കേജ് ഒന്നിലെ ഉമ്മു സലാൽ മുഹമ്മദ്, പാക്കേജ് ഒന്നിലെ ഉമ്മു സലാൽ മുഹമ്മദ് റോഡ് ഗ്രേഡിങ് പ്രോജക്ട്, അബു സംറ ബോർഡർ ക്രോസിങ് പ്രോജക്ട്, ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ നിർമാണങ്ങൾ, പടിഞ്ഞാറൻ മേഖലയിലെ റോഡ് വികസനപദ്ധതി എന്നിവക്കാണ് പുരസ്കാരങ്ങൾ.
തൊഴിലിട സുരക്ഷയും ക്ഷേമ പ്രവർത്തനങ്ങളും പരിഗണിച്ച് ഇൻറർനാഷനൽ സേഫ്റ്റി അവാർഡ് വിത്ത് മെറിറ്റ് പുരസ്കാരവും സ്വന്തമാക്കി. റോഡ് നിർമാണങ്ങളിലെ സുരക്ഷ, തൊഴിലാളി ക്ഷേമ പദ്ധതികൾ, ആരോഗ്യ പദ്ധതി എന്നിവ ഉൾപ്പെടെ പരിഗണിച്ചാണ് ബ്രിട്ടീഷ് കൗൺസിൽ പുരസ്കാര പ്രഖ്യാപനം.
തുടർച്ചയായി അഞ്ചാം വർഷമാണ് അഷ്ഗാലിന് ഇൻറർനാഷനൽ സേഫ്റ്റി പുരസ്കാരമെത്തുന്നത്. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള അഷ്ഗാലിന്റെ നിർമാണ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തുടർച്ചയായ അവാർഡ് നേട്ടങ്ങളെന്ന് അഷ്ഗാൽ റോഡ് പ്രോജക്ട്സ് വിഭാഗം മാനേജർ എൻജി. സൗദ് അൽ തമിമി പറഞ്ഞു. 2020 മൂന്നും, 2021ൽ നാലും, 2022ൽ ഒമ്പതും, 2023ൽ എട്ടും പുരസ്കാരങ്ങൾ അഷ്ഗാലിനെ തേടിയെത്തിയിരുന്നു.
നിർമാണ പ്രവർത്തനങ്ങളുടെ കാര്യക്ഷമത, ജീവനക്കാരുടെ സുരക്ഷ, നിർമാണങ്ങളുടെ ഗുണനിലവാരം എന്നിവയും മാനദണ്ഡമായിരുന്നു. 2023ൽ അഷ്ഗാലിന്റെ വിവിധ നിർമാണപദ്ധതികളിൽ 32,000ത്തോളം തൊഴിലാളികൾ ജോലിക്കിറങ്ങിയപ്പോൾ തൊഴിലിട അപകട-പരിക്ക് നിരക്ക് 0.07 ശതമാനം മാത്രമായിരുന്നുവെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ എൻജി. അബ്ദുൽ അസീസ് അൽ മുഹന്നദി പറഞ്ഞു. 95 ദശലക്ഷം തൊഴിൽ മണിക്കൂറുകളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.