ഏഷ്യൻ ഗെയിംസ്: 180 അംഗ സംഘവുമായി ഖത്തർ
text_fieldsദോഹ: സെപ്റ്റംബർ 23 മുതൽ ചൈനയിലെ ഹാങ്ഷുവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന് 180 അംഗ സംഘവുമായി ഖത്തർ ഒരുങ്ങുന്നു. പുരുഷ, വനിത വിഭാഗങ്ങളിലായി 27 ഇനങ്ങളിൽ ഖത്തർ മാറ്റുരക്കുമെന്ന് ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ഷൂട്ടിങ്, അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ബോക്സിങ്, ചെസ്, സൈക്ലിങ്, ഇ-സ്പോർട്സ്, എക്വസ്ട്രിയൻ, ഫുട്ബാൾ, ഫെൻസിങ്, ജിംനാസ്റ്റിക്സ്, ഗോൾഫ്, ഹാൻഡ്ബാൾ, ജുജി കരാട്ടേ, സെയ്ലിങ്, സ്ക്വാഷ്, നീന്തൽ, ടെന്നിസ്, തൈക്വാൻഡോ, ട്രയാത്ലൺ, ടി.ടി, വോളിബാൾ, ബാസ്കറ്റ്ബാൾ ത്രീ ഓൺ ത്രി, ബീച്ച് വോളി, വെയ്റ്റ് ലിഫ്റ്റിങ്, ആർച്ചറി തുടങ്ങിയ ഇനങ്ങളിൽ ഖത്തറിനായി താരങ്ങൾ മാറ്റുരക്കും. ഖത്തർ അണ്ടർ 23 ടീമാണ് ഫുട്ബാളിൽ മത്സരിക്കുന്നത്. ജപ്പാൻ, ഫലസ്തീൻ എന്നിവർക്കൊപ്പം ഗ്രൂപ് ‘എ’യിലാണ് ടീം.
2018ൽ ജകാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ആറ് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി 15ാം സ്ഥാനത്തായിരുന്ന ഖത്തർ ഇത്തവണ മികച്ച താരങ്ങളുമായി വിവിധ ഇനങ്ങളിൽ കുതിച്ചു കയറാനുള്ള തയാറെടുപ്പമായാണ് പുറപ്പെടുന്നത്.
താരങ്ങൾക്ക് പൂർണ പിന്തുണയുമായി ഖത്തർ ഒളിമ്പിക് കമ്മിറ്റിയും രംഗത്തുണ്ട്. വിവിധ രാജ്യങ്ങളിലായി പരിശീലനം നടത്തുന്ന കായിക താരങ്ങൾക്ക് ജനറൽ സെക്രട്ടറി ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ വിജയാശംസകൾ നേർന്നു. അത്ലറ്റിക്സിലും മികച്ച പ്രതീക്ഷയോടെയാണ് ഖത്തർ ഇറങ്ങുന്നത്. വിവിധ ട്രാക്ക് ഇനങ്ങളിലും ഫീൽഡ് ഇനങ്ങളിലും മികച്ച താരങ്ങൾ തന്നെ ഖത്തറിന്റെ മെറൂൺ കുപ്പായത്തിൽ മത്സരിക്കും.
രണ്ടുവർഷം മുമ്പ് ദോഹയിൽ അപകടത്തിൽ മരിച്ച അബ്ദുല്ല ഹാറൂൺ ജകാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും 4-400 മീ. റിലേയിലും ഖത്തറിനായി സ്വർണം നേടിയിരുന്നു. 2014 വുഹാൻ ഏഷ്യൻ ഗെയിംസിൽ 10 സ്വർണവും നാല് വെങ്കലവുമായിരുന്നു ഖത്തറിന്റെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.