ഏഷ്യൻ ഗെയിംസ്: പൊന്നിൻ തിളക്കത്തിൽ ഖത്തർ
text_fieldsദോഹ: ഷൂട്ടിങ് റേഞ്ചിൽ തുടങ്ങിയ മെഡൽവേട്ടക്കു പിന്നാലെ, ഏഷ്യൻ ഗെയിംസിൽ ഖത്തറിന് ആദ്യ സ്വർണം. ബീച്ച് വോളിയിൽ രാജ്യത്തിന്റെ സൂപ്പർതാരങ്ങളായ ഷെരിഫ് യൂനുസ്, അഹമ്മദ് ടിജാൻ സഖ്യമാണ് ഉജ്ജ്വല പോരാട്ടത്തിലൂടെ ഖത്തറിലേക്ക് ആദ്യ സ്വർണമെത്തിച്ചത്. വ്യാഴാഴ്ച നടന്ന ഫൈനലിൽ ചൈനയുടെ ഹാ ലികെജിയാങ്, വു ജിയാസിൻ സഖ്യത്തെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ കീഴടക്കുകയായിരുന്നു. സ്കോർ: 22-20, 21-16. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ഖത്തർ സഖ്യത്തിന്റെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണനേട്ടമാണിത്. 2018 ജകാർത്ത ഏഷ്യൻ ഗെയിംസിലും ഇവരുടെ ടീം തന്നെയായിരുന്നു ഖത്തറിനായി സ്വർണം നേടിയത്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും നേടി.
ഷൂട്ടിങ് റേഞ്ചിൽനിന്ന് രണ്ടു ദിവസത്തിനിടെ മൂന്ന് മെഡലുകൾ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഖത്തറിന് ആദ്യ സ്വർണമെത്തിയത്. സ്കീറ്റ് വ്യക്തിഗത ഇനത്തിൽ നാസർ അൽ അതിയ്യ വെങ്കലവും, ടീം ഇനത്തിൽ വെള്ളിയും നേടിയിരുന്നു. കഴിഞ്ഞ ദിവസം മിക്സഡ് ടീം ഇനത്തിൽ റീം അൽ ഷർസാനി, റാഷിദ് സാലിഹ് ഹമദ് എന്നിവർ വെങ്കലം നേടി. പുരുഷ ഹാൻഡ്ബാളിൽ പ്രാഥമിക റൗണ്ടിൽ ഗ്രൂപ് ജേതാക്കളായ ഖത്തർ ടീം മെയിൻ റൗണ്ടിൽ ജപ്പാൻ, ചൈന, കസാഖ്സ്താൻ ടീമുകൾക്കൊപ്പം മാറ്റുരക്കും. പ്രാഥമിക റൗണ്ടിൽ ദക്ഷിണ കൊറിയ, ഹോങ്കോങ് ടീമുകൾക്കെതിരെ അനായാസമായിരുന്നു ഖത്തറിന്റെ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.