ഏഷ്യൻ കപ്പ് വൻ വിജയം; സ്വപ്നം ഒളിമ്പിക്സ് -ശൈഖ് ഹമദ്
text_fieldsദോഹ: കാണികളുടെ പങ്കാളിത്തവും സംഘാടന മികവും ടീമുകളുടെ പ്രകടനവും കൊണ്ട് ഏഷ്യൻ കപ്പ് ഫുട്ബാൾ മികച്ചതായി മാറിയെന്ന് ടൂർണമെൻറ് പ്രാദേശിക സംഘാടക സമിതി ചെയർമാനും ഖത്തർ കായികമന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമദ് ആൽഥാനി. എല്ലാ പ്രതീക്ഷകളെയും മറികടന്ന് ഗാലറികളിലെയും പുറത്തെയും പൊതുജന സാന്നിധ്യം ശ്രദ്ധേയമായെന്ന് അദ്ദേഹം പറഞ്ഞു. ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായി ഇതിനകം പത്ത് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും മത്സരങ്ങൾ കാണാനുള്ള ആളുകളുടെ അഭിനിവേശത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ശൈഖ് ഹമദ് കൂട്ടിച്ചേർത്തു.
ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും ഉൾപ്പെടെ വമ്പൻ കായിക മേളകൾക്ക് വേദിയായ മണ്ണിൽ, ഇനി ഒളിമ്പിക്സ് സംഘടിപ്പിക്കുകയാണ് ഏറ്റവും വലിയ സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തർ ഇൻറർനാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മത്സരങ്ങളിലെയും കാണികളുടെ സാന്നിധ്യം നേരത്തെയുണ്ടായിരുന്ന പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചതായും ഇതുവരെ ആറ് ലക്ഷത്തിലധികം കാണികൾ ഏഷ്യൻ കപ്പ് കാണാനെത്തിയതായും ഏഷ്യൻ കപ്പിന്റെ വിജയത്തിൽ അറബ് സമൂഹം പ്രധാന ഘടകമായെന്നും ശൈഖ് ഹമദ് ആൽഥാനി പറഞ്ഞു.
2021ലെ അറബ് കപ്പിൽ സ്റ്റേഡിയങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു. 2022 ലോകകപ്പിലും അത് തുടർന്നു. സ്വന്തം രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ലെങ്കിലും അറബ് ആരാധകർ സ്റ്റേഡിയങ്ങളിലെത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഖത്തർ, ഫലസ്തീൻ ടീമുകളുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ടൂർണമെൻറ് ആരംഭിക്കുന്നതിന് മുമ്പുതന്നെ പൂർണമായും വിറ്റുതീർന്നിരുന്നു. ഇരു ടീമുകളുടെയും എല്ലാ മത്സരങ്ങളിലും സ്റ്റേഡിയങ്ങൾ നിറഞ്ഞുകവിഞ്ഞു.
ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ, മെട്രോ ഗതാഗത സംവിധാനം എന്നിവയെല്ലാം ആരാധകരെ മത്സരങ്ങൾ കാണാൻ പ്രേരിപ്പിച്ചു. ആയിരക്കണക്കിനാളുകളെ മത്സര സ്ഥലങ്ങളിലേക്ക് വേഗത്തിലെത്തിക്കാൻ ദോഹ മെട്രോക്ക് സാധിക്കുന്നു. ലോകകപ്പിന് ശേഷം ഏഷ്യൻ കപ്പ് ആയിരുന്നു ലക്ഷ്യം. ചൈന പിന്മാറിയതിനെ തുടർന്ന് വളരെ നേരത്തേതന്നെ അത് ഖത്തറിന് ലഭിച്ചു. ഈ സാഹചര്യത്തിൽ തൊട്ടടുത്ത വർഷങ്ങളിൽ മൂന്ന് സുപ്രധാന ടൂർണമെന്റുകൾക്കാണ് ഖത്തർ വേദിയായത്. 2021ൽ അറബ് കപ്പ്, 2022ലെ ലോകകപ്പ് ഇപ്പോൾ ഏഷ്യൻ കപ്പും. അദ്ദേഹം വിശദീകരിച്ചു.
