കളിയുത്സവത്തിലേക്ക്; നാളെ കിക്കോഫ്
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ കിക്കോഫ് വിസിൽ മുഴക്കത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടൂർണമെന്റ് തയാറെടുപ്പുകൾ വിവരിച്ച് സംഘാടകർ. പ്രാദേശിക സംഘാടക സമിതി നേതൃത്വത്തിൽ മീഡിയ സെന്ററിൽ വിളിച്ച വാർത്തസമ്മേളനത്തിൽ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
വൻകരയിലെ ഏറ്റവും മികച്ച 24 ടീമുകളുടെ ഉശിരൻ പോരാട്ടങ്ങൾക്കും വിവിധ രാജ്യങ്ങളിൽനിന്നുള്ള ആരാധക ലക്ഷങ്ങൾക്കുമായി ആതിഥേയരായ ഖത്തർ സജ്ജമായിക്കഴിഞ്ഞതായി പ്രാദേശിക സംഘാടക സമിതി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹസൻ അൽ കുവാരി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച ഏഷ്യൻ കപ്പ് ആരാധകർക്കായി ഉറപ്പുനൽകുന്നുവെന്നും ലോകകപ്പ് ഫുട്ബാളിന് വേദിയായ ആത്മവിശ്വാസവും പരിചയസമ്പത്തും ഏഷ്യൻ കപ്പിനുള്ള തയാറെടുപ്പ് എളുപ്പമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വർഷം മുമ്പാണ് മിഡിലീസ്റ്റിലെ ആദ്യ ഫുട്ബാൾ ലോകകപ്പിന് ഖത്തർ വേദിയായത്. ഏറ്റവും മികച്ച സംഘാടനത്തിലൂടെ തലമുറകൾ നീണ്ടുനിൽക്കുന്ന പൈതൃകം സമ്മാനിച്ച് കൊടിയിറങ്ങിയ ലോകകപ്പിന്റെ മികവ് ഏഷ്യൻ കപ്പിലും തുടരും’ -ഹസൻ അൽ കുവാരി പറഞ്ഞു.
ടൂർണമെന്റിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയതെന്ന് ഖത്തർ ടൂറിസം ഡയറക്ടർ ഉമർ അബ്ദുറഹ്മാൻ അൽ ജാബിർ അറിയിച്ചു. ലുസൈൽ, ബൊളെവാഡ്, കാതറ എന്നിവിടങ്ങളിലെ പരിപാടികൾക്കൊപ്പം ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ, ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ, ഷോപ്പ് ഖത്തർ തുടങ്ങിയ ആകർഷക പരിപാടികൾ അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാതയാറെടുപ്പുകൾ ടൂർണമെന്റ് സെക്യൂരിറ്റി കമ്മിറ്റിയിൽനിന്നുള്ള മേജർ അബ്ദുറഹ്മാൻ അൽ തമിമി വിശദീകരിച്ചു. മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ അൽ മുഫ്തയും പങ്കെടുത്തു.
ഒമ്പത് ലക്ഷം ടിക്കറ്റുകൾ; രണ്ടാമത് ഇന്ത്യ
ഉദ്ഘാടനം മുതൽ ഫൈനൽ വരെ മത്സരങ്ങളുടെ ഒമ്പതു ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ടിക്കറ്റുകൾ വാങ്ങിയവരിൽ മുന്നിലുള്ളത് ആതിഥേയരായ ഖത്തറാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരും ശേഷം സൗദി, ജോർഡൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള ആരാധകരുമാണ്. വെള്ളിയാഴ്ച കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിനുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി ഇനിയും വാങ്ങാൻ അവസരമുണ്ടെന്ന് സംഘാടകർ അറിയിച്ചു. 25 റിയാൽ മുതൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.
