റെക്കോർഡോടെ സ്വർണം; സാംബക്കും ഹാറൂനും ഡബിൾ
text_fieldsദോഹ: ഏഷ്യൻ ഗെയിംസിൽ സാംബയും ഹാറൂനും ഒരുമിച്ചപ്പോൾ ഖത്തറിന് ഒരു സ്വർണം കൂടി. 4x400 മീറ്ററിൽ ഏഷ്യൻ റെക്കോർഡോടെയാണ് സ്വർണം ഖത്തറിലേക്കെത്തിയത്. 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ അബ്ദുറഹ്മാൻ സാംബ, 400 മീറ്ററിൽ സ്വർണം നേടിയ അബ്ദിലിലാഹ് ഹാറൂൻ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് മുഹമ്മദ് എന്നിവരടങ്ങിയ ടീമാണ് ഖത്തറിന് അഞ്ചാം സ്വർണം നേടിക്കൊടുത്തത്.
3.00.56 മിനുട്ട് താണ്ടി ഏഷ്യൻ റെക്കോർഡ് മറി കടന്നാണ് നാൽവർ സംഘത്തിെൻറ സുവർണ നേട്ടം. ഇതോടെ സാംബക്കും ഹാറൂനും ഇരട്ട സ്വർണമായി. ഇന്ത്യക്കാണ് ഈയിനത്തിൽ വെള്ളി ലഭിച്ചത്. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ് യഹിയ, ധരുൺ അയ്യസാമി, അരോക്യ രാജിവ് എന്നിവരുൾപ്പെട്ട സംഘമാണ് ഖത്തറിന് പിന്നിലായി ഫിനിഷ് ചെയ്തത്. ജപ്പാൻ വെങ്കലം നേടി.
നേരത്തെ, ഇക്വസ്ട്രിയൻ വ്യക്തിഗത ജമ്പിങ് ഇനത്തിൽ ഖത്തറിന് വെള്ളി ലഭിച്ചിരുന്നു. ശൈഖ് അലി ബിൻ ഖാലിദ് ആൽഥാനിയാണ് വെള്ളി നേടിയത്. കുവൈത്തിെൻറ അലി അൽ ഖറാഫിക്ക് പിറകിലായാണ് ശൈഖ് ആൽഥാനി ഫിനിഷ് ചെയ്തത്. സൗദിയുടെ റംസി അൽ ദഹാമിക്കാണ് ഈയിനത്തിൽ വെങ്കലം.
അതേസമയം, വോളിയിൽ ഫൈനൽ പ്രതീക്ഷയുമായി ഇറങ്ങിയ ഖത്തരി സംഘത്തിന് അടി പതറി. നിലവിലെ ചാമ്പ്യന്മാരായ ഇറാന് മുമ്പിലാണ് ഖത്തർ കീഴടങ്ങിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് ഖത്തറിെൻറ പരാജയം. സ്കോർ 25–23, 25–19, 25–18.
ഹാൻഡ്ബോളിൽ സുവർണ പ്രതീക്ഷയുമായി ഖത്തർ ഇന്നിറങ്ങും. കലാശപ്പോരാട്ടത്തിൽ ബഹ്റൈനിനെയാണ് അന്നാബികൾ എതിരിടുന്നത്. ഖത്തർ സമയം വൈകിട്ട് ആറിനാണ് ഫൈനൽ മത്സരം. ദക്ഷിണ കൊറിയയെ 27–20 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഖത്തർ അന്തിമ അങ്കത്തിന് കച്ച മുറുക്കുന്നത്. അഞ്ച് സ്വർണം, നാല് വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ 12 മെഡലുകളുമായി 14ാം സ്ഥാനത്താണ് മെഡൽപട്ടികയിൽ ഖത്തറിെൻറ സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.