ഗൾഫ് മേഖലക്ക് ലോകത്തിലെ വമ്പൻ കായിക മത്സരങ്ങൾക്ക് വേദിയാകാൻ പ്രാപ്തിയുണ്ടെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. അതോടൊപ്പം 2027ലെ ഏഷ്യൻ കപ്പിനും 2034ലെ ലോകകപ്പിനും സൗദി അറേബ്യ വേദിയാകുന്നത് ഇതിനോട് ചേർത്തുവായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന് മേൽനോട്ടം വഹിച്ച ഭൂരിഭാഗം പേരും വൻകരയുടെ ചാമ്പ്യൻഷിപ്പിനും പ്രധാന പദവികളിൽ തുടരുന്നതിനാൽ പ്രവർത്തനങ്ങൾ സുഗമമായെന്നും ജോർഡൻ, ഇറാഖ്, തായ്ലൻഡ് തുടങ്ങിയ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാൽ ടൂർണമെന്റിന്റെ നിലവാരം ഉയർന്നതായും എൽ.ഒ.സി ചെയർമാൻ വ്യക്തമാക്കി.
സംഘാടനത്തിലെ അനുഭവ സമ്പത്ത്
‘ഖത്തർ വേദിയായ നാലാമത് ഗൾഫ് കപ്പ് അക്കാലത്തെ ഏറ്റവും മികച്ച ടൂർണമെന്റായി എല്ലാവരാലും വാഴ്ത്തപ്പെട്ടിരുന്നു. 1988ലെ ഏഷ്യൻ കപ്പും വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ചു. 1992ലെ 11ാമത് ഗൾഫ് കപ്പ്, അതിന്റെ ചരിത്രത്തിലെ മികച്ചതായി. പലർക്കും അറിയുമോ എന്നറിയില്ല, 1995ലെ ലോക യൂത്ത് കപ്പ്.
ടൂർണമെൻറിന് 20 ദിവസം മുമ്പാണ് ഖത്തറിലെത്തുന്നത്. വളരെ വിജയകരമായ ടൂർണമെന്റായി അത് മാറി. അന്ന് മുതൽ ലോകകപ്പ് സംഘടിപ്പിക്കുകയെന്ന ആശയം ഉയർന്നുവന്നിരുന്നു. പിന്നീട് ഏഷ്യ 2006, ഗൾഫ് 2004 തുടങ്ങിയ ടൂർണമെൻറുകൾക്കും ഖത്തർ വേദിയായി. പ്രധാന ടൂർണമെൻറുകൾ സംഘടിപ്പിക്കുന്നതിലെ യുവാക്കളുടെ പരിചയസമ്പത്താണ് ലോകകപ്പ് സംഘടിപ്പിക്കുന്നതിലെ പ്രധാന കാരണം. ഇത് ഖത്തറിൽ മാത്രം ഒതുങ്ങുന്നില്ല, അറബ് രാജ്യങ്ങളിൽനിന്നുള്ള എല്ലാ യുവാക്കളും ഇതിലുൾപ്പെടും’ -ശൈഖ് ഹമദ് പറഞ്ഞു.
ഒളിമ്പിക്സ് എന്ന മഹാ സ്വപ്നം
വിശ്വ കായിക മേളയായ ഒളിമ്പിക്സ് സംഘടിപ്പിക്കുകയാണ് ഏറ്റവും വലിയ സ്വപ്നമെന്ന് ശൈഖ് ഹമദ് സംസാരത്തിനിടെ വ്യക്തമാക്കി. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഒന്നിലധികം തവണ മുന്നോട്ടുവന്നിട്ടുണ്ട്. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.
ഈ പദ്ധതിയിൽ എല്ലാ സഹോദരന്മാരുടെയും ആത്യന്തികമായി ദൈവത്തിൽ നിന്നുള്ള വിജയവും പ്രതീക്ഷിക്കുകയാണ്. ഒളിമ്പിക് ഗെയിമുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷി, അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ധ്യം എന്നിവയെല്ലാം ഖത്തറിനുണ്ട്. വലിയ ടൂർണമെന്റുകൾക്ക് വേദിയാകുകയെന്നത് ഖത്തറിന്റെ ലക്ഷ്യമാണെന്നും ഇതിന് ഉദാഹരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ഭാവി
2022ലെ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ടും വാർത്ത സമ്മേളനത്തിൽ അദ്ദേഹം സംസാരിച്ചു. ചില സ്റ്റേഡിയങ്ങൾ പൊളിച്ച് വികസ്വര രാജ്യങ്ങളിലേക്ക് സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശയവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യൻ കപ്പ് സംഘടിപ്പിക്കുന്നതിനാൽ ആ പദ്ധതി മാറ്റിവെച്ചിരിക്കുകയാണ്.