6000 വളന്റിയർമാർ
ഒമ്പതു സ്റ്റേഡിയങ്ങളിലെയും വിമാനത്താവളം അക്രഡിറ്റേഷൻ സെന്റർ, മെട്രോ ഉൾപ്പെടെ കേന്ദ്രങ്ങളിലെ സേവനത്തിനായി 6000 വളന്റിയർമാരാണ് കർമനിരതരായിട്ടുള്ളത്. ഇവരുടെ സേവനങ്ങൾ നേരത്തേ തുടങ്ങിയതായി സംഘാടകർ അറിയിച്ചു. 55 രാജ്യങ്ങളിൽ നിന്നായി മാധ്യമപ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ, ഡിജിറ്റൽ മീഡിയക്കാർ ഉൾപ്പെടെ 3000ത്തോളം പേരുമുണ്ട്.
സ്റ്റേഡിയങ്ങളിലേക്ക് ഷട്ട്ൽ ബസ്
ഏഷ്യൻ കപ്പിന്റെ അഞ്ചു സ്റ്റേഡിയങ്ങളിലേക്ക് ദോഹ മെട്രോ വഴി ബന്ധിപ്പിക്കുമ്പോൾ നാലു സ്റ്റേഡിയങ്ങളിലേക്ക് അവസാന മെട്രോ പോയന്റിൽനിന്ന് ബസിൽ യാത്ര ചെയ്ത് എത്താവുന്നതാണ്.
അൽ ബെയ്ത്, അൽ ജനൂബ്, അൽ തുമാമ, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയങ്ങളിലേക്കാണ് കാണികൾക്ക് സൗജന്യ ഷട്ട്ൽ സർവിസ് ബസ് ഓടുക. ലുസൈൽ, അൽ വക്റ, ഫ്രീസോൺ, ഖത്തർ യൂനിവേഴ്സിറ്റി തുടങ്ങിയ സ്റ്റേഷനുകളിൽനിന്ന് ഇവിടേക്ക് മത്സരദിനം ബസുകൾ സർവിസ് നടത്തും. ഭിന്നശേഷിക്കാരായ കാണികൾക്ക് വീൽചെയർ സൗകര്യവുമുണ്ടാകും.
ഉദ്ഘാടനം വർണാഭം; എല്ലാം സർപ്രൈസ്
ദോഹ: വെള്ളിയാഴ്ച ഖത്തറും ലബനാനും തമ്മിൽ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിന് മുന്നോടിയായി ആരാധകരെ കാത്തിരിക്കുന്നത് വർണാഭമായ ആഘോഷപരിപാടികൾ. എന്നാൽ, ഉദ്ഘാടനപരിപാടികൾ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ സംഘാടകർ തയാറായില്ല. വെള്ളിയാഴ്ച ഏഴുമണിക്കാണ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കുന്നതെങ്കിലും ഉദ്ഘാടന ചടങ്ങുകൾ അഞ്ചു മണിയോടെ ആരംഭിക്കും. ആരാധകർക്കായി ഗേറ്റുകൾ ഉച്ച രണ്ടു മണിക്ക് തുറന്നുനൽകും.
വെള്ളിയാഴ്ച മെട്രോ ഉച്ച 12 മുതൽ
ഉദ്ഘാടന മത്സരദിനമായ വെള്ളിയാഴ്ച ദോഹ മെട്രോ ഉച്ചക്ക് 12 മുതൽ ഓടിത്തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു. സാധാരണ വെള്ളിയാഴ്ചകളിൽ ഉച്ച രണ്ടു മണിയോടെയാണ് സർവിസ്. ആരാധകർക്ക് നേരത്തേ സ്റ്റേഡിയങ്ങളിലെത്താൻ മെട്രോ ഉപയോഗപ്പെടുത്താം.
അൽ വാബിൽനിന്ന് സ്പോർട്സ് സിറ്റിയിലേക്ക് മെട്രോ എക്സ്പ്രസ് സർവിസ് നടത്തും. ഏഷ്യൻ കപ്പിന്റെ ഭാഗമായി വിവിധ മെട്രോ ലിങ്ക് സർവിസുകളും ഖത്തർ റെയിൽ പ്രഖ്യാപിച്ചു. അൽ സുഡാൻ ബസ് സ്റ്റേഷനിൽ എം.311 ലിങ്ക് ബസും എം. 202, 203 ലിങ്ക് ബസുകൾ എജുക്കേഷൻ സിറ്റിക്ക് പകരം ഖത്തർ നാഷനൽ ലൈബ്രറിയിൽ നിന്നുമായി സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.