ഏഷ്യൻ കപ്പ്; ഇന്നു മുതൽ ടിക്കറ്റ് ബുക്കിങ്...
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ കാൽപന്ത് ആരാധകർക്കായി ഖത്തർ വിരുന്നൊരുക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ സ്വന്തമാക്കാം. ഖത്തറിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് 25 റിയാലിന് ടിക്കറ്റ് സ്വന്തമാക്കി കളികാണാനുള്ള അവസരവുമായാണ് ഏഷ്യൻകപ്പിന്റെ ടിക്കറ്റ് വിൽപനക്ക് ചൊവ്വാഴ്ച തുടക്കം കുറിക്കുന്നത്.
ഔദ്യോഗിക വെബ്സൈറ്റായ http://asiancup2023.qa വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് പ്രാദേശിക സംഘാടക സമിതി ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലു കാറ്റഗറികളിലായി ടിക്കറ്റുകൾ ലഭ്യമാകും. ഖത്തറിലെയും വിദേശ രാജ്യങ്ങളിലെയും ആരാധകർക്ക് ഓൺലൈൻ വഴി ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.
ഏറ്റവും കുറഞ്ഞ നിരക്കിൽ ഏഷ്യൻ കപ്പ് മത്സരങ്ങൾ കാണാനുള്ള അവസരമാണ് ഖത്തർ ഒരുക്കുന്നതെന്ന് സംഘാടകസമിതി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹസൻ റബിഅ അൽ കുവാരി പറഞ്ഞു.
മറ്റു കാറ്റഗറികൾ ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്റെ വിശദാംശങ്ങൾ ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും.ലോകകപ്പ് മാതൃകയിൽ ടൂർണമെൻറിന്റെ ഭാഗമായി നിരവധി കല, സാംസ്കാരിക പരിപാടികളും അരങ്ങേറുമെന്ന് ഖത്തർ ടൂറിസം മാർക്കറ്റിങ് ആൻഡ് പ്രമോഷൻ സെക്ടർ ചീഫ് അബ്ദുൽ അലി അൽ മൗലവി അറിയിച്ചു.
നിരവധി വിനോദപരിപാടികളും ടൂറിസം മേളകളും ഏഷ്യൻ കപ്പിനോടനുബന്ധിച്ച് രാജ്യത്ത് നടക്കുമെന്നും വിശദീകരിച്ചു. ലോകകപ്പ് മാതൃകയിൽ ഒരു ദിനം ഒന്നിലേറെ മത്സരങ്ങൾ കാണാനുള്ള സൗകര്യങ്ങളോടെ ഒതുക്കമുള്ള ഏഷ്യൻ കപ്പിനാണ് രാജ്യം വേദിയാകുന്നതെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
ചില്ലറകാശിന് കളി കാണാം
40 റിയാലിന് ലോകകപ്പ് മത്സരങ്ങൾ കാണാൻ അവസരം നൽകിയ അതേ മാതൃകയിൽതന്നെയാണ് ഖത്തർ ഏഷ്യൻ കപ്പിനും കാണികൾക്ക് അവസരമൊരുക്കുന്നത്. 25 റിയൽ നിരക്കിൽ (562 രൂപ) വൻകരയുടെ മിന്നുംപോരാട്ടങ്ങൾ കാണാം. ഇതിനു പുറമെ വിവിധ കാറ്റഗറികളിലും ടിക്കറ്റുകൾ ലഭ്യമാകും.
ഭിന്നശേഷിക്കാരായ ആരാധകർക്കുള്ള ടിക്കറ്റുകളും ഓൺലൈൻ വഴി ബുക്ക് ചെയ്യാം. ഇ-ടിക്കറ്റുകളാണ് ബുക്ക്ചെയ്ത കാണികൾക്ക് ലഭ്യമാവുക. വിദേശ കാണികൾക്കും വെബ്സൈറ്റിൽനിന്നുതന്നെ ടിക്കറ്റുകൾ വാങ്ങാം.
