വിനോദസഞ്ചാര മേഖലയെ ഉണർത്തി ഏഷ്യൻ കപ്പ്
text_fieldsദോഹ: അടുത്തിടെ സമാപിച്ച ഏഷ്യൻ കപ്പ് ഫുട്ബാൾ രാജ്യത്തിന്റെ വിനോദസഞ്ചാര, ആതിഥേയ മേഖലയിൽ വലിയ കുതിപ്പിന് കാരണമായെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) റിപ്പോർട്ട്.
2024 ജനുവരിയിൽ രാജ്യത്തെ ഹോട്ടലുകളിലെ താമസ നിരക്കുകൾ ഇരട്ടിയിലധികം വർധിച്ചതായി പി.എസ്.എ പുറത്തുവിട്ട കണക്കുകളിൽ ചൂണ്ടിക്കാട്ടി.
സന്ദർശകരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനവാണ് രാജ്യത്തെ ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലയിൽ കുതിപ്പിന് കാരണമായിരിക്കുന്നത്. ഗൾഫ് സഹകരണ സമിതി (ജി.സി.സി) രാജ്യങ്ങളിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകരാണ് കൂടുതൽ.ഏഷ്യൻ കപ്പിന് കിക്കോഫ് കുറിച്ച ജനുവരിയിൽ ഏഴ് ലക്ഷത്തിലധികം സന്ദർശകരാണ് ഖത്തറിലെത്തിയത്. മുൻ മാസത്തെ അപേക്ഷിച്ച് 35.5 ശതമാനം വർധനവും വാർഷികാടിസ്ഥാത്തിൽ 106.5 ശതമാനം വർധനവുമാണ് സന്ദർശകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ആകെ സന്ദർശകരിൽ 53 ശതമാനവും (3.7 ലക്ഷം) ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിൽ യൂറോപ്പിൽ നിന്ന് ഒരു ലക്ഷത്തിലധികം പേരും (20 ശതമാനം), ഓഷ്യാനിയ ഉൾപ്പെടെ ഏഷ്യയിൽ നിന്ന് 15 ശതമാനം സന്ദർശകരും (103713) ഖത്തറിലെത്തി. മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് ഏഴ് ശതമാനം ആളുകളും ഇക്കാലയളവിൽ ഖത്തറിലെത്തി.
മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ പ്രതിവർഷം 446 ശതമാനം വർധനവും മുൻ മാസത്തെ അപേക്ഷിച്ച് 29.9 ശതമാനം വർധനവും രേഖപ്പെടുത്തി.ഏഷ്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും മുൻവർഷത്തെ അപേക്ഷിച്ച് 79 ശതമാനം വർധിച്ചു.
മുൻമാസത്തെ അപേക്ഷിച്ച് 9.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാർഷികാടിസ്ഥാനത്തിൽ ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയപ്പോൾ മുൻ മാസത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ കുറവാണുണ്ടായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.