ലോകകപ്പ് പോലെ ഏഷ്യൻ കപ്പും വിജയമാകുമെന്ന് എ.എഫ്.സി പ്രസിഡന്റ്
text_fieldsദോഹ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടൂർണമെന്റിന് ആതിഥ്യം വഹിച്ചത് പോലെ 2023 എ.എഫ്.സി ഏഷ്യൻ കപ്പും ഖത്തറിൽ വിജയകരമാകുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ആൽ ഖലീഫ ശുഭാപ്തി പ്രകടിപ്പിച്ചു. അടുത്ത വർഷം ജനുവരിയിൽ എ.എഫ്.സിയുടെ മികച്ച ടൂർണമെന്റിന് ഖത്തർ ആതിഥ്യമരുളുന്നതോടെ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ടൂർണമെന്റിനാകും സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ അവിശ്വസനീയമായ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് പിന്നാലെ ഏഷ്യൻ കപ്പിനായി ഖത്തറിന്റെ തയാറെടുപ്പുകൾ അനായാസമാണ്. ഏതാനും മാസങ്ങൾക്കപ്പുറം നടക്കുന്ന ചാമ്പ്യൻഷിപ്പ് വൻ വിജയമായി മാറുമെന്നും ശൈഖ് സൽമാൻ ബിൻ ആൽ ഖലീഫ പറഞ്ഞു.
‘ഫിഫ ലോകകപ്പിന്റെ മുൻ പതിപ്പുകളിൽ പങ്കെടുത്തിരുന്നു. എന്നാൽ, 2022ൽ സമാപിച്ച ഖത്തർ ലോകകപ്പ് ഏറ്റവും വിജയകരമായ ലോകകപ്പ് ടൂർണമെന്റായിരുന്നു. ഈ വിജയം ഏഷ്യാകപ്പിന്റെ ഒരുക്കങ്ങൾക്ക് എളുപ്പമായി മാറും’-അദ്ദേഹം പറഞ്ഞു. അറുനൂറോളം പ്രതിനിധികളുടെ സാന്നിധ്യത്തിൽ മൂന്ന് ദിവസങ്ങളിലായി ദോഹയിൽ സമാപിച്ച ഏഴാമത് എ.എഫ്.സി മെഡിക്കൽ കോൺഫറൻസിന്റെ വിജയത്തെയും അദ്ദേഹം പ്രശംസിച്ചു. ആതിഥേയരായ ആസ്പെറ്റാർ സ്പോർട്സ് ആശുപത്രിയെയും അഭിനന്ദിച്ചു.
കുറച്ച് വർഷങ്ങൾക്കുമുമ്പ് പ്രവർത്തനം ആരംഭിച്ച ആസ്പെറ്റാർ ആശുപത്രി അന്താരാഷ്ട്ര സ്പോർട്സ് മെഡിസിൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയതിനെ അദ്ദേഹം പ്രശംസിച്ചു. ഏഷ്യയിൽ തന്നെ ഈ ആശുപത്രിക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും കായിക മേഖലയിലെ പരിക്കുകൾ, സ്പോർട്സ് മെഡിസിൻ എന്നീ മേഖലകളിലെ അനുഭവം പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏഴാമത് എ.എഫ്.സി മെഡിക്കൽ കോൺഫറൻസ് വിജയകരമായി സംഘടിപ്പിക്കുന്നതിലെ മഹത്തായ പരിശ്രമത്തിന് ഖത്തർ ഫുട്ബാൾ അസോസിയേഷനും ആസ്പെറ്റാർ ആശുപത്രിക്കും നന്ദി അറിയിക്കുന്നു. ഭാവിയിൽ എ.എഫ്.സിയും ആശുപത്രിയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടട്ടെയെന്ന് ആശംസിക്കുന്നു.
2024 ജനുവരി 12നാണ് ഏഷ്യൻ വൻകരയുടെ ഫുട്ബാൾ പോരാട്ടത്തിന് ഖത്തറിൽ കിക്കോഫ് കുറിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 24 ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഫെബ്രുവരി 10നാണ്. ടൂർണമെന്റ് സംഘാടനത്തിനായി ക്യൂ.എഫ്.എ ചെയർമാൻ അധ്യക്ഷനായി പ്രാദേശിക സംഘാടക സമിതിക്ക് കഴിഞ്ഞദിവസം രൂപം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.