ഖത്തർ വേദിയാവുന്ന ഏഷ്യൻ കപ്പിലേക്കുള്ള യാത്രയിൽ ഏറ്റവും സുപ്രധാനമായ ഘട്ടമായാണ് ടിക്കറ്റ് വിൽപന ആരംഭിക്കുന്നതെന്ന് ഹസൻ അൽ കുവാരി പറഞ്ഞു. ഗ്രൂപ് റൗണ്ടിൽ ഇഷ്ട ടീമിന്റെ മത്സരങ്ങൾ നോക്കിതന്നെ ആരാധകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
സ്റ്റേഡിയത്തിലെത്താൻ ഹയ്യാ വേണ്ട
ലോകകപ്പ് ഫുട്ബാളിന് നടപ്പാക്കിയതുപോലെ മാച്ച് ടിക്കറ്റുമായി ബന്ധിപ്പിക്കുന്ന ഹയ്യാ കാർഡുകൾ ഏഷ്യൻകപ്പിനുണ്ടാവില്ലെന്ന് ഹസൻ റബിഅ അൽ കുവാരി പറഞ്ഞു. നിലവിലുള്ളതുപോലെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയ്യാ വിസയും മറ്റും ലഭ്യമാകും. അതേസമയം, മാച്ച് ടിക്കറ്റുമായി ഹയ്യാ ബന്ധിപ്പിക്കില്ല. ഇ-ടിക്കറ്റുമായിതന്നെ കാണികൾക്ക് സ്റ്റേഡിയത്തിലെത്താൻ കഴിയുന്നതാണ്.ലോകകപ്പ് ഫുട്ബാൾ വേളയിൽ ഖത്തർ അവതരിപ്പിച്ച ഹയ്യാ ഏറെ ശ്രദ്ധേയമായിരുന്നു.
മാച്ച് ടിക്കറ്റ് സ്വന്തമാക്കുന്നവർക്ക് രാജ്യത്തേക്കുള്ള പ്രവേശനാനുമതിയും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും ബസ്, മെട്രോ ഉൾപ്പെടെ സൗജന്യ ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ഹയ്യ നിർബന്ധമായിരുന്നു.
ഇ-ടിക്കറ്റ്
കടലാസ് ടിക്കറ്റില്ലാത്ത ഏഷ്യൻ കപ്പിനാണ് ഖത്തർ വേദിയൊരുക്കുന്നത്. ഓൺലൈൻ ബുക്ക് ചെയ്യുന്ന ആരാധകർക്ക് ഡിജിറ്റൽ ടിക്കറ്റുകൾ ലഭിക്കും. മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്ന ഇ-ടിക്കറ്റ് സ്റ്റേഡിയം കവാടത്തിൽ പ്രദർശിപ്പിച്ച് പ്രവേശിക്കാവുന്നതാണ്.
ഡിജിറ്റൽ വാലറ്റിലേക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതിനാൽ സ്റ്റേഡിയത്തിലെത്തുമ്പോൾ ഇൻറർനെറ്റും നിർബന്ധമില്ല. പേപ്പർ ടിക്കറ്റ് ഒഴിവാക്കുന്നതോടെ സുസ്ഥിരതയും പരിസ്ഥിതി സൗഹൃദവുമായ സംവിധാനമായി ഇത് മാറും. ടിക്കറ്റ് വാങ്ങിയ ആരാധകർക്ക് പുനർവിൽപന നടത്താൻ ഔദ്യോഗിക ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴി സൗകര്യമുണ്ടാവും.
24 ടീമുകൾ 51 മത്സരങ്ങൾ
ദോഹ: വൻകരയുടെ ഫുട്ബാൾ മേളക്ക് മൂന്നാം തവണയാണ് ഖത്തർ വേദിയാവുന്നത്. ജനുവരി 12ന് കിക്കോഫ് കുറിച്ച് ഫെബ്രുവരി 10 വരെ നടക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ മാറ്റുരക്കുന്നുണ്ട്. ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ലുസൈൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന-ഫൈനൽ മത്സരങ്ങൾ. ലോകകപ്പിൻെർ ഏഴ് വേദികൾ ഉൾപ്പെടെ ഒമ്പത് സ്റ്റേഡിയങ്ങളിലായാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ബാൾ കാർണിവൽ കാലം.
