ഏഷ്യൻ കപ്പ് വളന്റിയർ: ഇപ്പോൾ രജിസ്റ്റർ ചെയ്യാം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന് വളൻറിയർ കുപ്പായമണിഞ്ഞ് സംഘാടനത്തിൽ പങ്കാളിയായതിന്റെ ത്രില്ല് മാറും മുേമ്പ ഇതാ വളൻറിയർമോഹികൾക്ക് മറ്റൊരവസരം കൂടി. അടുത്തവർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഖത്തർ വേദിയാകുന്ന ഏഷ്യൻകപ്പ് ഫുട്ബാളിന്റെ വളൻറിയർമാരാവാൻ താൽപര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. നേരത്തെ വളൻറിയർമാരായവർക്കും ഇതുവരെ വളൻറിയർ യൂനിഫോം അണിയാൻ ഭാഗ്യമില്ലാത്തവർക്കുമെല്ലാം രജിസ്ട്രേഷന് അവസരം തുറന്നുകൊണ്ട് ഏഷ്യൻ കപ്പിന്റെ വളൻറിയർ പ്രോഗ്രാമിന് തുടക്കമായി.
നൂറുദിന കൗണ്ട്ഡൗൺ ആരംഭിച്ചതിനു പിന്നാലെ, വ്യാഴാഴ്ച രാവിലെ ലുസൈൽ സ്റ്റേഡിയത്തിൽ വൻകര മേളയുടെ വളൻറിയർ രജിസ്ട്രേഷൻ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഫുട്ബാൾ ഉത്സവമേളക്കായി 6000 വളൻറിയർമാരെയാണ് തിരഞ്ഞെടുക്കുകയെന്ന് ഏഷ്യൻ കപ്പ് ഖത്തർ-2023 സി.ഇ.ഒ ജാസിം അൽ ജാസിം അറിയിച്ചു.
https://volunteer.asiancup2023.qa എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഖത്തരി പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന വിദേശികൾക്കുമാണ് വളൻറിയർഷിപ്പിന് രജിസ്റ്റർ ചെയ്യാൻ കഴിയുന്നത്. 18 വയസ്സ് തികഞ്ഞവരായിരിക്കണം എന്ന് നിബന്ധനയുമുണ്ട്. ഓരോ ടൂർണമെന്റിന്റെയും വിജയത്തിൽ ഏറ്റവും നിർണായകം വളൻറിയർമാരുടെ പങ്കാളിത്തമാണെന്ന് പ്രോഗ്രാമിന് തുടക്കം കുറിച്ചുകൊണ്ട് സി.ഇ.ഒ ജാസിം അൽ ജാസിം പറഞ്ഞു.
ലോകകപ്പ് ഫുട്ബാളിനു പിന്നാലെ, ഏറ്റവും വിജയകരമായി സംഘടിപ്പിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിലേക്ക് 6000 വളൻറിയർമാരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഏറ്റവും സജീവമായ വളൻറിയർ സംസ്കാരം വളർത്തിയെടുക്കുകയാണ് ഓരോ മേളയുടെയും വിജയകരമായ നടത്തിപ്പിനു പിന്നിലെ പ്രധാന ഘടകമെന്ന് അഡ്മിനിസ്ട്രേഷൻ ആൻഡ് വർക്ഫോഴ്സ് എക്സി. ഡയറക്ടർ റഷ അൽ ഖർനി പറഞ്ഞു. ലോകകപ്പ് ഫുട്ബാളിലെ വിജയകരമായ വളന്റിയർ പങ്കാളിത്തം ഏഷ്യാകപ്പിലൂടെയും തുടരുകയാണ് -അവർ വിശദീകരിച്ചു.
2019 ഫിഫ ക്ലബ് ലോകകപ്പ്, 2021 ഫിഫ അറബ് കപ്പ്, 2022 ഫിഫ ലോകകപ്പ്, അമീർ കപ്പ് ഉൾപ്പെടെ ദേശീയ ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയിലൂടെ 35,000ത്തോളം വളൻറിയർമാരാണ് ഓരോ ടൂർണമെന്റിന്റെയും വിജയകരമായ സംഘാടനത്തിന് നേതൃത്വം നൽകിയത്. ലുസൈൽ സ്റ്റേഡിയത്തിലെ ഡ്രസ്സിങ് റൂമിൽ ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെയും ദേശീയ പതാക കൊണ്ട് അലങ്കരിച്ച വേദിയിലായിരുന്നു വളൻറിയർ പ്രോഗ്രാമിന് തുടക്കം കുറിച്ചത്. ചടങ്ങിൽ, ലോകകപ്പ് ഉൾപ്പെടെ വമ്പൻ മേളകൾക്ക് പങ്കാളിത്തം വഹിച്ച വളൻറിയർമാർ അനുഭവങ്ങൾ പങ്കുവെച്ചു. ഫിഫ അറബ് കപ്പിൽ സ്പെക്ടേറ്റേഴ്സ് സർവിസിലും ലോകകപ്പിൽ 20,000 വളൻറിയർമാരെ തിരഞ്ഞെടുക്കുന്ന പയനിയർ ടീമിലും അംഗമായിരുന്ന ഫൈസൽ അൽ ഇബ്രാഹിം തനിക്ക് ഒരുപാട് അനുഭവങ്ങളും, പുതിയ പാഠങ്ങളും സമ്മാനിച്ചതായിരുന്നു ഓരോ വളൻറിയർഷിപ്പുമെന്ന് വിശദീകരിച്ചു.
തിരഞ്ഞെടുക്കുന്നത് 6000 വളൻറിയർമാരെ
- 20 മേഖലകളിലായിരിക്കും വളൻറിയർ സേവനം
- ജനുവരി 12ന് തുടങ്ങി ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുന്ന ടൂർണമെൻറിൽ ഒമ്പത് സ്റ്റേഡിയങ്ങളിലായി 51 മത്സര ങ്ങൾ
- വളൻറിയർ തെരഞ്ഞെടുപ്പ് ഖത്തറിൽനിന്ന് മാത്രം. സ്വദേശികളോ, താമസക്കാരോ ആയിരിക്കണം.
- 18 വയസ്സ് തികഞ്ഞവരാവണം; ചുരുങ്ങിയത് ഏഴ് ഷിഫ്റ്റ് ജോലിയെങ്കിലും ചെയ്തിരിക്കണം
- അപേക്ഷിക്കാൻ മുൻപരിചയം ആവശ്യമില്ല -ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധം; അറബി അഭികാമ്യം
- വളൻറിയർ റിക്രൂട്ട്മെൻറ് സെൻറർ ലുസൈൽ സ്റ്റേഡിയമാവും
- തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും -ഒരു വിഭാഗം വളൻറിയർ ഡ്യൂട്ടി ഡിസംബർ ഒന്നിന് ആരംഭിക്കും
- സേവനത്തിന് വേതനമില്ല; യൂനിഫോം നൽകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.