അൽഖോർ മേഖലയിൽ നിർമാണം പൂർത്തിയാക്കി അഷ്ഗാൽ
text_fieldsദോഹ: വടക്കൻ പ്രദേശങ്ങളായ അൽ എഗ്ദ, അൽ ഹീദാൻ, അൽഖോർ എന്നിവിടങ്ങളിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രധാന നിർമാണ പ്രവൃത്തികൾ (പാക്കേജ് 1)പൂർത്തിയായതായി പൊതു മരാമത്ത് അതോറിറ്റി അഷ്ഗാൽ അറിയിച്ചു. അഷ്ഗാലിന്റെ റിപ്പോർട്ടുകൾ പ്രകാരം നിർമാണ ജോലികൾ 95 ശതമാനം പൂർത്തിയായിട്ടുണ്ട്.
അൽഖോർ റോഡിന് പടിഞ്ഞാറ് അൽ എഗ്ദ പ്രദേശവും റോഡിന് കിഴക്ക് അൽ ഹീദാൻ പ്രദേശവും ഉൾക്കൊള്ളുന്ന അൽ ബെയ്ത്ത് സ്റ്റേഡിയത്തിന് പടിഞ്ഞാറൻ മേഖലയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രദേശത്ത് പൗരന്മാർക്കായി 738 പ്ലോട്ടുകളാണ് തയാറാക്കിയിരിക്കുന്നത്.
പ്രാദേശിക റോഡുകളും മഴവെള്ള-മലിനജല ഡ്രെയിനേജ് ശൃംഖലകളും പോലുള്ള അടിസ്ഥാന സൗകര്യ സേവനങ്ങളും വികസിപ്പിക്കുന്നതിലൂടെ പ്രദേശത്ത് വിപുലമായ പുരോഗതി കൈവരിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് അഷ്ഗാൽ റോഡ്സ് പ്രോജക്ട്സ് വിഭാഗം ദക്ഷിണ മേഖല മേധാവി എൻജി. അബ്ദുല്ല അൽ നഈമി പറഞ്ഞു.
പൗരന്മാരെ ഈ സ്ഥലങ്ങളിൽ അവർക്ക് വീടുകൾ പണിയാൻ അനുവദിക്കുമെന്നും പ്രദേശത്തെ ഭാവി പൊതു സൗകര്യങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കുമെന്നും അൽ നഈമി കൂട്ടിച്ചേർത്തു. 19 കിലോമീറ്റർ റോഡ് ശൃംഖലയും തെരുവ് വിളക്ക് സംവിധാനങ്ങളും തൂണുകളും അടയാളങ്ങളും റോഡ് അടയാളങ്ങളും തുടങ്ങി റോഡ് സുരക്ഷാ ഘടകങ്ങളും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോജക്ട് എൻജിനീയർ എൻജി. ഇസ്സ അൽ ഹെല്ലാബി പറഞ്ഞു.
38 കിലോമീറ്ററിലധികം നീളമുള്ള കാൽനട, സൈക്കിൾ പാതകളുടെ നിർമാണവും ഇതിലുൾപ്പെടും. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് തടയുന്നതിന് 44000 ഘന മീറ്റർ ശേഷിയുള്ള അടിയന്തര മഴവെള്ള സംഭരണിയും 20.4 കിലോമീറ്റർ ദൈർഘ്യമുള്ള കുടിവെള്ള ശൃംഖലയും പദ്ധതിയിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.