ലുസൈൽ, അൽ ബെയ്ത്, ഖലീഫ ഇൻറർനാഷണൽ, അൽ ജനൂബ്, അഹമ്മദ് ബിൻഅലി, അൽ തുമാമ, എജ്യൂക്കേഷൻ സിറ്റി എന്നിവക്കു പുറമെ ജാസിം ബിൻ ഹമദ്, അബ്ദുല്ല ബിൻ ഖലീഫ എന്ന് സ്റ്റേഡയങ്ങളും ഏഷ്യൻകപ്പിൻെർ വേദിയായി മാറും.
ടിക്കറ്റ് ബുക്ക് ചെയ്യും മുമ്പേ
ദോഹ: സുനിൽ ഛേത്രിയും ആഷിക് കുരുണിയനും സഹൽ അബ്ദുൽ സമദും ഉൾപ്പെടെ പ്രിയപ്പെട്ട താരങ്ങൾ മാറ്റുരക്കുേമ്പാൾ ഗാലറിയിൽ ആവേശമാവാൻ പ്രവാസി മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ കാണികൾക്കുമുള്ള അവരമാണിത്. നേരത്തെ തന്നെ ഫിക്സ്ചർ പുറത്തു വിട്ടതിനാൽ ഇഷ്ട ടീമുകളുടെ മത്സരങ്ങൾ നോക്കി തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ. ഗ്രൂപ്പ് ‘ബി’യിൽ ആസ്ട്രേലിയ, ഉസ്ബെകിസ്താൻ, സിറിയ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യയുടെ മത്സരങ്ങൾ
- ജനുവരി 13: ഇന്ത്യ x ആസ്ട്രേലിയ (അഹമ്മദ് ബിൻ അലി സ്റ്റേഡിയം, 2.30pm)
- ജനുവരി 18: ഇന്ത്യ x ഉസ്ബെകിസ്താൻ (അഹമ്മദ് ബിൻ അലി സ്റ്റേഡിയം, 5.30pm)
- ജനുവറി 23: സിറിയ x ഇന്ത്യ (അൽ ബെയ്ത് സ്റ്റേഡിയം, 2.30pm)
ഖത്തറിൻെറ മത്സരങ്ങൾ
- ജനുവരി 12: ഖത്തർ x ലെബനാൻ (ലുസൈൽ, 8.00pm)
- ജനുവരി 17: തജികിസ്താൻ x ഖത്തർ (അൽ ബെയ്ത്, 5.30pm)
- ജനുവരി 22: ഖത്തർ x ചൈന (ഖലീഫ സ്റ്റേഡിയം, 6.00 pm)
ടിക്കറ്റ് നിരക്കുകൾ
ദോഹ: ഗ്രൂപ് റൗണ്ടിൽ മൂന്നാം കാറ്റഗറികൾക്കുള്ള 25 റിയാലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഫൈനലിന് കാറ്റഗറി ഒന്ന് സീറ്റുകൾക്ക് ഈടാക്കുന്ന 250 റിയാലാണ് ഏറ്റവുംകൂടിയ നിരക്ക്. ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള ടിക്കറ്റ് വില ഇങ്ങനെ.
ഉദ്ഘാടന മത്സരം
കാറ്റഗറി ഒന്ന് -250 റിയാൽ
കാറ്റഗറി രണ്ട്- 100 റിയാൽ
കാറ്റഗറി മൂന്ന് -30 റിയാൽ
അസസ്സിബിലിറ്റി -30 റിയാൽ
ഗ്രൂപ് റൗണ്ടും പ്രീക്വാർട്ടറും
കാറ്റഗറി ഒന്ന് 60 റിയാൽ
കാറ്റഗറി രണ്ട് 40 റിയാൽ
കാറ്റഗറി മൂന്ന് 25 റിയാൽ
അസസ്സിബിലിറ്റി 25 റിയാൽ
ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ
കാറ്റഗറി ഒന്ന് -100 റിയാൽ
കാറ്റഗറി രണ്ട്- 60 റിയാൽ
കാറ്റഗറി രണ്ട്- 60 റിയാൽ
അസസ്സിബിലിറ്റി -30 റിയാൽ
ഫൈനൽ
കാറ്റഗറി ഒന്ന്: 250 റിയാൽ
കാറ്റഗറി രണ്ട് -100 റിയാൽ
കാറ്റഗറി മൂന്ന് -30 റിയാൽ
അസസ്സിബിലിറ്റി 30 റിയാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.