പൊതുജന സമ്പർക്കം ശക്തമാക്കി അഷ്ഗാൽ
text_fieldsദോഹ: പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലും രാജ്യത്തെ ഉപഭോക്തൃ സമൂഹവും തമ്മിലെ ബന്ധം ദൃഢമാക്കി കസ്റ്റമർ സർവിസ് ആൻഡ് കോൺടാക്ട് സെന്റർ. അഷ്ഗാലിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിന് കീഴിൽ കേന്ദ്രം ആരംഭിച്ച് 10 വർഷം പിന്നിടുമ്പോൾ 12 ലക്ഷത്തിലധികം ഇടപാടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പൊതുമേഖല സ്ഥാപനവും പൊതുജനങ്ങളും തമ്മിലുള്ള ദൃഢവും സുതാര്യവുമായ ബന്ധത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഒരു ദശാബ്ദത്തിനിടെ ഏഴ് ലക്ഷത്തിലധികം ഫോൺ കോളുകളും രണ്ട് ലക്ഷത്തോളം സന്ദർശനങ്ങളും നാല് ലക്ഷത്തിനടുത്ത് സേവന അഭ്യർഥനകളും കേന്ദ്രത്തിന് മുന്നിലെത്തി.
188 ഹോട്ട്ലൈൻ, ഇ-മെയിൽ, ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, മൊബൈൽ ആപ്ലിക്കേഷൻ ‘അഷ്ഗാൽ 247’, ഇ-സർവിസസ് പോർട്ടൽ, സമൂഹമാധ്യമങ്ങൾ, ഔദ്യോഗിക വെബ്സൈറ്റ്, മീഡിയ മോണിറ്ററിങ് ടീം എന്നിങ്ങനെ ഒമ്പത് ആശയവിനിമയ ചാനലുകളാണ് കോൺടാക്ട് സെന്റർ വഴി അഷ്ഗാൽ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, കസ്റ്റമർ സർവിസ് ആൻഡ് കോൺടാക്ട് സെന്ററിന്റെ പത്താം വാർഷികത്തിൽ കേന്ദ്രത്തിലെ ജീവനക്കാരുടെ നിരന്തര പരിശ്രമങ്ങൾക്ക് മാനേജർ അബ്ദുല്ല സഅദ് അൽ സാദ് പ്രത്യേകം നന്ദി അറിയിച്ചു. വിശിഷ്ടമായ ഉപഭോക്തൃ സേവനത്തിന്റെ പേരിൽ അഷ്ഗാലിന് നിരവധി അവാർഡുകളും അംഗീകാരങ്ങളുമാണ് ലഭിച്ചതെന്നും ഇന്റർനാഷനൽ പബ്ലിക് റിലേഷൻസ് അസോസിയേഷന്റെ ഗോൾഡൻ അവാർഡ് 2021ൽ അഷ്ഗാൽ കരസ്ഥമാക്കിയെന്നും അൽസാദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.