ഏഷ്യ ദ ലെജൻഡ്സ്
text_fieldsദോഹ: ഖത്തറിന്റെ മണ്ണിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തിയ പോരാട്ടത്തിനൊടുവിൽ ലെജൻഡ്സ് ലീഗ് കിരീടവുമായി ഏഷ്യൻ ലയൺസിന്റെ മടക്കം. ഫൈനലിൽ ലോകതാരങ്ങൾ അണിനിരന്ന വേൾഡ് ജയന്റ്സിനെ ഏഴു വിക്കറ്റിന് തോൽപിച്ചാണ് ഏഷ്യ ലയൺസ് കിരീടമണിഞ്ഞത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 14,000ത്തോളം കാണികൾക്ക് അപൂർവമായൊരു ക്രിക്കറ്റ് വിരുന്ന് സമ്മാനിച്ചായിരുന്നു ടൂർണമെന്റിന് കൊടിയിറങ്ങിയത്.
ആദ്യം ബാറ്റു ചെയ്ത വേൾഡ് ജയന്റ്സ് മൂന്നിന് 19 എന്ന നിലയിൽ തുടക്കത്തിൽ പതറിയെങ്കിലും നാലാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ജാക് കാലിസ് (54 പന്തിൽ 78 റൺസ്), റോസ് ടെയ്ലർ (33 പന്തിൽ 32) എന്നിവരുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. ഓപണർമാരെല്ലാം വീണു തകർന്നുപോയ ടീമിനെ പഴയകാല പടക്കുതിരകൾ ഉയിർത്തെഴുന്നേൽപിക്കുന്നതായിരുന്നു ഇന്നിങ്സ്.
പക്ഷേ, ശ്രീലങ്കൻ ഓപണർമാർ നയിക്കുന്ന ഏഷ്യ ലയൺസ് തങ്ങളുടെ മറുപടി ഇന്നിങ്സിൽ തന്നെ കളി കവർന്നു. തിലകരത്ന ദിൽഷനും (42 പന്തിൽ 58), ഉപുൽ തരംഗയും (28 പന്തിൽ 57) തുടങ്ങിയ തരംഗത്തിൽ തന്നെ വിജയം ഉറപ്പിച്ചു. ഓപണിങ് കൂട്ടിൽ 115 റൺസ് പിറന്നതോടെ ഏഷ്യയുടെ ജയം അനായാസമായി. 16.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടാണ് ഇവർ ഏഴു വിക്കറ്റ് ജയവും കിരീടവും ചൂടിയത്.
മൂന്ന് സിക്സറുകളുടെ അകമ്പടിയോടെയായിരുന്നു ഉപുൽ തരംഗയുടെ ഇന്നിങ്സ്. വേൾഡ് ജയന്റ്സിനായി കാലിസ് അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും നേടി. ലെൻഡൽ സിമ്മൺസ് (17), മോർനെ വാൻവിക് (0), ഷെയ്ൻ വാട്സൻ (0), പോൾ കോളിങ് വുഡ് (6) എന്നിങ്ങനെയായിരുന്നു വേൾഡ് ജയന്റ്സിന്റെ മറ്റു ഇന്നിങ്സുകൾ.
ഖത്തറിൽ പ്രവാസികളായ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് കാണികളുടെ നിറഞ്ഞ പിന്തുണയോടെയായിരുന്നു ഏഷ്യ ലയൺസ് പോരാടിയത്. ഇന്ത്യ മഹാരാജാസ് നേരത്തെ പുറത്തായെങ്കിലും വാദ്യമേളങ്ങളും ആഘോഷങ്ങളുമായി മലയാളികൾ ഉൾപ്പെടെ കാണികളും ഇരു ടീമിനും പിന്തുണയുമായെത്തി. ലോകതാരങ്ങൾ വിവിധ ടീമുകളിലായി മാറ്റുരച്ച മത്സരം, ഖത്തർ വേദിയായ ഏറ്റവും വലിയ ക്രിക്കറ്റ് മേളകൂടിയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.