അടിസ്ഥാന സൗകര്യവികസനത്തിൽ നേട്ടവുമായി അഷ്ഗാൽ
text_fieldsദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വദേശി പൗരന്മാരുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ സേവനങ്ങൾ പൂർത്തിയാക്കിയതായി പബ്ലിക് വർക്സ് അതോറിറ്റി-അഷ്ഗാൽ അറിയിച്ചു. പൗരന്മാരുടെ ജീവിതനിലവാരം, ആരോഗ്യം, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി അഷ്ഗാൽ നടപ്പാക്കിയ പ്രാദേശിക അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് വിപുലമായ റോഡ് ശൃംഖലയുടെയും മറ്റും നിർമാണം പൂർത്തിയാക്കിയത്. 12 മേഖലകളിലായി 21 പദ്ധതികൾക്കായാണ് പ്ലോട്ടുകൾ വിതരണം ചെയ്തതെന്ന് അഷ്ഗാൽ വ്യക്തമാക്കി. വടക്കൻ മേഖലകളിലെ പദ്ധതികളിൽ അൽ ഖീസയുടെ വടക്കും കിഴക്കും ഉൾപ്പെടും. കൂടാതെ അൽ ഖർതിയ്യാത്ത്, ഇസ്ഗാവ, അൽ ഇബ്ബ്, ലെഅബൈബ്, സിമൈസിമ വില്ലേജിന്റെ പടിഞ്ഞാറ് ഭാഗം, ഉം സലാൽ മുഹമ്മദ്, ഉം സലാൽ അലിയുടെ പടിഞ്ഞാറ് ഭാഗം, ഉം എബൈരിയ വില്ലേജ്, ഉം അൽ അമദിന്റെ തെക്ക് ഭാഗം, ബു ഫുസൈല നോർത്ത് എന്നിവയും അൽ എഗ്ദ, അൽ ഹീദാൻ, അൽഖോർ എന്നിവയും വടക്കൻ മേഖലകളിലെ പദ്ധതികളിൽ ഉൾപ്പെടുന്നു. പടിഞ്ഞാറൻ മേഖലയിൽ അൽ വജബ ഈസ്റ്റ്, അൽ മീഅ്റാദ്, മുഐദറിന്റെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളാണ് ഉൾപ്പെടുന്നത്.
പൗരന്മാരുടെ ജീവിതത്തിൽ ഗുണപരവും നേരിട്ടുള്ളതുമായ സ്വാധീനം ചെലുത്തുന്നതിനാൽ സബ് ഡിവിഷനുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വലിയ പ്രധാന്യമുണ്ടെന്ന് അഷ്ഗാൽ റോഡ്സ് പ്രൊജക്ട്സ് വിഭാഗം മേധാവി സഊദ് അൽ തമീമി പറഞ്ഞു. നിലവിലുള്ള ഭൂപ്രദേശങ്ങളിൽ വളരെ കാര്യക്ഷമമായ സേവനങ്ങളും പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 7833 പ്ലോട്ടുകൾക്കുള്ള അഷ്ഗാൽ സേവനം പൂർത്തിയായെന്നും, എല്ലാ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ 18870 റെഡിഡൻഷ്യൽ പ്ലോട്ടുകൾക്ക് സേവനം നൽകാൻ അതോറിറ്റിക്ക് കഴിയുമെന്നും അൽ തമീമി വ്യക്തമാക്കി. മുഴുവൻ പദ്ധതികളിലുമായി 581 കിലോമീറ്റർ റോഡ് ശൃംഖല, 442 കിലോമീറ്റർ ഡ്രൈനേജ്, 290 കിലോമീറ്റർ ടി.എസ്.ഇ എന്നിവയും 27475 തെരുവുവിളക്ക് കാലുകളും 992 കിലോമീറ്റർ കാൽനട, സൈക്കിൾ പാതകളുമാണ് പൂർത്തിയാക്കുക. ഖത്തരി ഫാക്ടറികളെയും പ്രാദേശിക ഉൽപന്നങ്ങളെയും പിന്തുണക്കാനുള്ള അഷ്ഗാലിന്റെ ശ്രമങ്ങളുടെ ഭാഗമായി 2018ൽ ആരംഭിച്ച തഅ്ഹീൽ സംരംഭത്തിന് കീഴിൽ എല്ലാ പദ്ധതികൾക്കുമാവശ്യമായ വസ്തുക്കളും ലഭ്യമാക്കുന്നതിന് പ്രാദേശിക ഉറവിടങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.