മുറിവേറ്റവർക്ക് കളിക്കാഴ്ചയൊരുക്കി ബീൻ
text_fieldsദോഹ: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് അടിയന്തര വൈദ്യ ചികിത്സക്കായി ഖത്തറിലെത്തിയ ഫലസ്തീനികൾക്ക് ഏഷ്യൻ കപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഒരുക്കി ബീൻ സ്പോർട്സ്. ഗസ്സയിൽനിന്നെത്തിയ ഫലസ്തീനികൾ ചികിത്സയിൽ കഴിയുന്ന ദോഹയിലെ ഫലസ്തീൻ ഹൗസിങ് കോംപ്ലക്സ്, സിദ്റ മെഡിസിൻ എന്നിവിടങ്ങളിലാണ് പ്രത്യേക കൂറ്റൻ സ്ക്രീൻ ഒരുക്കി മത്സരങ്ങളുടെ തത്സമയ കാഴ്ചകൾ ഒരുക്കിയത്. ബീൻ സ്പോർട്സിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി ഖത്തർ 2023ലെ മുഴുവൻ മത്സരങ്ങളും ഫലസ്തീനികൾക്കായി സംപ്രേഷണം ചെയ്യും.
ജനുവരി 12ന് ആരംഭിച്ച ഏഷ്യൻ കപ്പിൽ ഫലസ്തീൻ ഫുട്ബാൾ ടീമും മത്സരിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ഇറാന് മുന്നിൽ അടിപതറിയ ടീം, രണ്ടാം മത്സരത്തിൽ യു.എ.ഇയെ സമനിലയിൽ തളച്ചിരുന്നു. പരിക്കേറ്റവർക്ക് നേരിട്ട് സ്റ്റേഡിയത്തിലെത്തി മത്സരങ്ങൾ കാണാൻ സാധിക്കാത്തതിനാൽ അവരുടെ താമസസ്ഥലത്തു നിന്നുതന്നെ ബീൻ സ്പോർട്സിന്റെ എക്സ്ക്ലൂസിവ് കവറേജ് ആസ്വദിക്കാൻ സാധിക്കും.
ബീൻ സ്പോർട്സിലെ അനലിസ്റ്റുകളും മുൻ പ്രഫഷനൽ ഫുട്ബാൾ താരങ്ങളുമായ ഹാതിം അൽ തറാബൽസിയും യൂസുഫ് ചിപോയും വ്യാഴാഴ്ച ഫലസ്തീൻ ഹൗസിങ് കോംപ്ലക്സിലെത്തുകയും ഫലസ്തീൻ-യു.എ.ഇ മത്സരം അവർക്കൊപ്പം കാണുകളും ചെയ്തിരുന്നു. ഫലസ്തീൻ കുട്ടികൾക്കൊപ്പമുള്ള ഫുട്ബാൾ മത്സരത്തിലും അവർ പങ്കെടുത്തു. പ്രതിസന്ധി ഘട്ടങ്ങളിൽ ഐക്യദാർഢ്യത്തിന്റെയും അനുകമ്പയുടെയും ശക്തി കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി ബീൻ സ്പോർട്സ് മിന സി.ഇ.ഒ മുഹമ്മദ് അൽ സുബൈഈ ഫറഞ്ഞു. വലിയ കഷ്ടപ്പാടുകൾക്കിടയിൽ മത്സരങ്ങളുടെ കവറേജ് പങ്കുവെക്കുന്നതിലൂടെ അവർക്ക് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന ടൂർണമെന്റുകൾക്ക് എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള ബീൻ സ്പോർട്സിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.