വമ്പൻ നിർമാണ പദ്ധതികളുമായി അഷ്ഗാലും കഹ്റാമയും
text_fieldsദോഹ: വരും വർഷത്തിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍ തുക ചെലവഴിക്കാനൊരുങ്ങി ഖത്തര്‍. പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന്റെയും ജല-വൈദ്യുതി വിഭാഗമായ കഹ്റാമയുടെയും നേതൃത്വത്തില്‍ ഒന്നരലക്ഷം കോടി രൂപയിലേറെ തുകയുടെ പദ്ധതികള്‍ക്കാണ് ടെൻഡര്‍ വിളിക്കുന്നത്. ഏതാണ്ട് 116 പദ്ധതികളിലായി 16.2 ബില്യണ്‍ കോടി ഡോളറാണ് വരും വർഷങ്ങളിലേക്കായി അഷ്ഗാൽ ടെൻഡര്‍ നല്‍കുന്നത്.
തൊഴിൽ വിപണിയെ കൂടുതൽ സജീവമാക്കുന്നതിനുകൂടി വഴിയൊരുക്കുന്നതാണ് നിർമാണ മേഖലകളിലെ വമ്പൻ പദ്ധതികൾ. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുക, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുക തുടങ്ങിയവയാണ് പുതിയ ടെൻഡറുകളിലൂടെ ലക്ഷ്യമിടുന്നത്.
പുതിയതും നിലവിലുള്ളതുമായ ഭൂമി വികസനം, സമഗ്രമായ റോഡ് ശൃംഖലയുടെ നിർമാണവും നവീകരണവും, നൂതനമായ മലിനജല, മറൈൻ ഔട്ട്ഫാൾ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിലായി വിവിധ പദ്ധതികളാണ് അഷ്ഗാൽ നടപ്പാക്കുക. ഭൂമി വികസനം, റോഡ് നവീകരണം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള 4 1 പദ്ധതികൾക്കായി 780 കോടി ഡോളറാണ് അനുവദിക്കുക. പുതിയ സാനിറ്റേഷനും ഔട്ട്ഫാൾ പദ്ധതികളും സ്ഥാപിക്കുന്നതിനായി 21 ടെൻഡറുകളിൽ 320 കോടി ഡോളറും അനുവദിക്കും. അതേസമയം, 240 കോടി ഡോളർ മൂല്യമുള്ള 279 പൊതു ടെൻഡറുകളാണ് കഹ്റമ പ്രഖ്യാപിച്ചിക്കുന്നത്.
വൈദ്യുതി ശൃംഖലകൾ, ജല പദ്ധതികൾ, കോർപറേറ്റ് ജനസേവന വകുപ്പുകൾ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളെയാണ് ഈ ടെൻഡറുകൾ ലക്ഷ്യമിടുന്നത്. 160 കോടി ഡോളർ വിലമതിക്കുന്ന വൈദ്യുതി വിതരണ മേഖലയിൽ 83 ടെൻഡറുകളും ജല വിതരണ മേഖലയിൽ 604 ദശലക്ഷം ഡോളറിന്റെ ടെൻഡറുകളും പ്രഖ്യാപിച്ചപ്പോൾ സേവന വകുപ്പുകളിലായി 263 ദശലക്ഷം ഡോളറിന്റെ ടെൻഡറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
16 വ്യത്യസ്ത സാമ്പത്തിക മേഖലകളിലായി 2528 ടെൻഡറുകൾ അടുത്ത വർഷം പ്രഖ്യാപിക്കുമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഗവൺമെന്റ് പ്രൊക്യൂർമെന്റ് റെഗുലേഷൻസ് വിഭാഗം മേധാവി നാഇഫ് മുഅയ്യിദ് അൽ ഹബാബിയെ ഉദ്ധരിച്ച് ‘ദോഹ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ആകെ ടെൻഡറുകളിൽ 1570 ടെൻഡറുകൾ അല്ലെങ്കിൽ ആകെ തുകയുടെ 65 ശതമാനവും 2024ന്റെ ആദ്യ പാദത്തിൽ തന്നെ നൽകുമെന്നും, 2024ലെ രാജ്യത്തിന്റെ ആകെ ടെൻഡർ ഓഫറുകളുടെ 70 ശതമാനവും അഷ്ഗാലിൽ നിന്നും കഹ്റമയിൽ നിന്നുമുള്ള ഈ സംരംഭങ്ങളായിരിക്കുമെന്നും അൽ ഹബാബി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.