എന്നിരുന്നാലും പദ്ധതി ഉപേക്ഷിച്ചിട്ടില്ല, മികച്ച രീതിയിൽ നടപ്പാക്കാൻ പഠനങ്ങൾ നടക്കുകയാണ്. ഒരു മാസം കഴിഞ്ഞ് എ.എഫ്.സി അണ്ടർ 23 ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയാകുകയാണ്. കൂടാതെ സമീപഭാവിയിൽതന്നെ കൂടുതൽ ടൂർണമെൻറുകൾക്ക് വേദിയാകാനുള്ള ഉദ്ദേശ്യവും രാജ്യത്തിനുണ്ട്.
അറബ് മേഖലയെ ലോകത്തിന് പരിചയപ്പെടുത്തി
പൊതുജനങ്ങളെ അടുത്തറിയാനുള്ള ഏറ്റവും പ്രധാന മാർഗങ്ങളിലൊന്നാണ് സ്പോർട്സെന്ന് ശൈഖ് ഹമദ് പറഞ്ഞു. ലോകകപ്പിനു മുമ്പ് പലർക്കും ഖത്തറിനെ അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കുകയാണ്. ലോകകപ്പിനുശേഷം നിരവധിയാളുകൾക്ക് നമ്മുടെ പ്രദേശത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു.
ലോകകപ്പിനെത്തിയ ആരാധകരുടെ നേരത്തേയുണ്ടായിരുന്ന ധാരണകളെയെല്ലാം ലോകകപ്പ് അട്ടിമറിച്ചു. അവരിലുണ്ടായിരുന്ന പല പൊതുബോധങ്ങളും തിരുത്തപ്പെട്ടു. രാഷ്ട്രീയ, ടൂറിസ, നയതന്ത്ര വിഷയങ്ങളിൽ ഏതൊരു രാജ്യത്തിനും നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രധാന മാർഗമാണ് കായികമെന്ന നിസ്സംശയം പറയാം.
ഫലസ്തീനൊപ്പം; ടിക്കറ്റ് വരുമാനം ഗസ്സയിലേക്ക്
ഫലസ്തീൻ പ്രശ്നം കേവലം ഫലസ്തീനെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും മുഴുവൻ അറബ്, ഇസ്ലാമിക രാജ്യങ്ങളെയും ബാധിക്കുന്നതാണെന്നും പ്രാദേശിക സംഘാടക സമിതി ചെയർമാൻ പറഞ്ഞു. ഈ വിഷയത്തിൽ ഭാഗമാകേണ്ടത് ഓരോ അറബിയുടെയും മുസ്ലിമിന്റെയും കടമയാണ്. കായിക മത്സരങ്ങൾ പ്രത്യേകിച്ച് ഫുട്ബാളിൽ ഏറെ ശ്രദ്ധ ചെലുത്താൻ ഞങ്ങൾക്കായിട്ടുണ്ട്. അതിനാൽ ഇപ്പോൾ നടക്കുന്ന ഏഷ്യൻ കപ്പിൽ ഫലസ്തീൻ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് അവരെ പിന്തുണക്കാൻ ശ്രമിക്കും.
ഫലസ്തീൻ ജനതക്കും ഗസ്സയിലെ സഹോദരങ്ങൾക്കും വേണ്ടിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം നൽകുമെന്ന് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഇത് ഞങ്ങളുടെ കടമയാണ്. ഇത് എല്ലാവരും വഹിക്കേണ്ട ചുമതലകളുടെ ഒരു ഭാഗം മാത്രമാണ്.
കളിക്കളത്തിൽ ഫലസ്തീൻ ടീമിനെ പ്രോത്സാഹിപ്പിക്കാൻ എല്ലാവർക്കും താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഫലസ്തീനുമായി ഏറ്റുമുട്ടുമ്പോൾ ഖത്തർ ആരാധകർ ഫലസ്തീനുവേണ്ടി സ്റ്റാൻഡുകളിലെത്തുമെന്ന് ഭയപ്പെടുന്നുവെന്നും ഈ സ്നേഹവും പിന്തുണയും ആത്മാർഥമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.