സുരക്ഷിത തൊഴിൽ മണിക്കൂറുകൾ പൂർത്തിയാക്കി അശ്ഗാൽ
text_fieldsദോഹ: ഖത്തറിന്റെ തെക്കൻ പ്രദേശങ്ങളിലെ ഡ്രെയിനേജ് അറ്റകുറ്റപ്പണി, പ്രവർത്തനം എന്നിവ ആരംഭിച്ച് അപകടരഹിതമായ 50 ലക്ഷം തൊഴിൽ മണിക്കൂറുകൾ പിന്നിട്ടതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു.അശ്ഗാൽ, കൺസൽട്ടിങ് ഓഫിസ് പ്രതിനിധികളുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിൽ തൊഴിലിടങ്ങളിലെ ആരോഗ്യ, സുരക്ഷ ഉറപ്പാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച മെറ്റിറ്റോ-ഖത്തറിന് ഡ്രെയിനേജ് നെറ്റ് വർക്സ് ഓപറേഷൻ ആൻഡ് മെയ്ൻറനൻസ് വിഭാഗം മാനേജർ എൻജി. ഖാലിദ് അൽ ഉബൈദലി പ്രശംസാപത്രം കൈമാറിയതായി അതോറിറ്റി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
തൊഴിലാളികളുടെയും കരാറുകാരുടെയും സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും ഉന്നത നിലവാരത്തിലുള്ള ആരോഗ്യ, സുരക്ഷ, പരിസ്ഥിതി സുസ്ഥിരതാ മാനദണ്ഡങ്ങളും നടപടികളുമാണ് അശ്ഗാൽ തൊഴിലിടങ്ങളിൽ പിന്തുടരുന്നതെന്നും എൻജി. അൽ ഉബൈദലി പറഞ്ഞു.800ലധികം പരിചയസമ്പന്നരായ എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രവർത്തനങ്ങളിലൂടെയാണ് തെക്കൻ ഖത്തറിലെ ഡ്രെയിനേജ് ശൃംഖലയുടെ പ്രവർത്തനവും അറ്റകുറ്റപ്പണിയും പൂർത്തിയാക്കിയത്.
ദോഹ, വക്റ, വുകൈർ, മഷാഫ്, ഇൻഡസ്ട്രിയൽ ഏരിയ, ഓൾഡ് എയർപോർട്ട്, മുശൈരിബ്, ഐൻ ഖാലിദ്, അബു ഹമൂർ, അൽ തുമാമ, നജ്മ, ബർവ, ബിർകത് അൽ അവാമിർ, മുകൈനിസ്, അൽ കരാന, ഇക്കണോമിക് സോൺ, മഅ്മൂറ, ന്യൂ സലത, ഉം ഗുവൈലിന, ദോഹ ജദീദ, ഓൾഡ് അൽഗാനെം, അൽ ഹിത്മി, അൽ അസീരി എന്നീ പ്രദേശങ്ങളുൾപ്പെടുന്നതാണ് ദക്ഷിണ ഖത്തർ.
ദക്ഷിണ ദോഹയിൽ പ്രതിദിനം 2,04,000 ഘന മീറ്റർ ഉൽപാദനക്ഷമതയുള്ള സൗത്ത് ദോഹ ഡ്രെയിനേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, ഇൻഡസ്ട്രിയൽ സോണിലെ സാനിറ്റേഷൻ ട്രീറ്റ്മെൻറ് പ്ലാൻറ്, ലിഫ്റ്റിങ് സ്റ്റേഷനുകൾ, ഏഴ് സബ് ട്രീറ്റ്മെൻറ് പ്ലാൻറുകൾ, ഗ്രൗണ്ട് വാട്ടർ മാനേജ്മെൻറ് സിസ്റ്റം, ഇറിഗേഷൻ വാട്ടർ മാനേജ്മെൻറ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.